വടകര: അനീതിക്കും കൊള്ളരുതായ്മകള്‍ക്കും ചൂഷണത്തിനുമെതിരെ പോരാടിയ സൗമ്യനായ കമ്യൂണിസ്റ്റാണ് ഇന്നലെ വിടവാങ്ങിയ ചോറോട്ടെ ടി.വി.ബാലന് മാസ്റ്റര്‍. ജീവിത്തിന്റെ സമസ്ത മേഖലയിലും കൈയ്യൊപ്പ് ചാര്‍ത്തിയാണ് അദ്ദേഹത്തിന്റെ മടക്കം.
അറിവ് നേടി അറിവ് പകര്‍ന്ന അധ്യാപക ജോലിക്കൊപ്പം രാഷ്ട്രീയ-സാമൂഹിക-സാംസ്കാരിക-സാഹിത്യരംഗത്തും നിറഞ്ഞുനിന്ന ബാലന്‍മാസ്റ്റര്‍ വിശുദ്ധിയുള്ളതും ആദര്ശനിഷ്ടവുമായ പൊതുജീവിതം നയിച്ചു. സിപിഎം നേതാവെന്ന നിലയില്‍ 12 വര്‍ഷത്തോളം ചോറോട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പദം അലങ്കരിച്ചു. ചോറോട് പഞ്ചായത്തിലെ ഏത് വിഷയത്തിലും സജീവമായി ഇടപെടുകയും പ്രശ്നങ്ങള്‍ക്ക് പരിഹാരം കാണാന്‍ പരിശ്രമിക്കുകയും ചെയ്തു. ഗൗരവമേറിയ വായനയും തിളക്കമുള്ള പ്രസംഗവുമെന്ന നിലയില്‍ പാര്‍ട്ടി വേദികളില്‍ വേറിട്ടു നിന്നു.
പാവപ്പെട്ടവര്‍ക്ക് കിടപ്പാടത്തിനായി കുടികിടപ്പ് സമരം ശക്തമായ അവസരത്തില്‍ സജീവമായി നിലയുറപ്പിച്ചു. വള്ളിക്കാട് കുടികിടപ്പ് സമര കാലത്ത് സിപിഎം ചോറോട് ലോക്കല്‍ സെക്രട്ടറിയായിരുന്നു. വലതുപക്ഷക്കാരുടെ വിമോചന സമരവേളയില്‍ ചെറുപ്രായത്തില്‍ അദ്ദേഹം റൈവല്‍ സ്കൂള്‍ അധ്യാപകനായി പ്രവര്‍ത്തിച്ചത് തിളങ്ങുന്ന അധ്യായമായി. 1962 മുതല്‍ കമ്യൂണിസ്റ്റ് പാര്‍ട്ടി അംഗമായ ടി.വി.ബാലന് ഒഞ്ചിയം ഏരിയാ കമ്മിറ്റി അംഗമായിരുന്നിട്ടുണ്ട്. വിട പറയുമ്പോള്‍ ചോറോട് ബ്രാഞ്ച് അംഗമാണ്. കര്‍ഷക സംഘം ഏരിയാ പ്രസിഡന്റ്, കെഎസ്വൈഎഫ് താലൂക്ക് പ്രസിഡന്റ്, ജില്ലാ കമ്മറ്റിയംഗം എന്നീ നിലകളിലും പ്രവര്‍ത്തിച്ചു. മലയാളം ഭാഷാപണ്ഡിറ്റായ ടി.വി.ബാലന് മുട്ടുങ്ങല്‍ സൗത്ത് യുപി സ്കൂള്‍ അധ്യാപകനെന്ന നിലയിലും മികച്ച പ്രഭാഷകനെന്ന നിലയിലും അറിയപ്പെട്ടു. സാംസ്കാരിക-കലാ രംഗത്തും തിളങ്ങി. കവിതകള്‍ രചിച്ചതിനു പുറമെ നിരവധി നാടകങ്ങള്‍ക്ക് ഗാനരചന നിര്‍വഹിക്കുകയും അഭിനയിക്കുകയും ചെയ്തു. പുരോഗമന കലാസാഹിത്യ സംഘവുമായി നിരന്തരം ബന്ധപ്പെട്ട് പ്രവര്‍ത്തിച്ചു. ദേശാഭിമാനി സ്റ്റഡി സര്‍ക്കിള്‍, പുരോഗമന കലാസാഹിത്യ സംഘം എന്നിവയുടെ താലൂക്ക് ഭാരവാഹിയായിരുന്നു. ചോറോട് ജനശക്തി തിയറ്റേഴ്സിന്റെ പ്രസിഡന്റാണ്. ഗ്രന്ഥശാല പ്രസ്ഥാനത്തിന്റെ പ്രധാന സംഘാടകനുമായി.
ഇന്നലെ വൈകുന്നേരമായിരുന്നു എണ്‍പത്തിയഞ്ചുകാരനായ ടി.വി.ബാലന് മാസ്റ്റരുടെ അന്ത്യം. വിയോഗവാര്‍ത്തയറിഞ്ഞ് പ്രമുഖരടക്കം ഒട്ടേറെ പേര് ചോറോട് ‘ഹൃദ്യ’യില്‍ അന്ത്യോപചാരം അര്‍പിക്കാനെത്തി. വ്യാഴാഴ്ച രാവിലെ വന്‍ജനാവലിയുടെ സാന്നിധ്യത്തില്‍ മൃതദേഹം വീട്ടുവളപ്പില്‍ സംസ്കരിച്ചു.