തിരുവനന്തപുരം: വയനാട് ദുരന്തത്തിൽ മാതാപിതാക്കളും മറ്റു കുടുംബാംഗങ്ങളും നഷ്ടപ്പെട്ട ശ്രുതിക്ക് സര്‍ക്കാര്‍ ജോലി നല്‍കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ വാര്‍ത്താസമ്മേളനത്തിൽ പറഞ്ഞു. ഷിരൂരില്‍ മണ്ണിടിച്ചിലിൽ മരിച്ച അര്‍ജുന്റെ കുടുംബത്തിന് ഏഴു ലക്ഷം നല്‍കും. വയനാട് ദുരന്തത്തിൽ കേന്ദ്രത്തിനെതിരെയും മുഖ്യമന്ത്രി വിമര്‍ശനം ഉന്നയിച്ചു. ഫലപ്രദമായ സഹായം ഇതുവരെ കിട്ടിയിട്ടില്ലെന്ന് മുഖ്യമന്ത്രി പറഞ്ഞു. 140.6 കോടി ആദ്യ ഗഡു നേരത്തെ നല്‍കിയതാണ്. ഇതുവരെ
അനുവദിച്ചത് സാധാരണ ഗതിയിലുള്ള സഹായം മാത്രമാണ്. പ്രത്യേക സഹായം ഇതുവരെ കിട്ടിയില്ല. കൂടുതൽ സഹായം കേന്ദ്രത്തോട് വീണ്ടും ആവശ്യപ്പെടും. വയനാട് ദുരന്തത്തിൽ മാതാപിതാക്കള്‍ രണ്ടു പേരും നഷ്ടപ്പെട്ട കുട്ടികള്‍ക്ക് പത്ത് ലക്ഷം നല്‍കും. മാതാപിതാക്കളില്‍ ഒരാള്‍ നഷ്ടപ്പെട്ട കുട്ടികള്‍ക്ക് അഞ്ച് ലക്ഷം നല്‍കും. വയനാട് മുണ്ടക്കൈ ഉരുള്‍പൊട്ടലിലെ ദുരന്ത ബാധിതരുടെ പുനരധിവാസത്തിനായി മാതൃക ടൗൺ ഷിപ് ഉണ്ടാക്കും.മേപാടി നെടുമ്പാല, കല്‍പ്പറ്റ എല്‍സ്റ്റണ്‍ എസ്റ്റ്റേറ്റ് എന്നീ രണ്ട് സ്ഥലങ്ങൾ ആണ്
ടൗൺ ഷിപ്പ് പരിഗണിക്കുന്നത്. നിയമ വശം പരിശോധിക്കും. ആദ്യ ഘട്ടത്തിൽ വീടും സ്ഥലവും നഷ്ടപ്പെട്ടവരെപുനരധിവസിപ്പിക്കുമെന്നും മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. വയനാട് ദുരന്തത്തിൽ കുടുംബാംഗങ്ങളെ നഷ്ടപ്പെട്ട ശ്രുതിയുമായി വിവാഹം നിശ്ചയിച്ചിരുന്ന ജെൻസണ് കഴിഞ്ഞമാസം വാഹനാപകടത്തിൽ മരിച്ചിരുന്നു. പൂരം കലക്കൽ ക്രൈം ബ്രാഞ്ച് മേധാവിയുടെ നേതൃത്വത്തിൽ പ്രത്യേക സംഘം അന്വേഷിക്കുമെന്ന് മുഖ്യമന്ത്രി പറഞ്ഞു. വിവിധ വകുപ്പ് ഉദ്യോഗസ്ഥരുടെ വീഴ്ചയിൽ ഇന്റലിജിൻസ് എഡിജിപിയെ ചുമതലപ്പെടുത്തും. എഡിജിപി അജിത് കുമാറിന്റെ വീഴ്ച്ച ഡിജിപി റിപ്പോർട്ട് ചെയ്തു. ഇതിൽ വിശദ പരിശോധനക്ക് ഡിജിപിയെ ചുമതലപ്പെടുത്തിയെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു. അതേസമയം, പിവി അൻവറിന്റെ
ആരോപണങ്ങളെ അര്‍ഹിച്ച അവജ്ഞയോടെ തള്ളികളയുകയാണെന്നും മുഖ്യമന്ത്രി പറഞ്ഞു. പി വി അൻവറിന്റെ ലക്ഷ്യം സിപിഐഎമ്മും എൽഡിഎഫ് സർക്കാരുമാണ്. അൻവര്‍ എന്ന് പറഞ്ഞപ്പോള്‍ ചിരിച്ചുകൊണ്ടാണ് മുഖ്യമന്ത്രിയുടെ മറുപടി. അൻവര്‍ എംഎല്‍എയാണ്. എംഎല്‍എ എന്ന നിലയ്ക്ക് ആരോപണങ്ങള്‍ ഗൗരവമായി എടുത്തിരുന്നു. അതിന്റെ ഭാഗമായി അന്വേഷണത്തിന് സംവിധാനമൊരുക്കി. അന്വേഷണം നടക്കുന്നതിനിടെയാണ് അൻവര്‍ മാറി മാറി വന്നത്. അത് നേരെ ഇപ്പോള്‍ എൽഡിഎഫില്‍ നിന്ന് വിടുന്നുവെന്ന ഘട്ടത്തിലെത്തി. തെറ്റായ രീതിയിൽ കാര്യങ്ങള്‍ അവതരിപ്പിക്കാനുള്ള ശ്രമം നടന്നു. ഇനിയിപ്പോ അൻവര്‍ പുതിയ പാര്‍ട്ടി രൂപീകരിച്ചാൽ അതിനെയും നേരിട്ട് പോകുമെന്നും മുഖ്യമന്ത്രി പറഞ്ഞു.