
പോലീസ് ഇന്ന് അര്‍ജുന്റെ കുടുംബത്തിന്റെ മൊഴി രേഖപ്പെടുത്തും. കുറ്റക്കാര്‍ക്കെതിരെ ശക്തമായ നടപടിയുണ്ടാകുമെന്ന് പോലീസ് അറിയിച്ചു. സോഷ്യല്‍ മീഡിയ അക്കൗണ്ടുകളും അന്വേഷണ സംഘം പരിശോധിക്കും. അര്‍ജുന്റെ ഭാര്യ കൃഷ്ണ പ്രിയ, സഹോദരി അഞ്ജു, സഹോദരീ ഭര്‍ത്താവ് ജിതിന് എന്നിവര്‍ നേരിട്ടെത്തിയാണ് സിറ്റിപോലീസ് കമ്മീഷണര്‍ക്ക് പരാതി നല്‍കിയത്. കുടുംബത്തിന്റെ വൈകാരികതയെ മനാഫ് ചൂഷണം ചെയ്യുകയാണെന്നടക്കമുള്ള ആരോപണങ്ങളുമായി ബുധനാഴ്ച കുടുംബം വാര്‍ത്താസമ്മേളനം നടത്തിയിരുന്നു. ഇതിനുശേഷമാണ് അര്‍ജുന്റെ കുടുംബത്തിനു നേരെ സോഷ്യല്‍ മീഡിയയിലൂടെ വ്യാപകമായ ആക്രമണമുണ്ടായത്. അര്‍ജുന്റെ വിഷയത്തില്‍ മുതലെടുപ്പ് നടത്തിയിട്ടില്ലെന്ന് വ്യക്തമാക്കി മനാഫ് ഇന്നലെ രംഗത്തെത്തിയിരുന്നു. ചില പരിപാടിയില്‍ പങ്കെടുക്കാന്‍ പോകുമ്പോള്‍ തരുന്ന പണം അര്‍ജുന്റെ മകന് കൊടുക്കാന്‍ ആഗ്രഹിച്ച് പോയതാണ് ഞാന്‍ ചെയ്ത തെറ്റെന്നും മനാഫ് വ്യക്തമാക്കിയിരുന്നു.
അര്‍ജുന്റെ കുടുംബത്തോട് മനാഫ് നിരുപാധികം മാപ്പു പറഞ്ഞു. അര്‍ജുന്റെ കുടുംബത്തിനെതിരായ നടക്കുന്ന സൈബര്‍ ആക്രമണങ്ങള്‍ ഉണ്ടാകരുതെന്നും ഇത്തരം വിവാദങ്ങള്‍ അവസാനിപ്പിക്കണമെന്നും മനാഫ് ആവശ്യപ്പെട്ടിരുന്നു
അതേസമയം, വിവാദങ്ങള്‍ക്ക് പിന്നാലെ മനാഫിന്റെ യൂട്യൂബ് ചാനലില്‍ സബ്സ്ക്രൈബേഴ്സിന്റെ എണ്ണം കുതിച്ചുയരുകയാണ്. അര്‍ജുന്റെ കുടുംബത്തിന്റെ വാര്‍ത്താ സമ്മേളനത്തിന് മുമ്പ് പതിനായിരം ആയിരുന്നു സബ്സ്ക്രൈബേഴ്സ്. ഇപ്പോള്‍ അത് രണ്ടര ലക്ഷം പിന്നിട്ടിരിക്കുകയാണ്.