ബെയ്റൂട്ട്: ഹിസ്ബുള്ളക്കെതിരായ യുദ്ധത്തില്‍ ഇസ്രായേലിന്റെ എട്ട് സൈനികര്‍ കൊല്ലപ്പെട്ടു. ലെബനനിലെ ഇസ്രായേലിന്റെ ഗ്രൗണ്ട് ഓപ്പറേഷന്റെ രണ്ടാം ദിവസമാണ് അപ്രതീക്ഷിത തിരിച്ചടി നേരിട്ടത്.
ഒരു കെട്ടിടത്തില്‍ വെടിവയ്പ്പിനെ തുടര്‍ന്ന് പരിക്കേറ്റവരെ രക്ഷിച്ചെടുക്കുന്നതിനിടെ, ഹിസ്ബുള്ള പോരാളികള്‍ സൈനികര്‍ക്ക് നേരെ വെടിയുതിര്‍ക്കുകയായിരുന്നു. ഇതില്‍ ആറു പേര് കൊല്ലപ്പെട്ടു. മറ്റൊരു സംഭവത്തില്‍ രണ്ട് സൈനികര്‍ക്ക് ജീവഹാനി നേരിട്ടു. കെട്ടിടത്തിലെ ഹിസ്ബുള്ള സംഘത്തെ നേരിടുകയും അവരുമായി വെടിവയ്പ്പ് നടത്തുകയും ചെയ്തു. നിമിഷങ്ങള്‍ക്കകം ചുറ്റുമുള്ള പ്രദേശത്ത് ഏറ്റുമുട്ടലുകളുടെ പരമ്പര തന്നെ ആയിരുന്നു. ഡസന്‍ കണക്കിന് ഹിസ്ബുള്ള പോരാളികള്‍ വെടിയുതിര്‍ക്കുകയും ടാങ്ക് വിരുദ്ധ മിസൈലുകള്‍ തൊടുത്തുവിടുകയും ഇസ്രായേലി സൈനികര്‍ക്ക് നേരെ മോര്‍ട്ടാര്‍ വിക്ഷേപിക്കുകയും ചെയ്തു. ഇതിനിടയിലാണ് മരണം.
ക്യാപ്റ്റന്‍ ഈറ്റന്‍ ഇറ്റ്സാക്ക് ഓസ്റ്റര്‍, ക്യാപ്റ്റന്‍ ഹരേല്‍ എറ്റിംഗര്‍, ക്യാപ്റ്റന്‍ ഇറ്റായി ഏരിയല്‍ ഗിയറ്റ്, സര്‍ജന്റ് ഫസ്റ്റ് ക്ലാസ് നോം ബാര്‍സിലേ, സര്‍ജന്റ് ഫസ്റ്റ് ക്ലാസ് ഓര് മന്റ്സൂര്‍, സര്‍ജന്റ് ഫസ്റ്റ് ക്ലാസ് നസാര്‍ ഇറ്റ്കിന്‍, സ്റ്റാഫ് സെര്‍ജന്റ് അല്‍മ്കെന്‍ ടെറഫ്, സ്റ്റാഫ് സര്‍ജന്റ് ഇഡോ ബ്രോയര്‍ എന്നിവരാണ് തെക്കന്‍ ലെബനനിലെ കരയുദ്ധത്തില്‍ കൊല്ലപ്പെട്ടത്. അതേസമയം, വ്യോമാക്രമണത്തില്‍ ഹിസ്ബുല്ലയുടെ ആസ്ഥാനം, ആയുധ സംഭരണ കേന്ദ്രങ്ങള്‍, റോക്കറ്റ് ലോഞ്ചറുകള്‍ എന്നിവ തകര്‍ത്തെന്ന് ഇസ്രായേല്‍ അറിയിച്ചു. പ്രദേശത്ത് 20 ലധികം ഹിസ്ബുള്ള സേനാ അംഗങ്ങളെ കൊലപ്പെടുത്തിയതായാണ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.
ഇസ്രായേലും ഹിസ്ബുള്ളയും തമ്മില്‍ കനത്ത കരയുദ്ധമാണ് ലബനില്‍ നടക്കുന്നത്. വ്യോമാക്രമണത്തിനു പിന്നാലെയാണ് ഇസ്രായേല്‍ കരയുദ്ധത്തിലേക്ക് നീങ്ങിയത്. ലബനന് അതിര്‍ത്തി കടന്നെത്തിയ ഇസ്രായേലിനെ ഹിസ്ബുള്ള വിറപ്പിക്കുന്നുണ്ടെങ്കിലും ഇസ്രായേല്‍ തിരിച്ചടിക്കുകയാണ്. നൂറുകണക്കിന് ആളുകള്‍ക്കാണ് ലബനനില്‍ ജീവഹാനി ഉണ്ടായത്. ഇതോടൊപ്പം ജനങ്ങള്‍ക്ക് വീട് വിട്ട് ഓടേണ്ടിയും വന്നിരിക്കുകയാണ്.