കുറ്റ്യാടി: കുറ്റ്യാടി പുഴയിൽ രണ്ട് വിദ്യാർത്ഥികൾ മുങ്ങിമരണപ്പെട്ടത്തിന്റെ പശ്ചാത്തലത്തിൽ പുഴയിൽ അടിയന്തരമായി സുരക്ഷാ ക്രമീകരണങ്ങൾ ഒരുക്കണമെന്ന് മുൻ കുറ്റ്യാടി എം.എൽ.എ പാറക്കൽ അബ്ദുല്ല ആവശ്യപ്പെട്ടു. മരണപ്പെട്ട കുറ്റ്യാടി ഗവ. ഹയർ സെക്കണ്ടറി സ്കൂൾ പത്താം ക്ലാസ് വിദ്യാർത്ഥികളായിരുന്ന പാറക്കടവിലെ
കുളമുള്ളകണ്ടി മുഹമ്മദ് റിസ്വാൻ, കൊളായിപ്പൊയിൽ മുഹമ്മദ് സിനാൻ എന്നിവരുടെ വീടുകൾ സന്ദർശിച്ച ശേഷം മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
കുറ്റ്യാടി പുഴയിൽ മുങ്ങിമരണങ്ങൾ പതിവാകുന്ന സാഹചര്യത്തിൽ ഇനിയൊരു ജീവൻ നഷ്ടപ്പെടാതിരിക്കാനുള്ള സുരക്ഷാ ക്രമീകരണങ്ങൾ അധികാരികൾ ഉറപ്പ് വരുത്തേണ്ടതുണ്ട്. കുറ്റ്യാടി പുഴയിൽ അടിയന്തിരമായി സംരക്ഷണ ഭിത്തി കെട്ടിപൊക്കുകയും അതിനു
മുകളിൽ കമ്പി വേലി സ്ഥാപിക്കുകയും ചെയ്യണമെന്നും പാറക്കൽ അബ്ദുല്ല ആവശ്യപ്പെട്ടു. ഇതിനു പുറമെ പുഴയിൽ ഇറങ്ങാനുള്ള പ്രത്യേക എൻട്രി പോയിന്റുകൾ സ്ഥാപിക്കുകയും കടവിലേക്ക് ഇറങ്ങാനുള്ള സ്റ്റെപുകൾ നിർമിക്കുകയും വേണമെന്നും അദ്ദേഹം കൂട്ടിചേർത്തു. മുസ്ലിം ലീഗ് നേതാക്കളായ ആനേരി നസീർ, അസീസ് നരിക്കിലകണ്ടി, ഷൈജൽ സി. കെ, റഫീഖ് കെ. പി, മനാഫ് ഊരത്ത് എന്നിവർ കൂടെയുണ്ടായിരുന്നു.