കോഴിക്കോട്: എല്‍ഡിഎഫ് എംഎല്‍എ പി.വി.അന്‍വര്‍ ഉയര്‍ത്തിയ പ്രശ്നങ്ങള്‍ക്ക് യുക്തിസഹമായ മറുപടി പറയുന്നതിനുപകരം ഉരുക്കു മുഷ്ടി ഉപയോഗിച്ച് അന്‍വറിനെ നേരിടുമെന്ന സിപിഎം നേതൃത്വത്തിന്റെ പ്രഖ്യാപനം പരിഹാസ്യമാണെന്ന് ആര്‍എംപിഐ. സംസ്ഥാന സെക്രട്ടറി എന്‍.വേണു വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. ഭരണമുന്നണിയെ പിന്തുണക്കുന്ന എംഎല്‍എക്കു പോലും അംഗീകരിക്കാനാകാത്ത കെടുകാര്യസ്ഥതയും അഴിമതിയും ജനവിരുദ്ധതയുമാണ് പിണറായി മന്ത്രിസഭ നടപ്പാക്കുന്നത് എന്നത് ജനങ്ങള്‍ ഗൗരവ പൂര്‍വ്വം കാണേണ്ടതുണ്ട്. പി.വി.അന്‍വറിനെ നേരിടാന്‍ മലപ്പുറം ജില്ല ദേശവിരുദ്ധ പ്രവര്‍ത്തനങ്ങളുടെ കേന്ദ്രമാണെന്ന സംഘപരിവാര്‍ പ്രചരണം മുഖ്യമന്ത്രി തന്നെ പരസ്യമായി ഏറ്റെടുത്തത് മതനിരപേക്ഷവാദികളെ അമ്പരപ്പിക്കുന്നതാണ്. സ്വര്ണകള്ളക്കടത്തുകാരില് നിന്നും ഹവാല ഇടപാടുകളില്‍ നിന്നും ലഭിക്കുന്ന പണം ദേശദ്രോഹ പ്രവര്‍ത്തനത്തിന് ഉപയോഗിക്കും എന്ന് മുഖ്യമന്ത്രി പറഞ്ഞത് ആര്‍എസ്എസുമായുള്ള രാഷ്ട്രീയ ഐക്യത്തിന്റെ ഭാഗമാണ് എന്നുള്ളതില്‍ ഒരു സംശയവുമില്ല. ഇക്കാര്യത്തില്‍ വ്യാപകമായ എതിര്‍പ്പുയര്‍ന്നപ്പോള്‍ അത് പിആര്‍ ഏജന്‍സിയുടെ തലയിലിട്ട് രക്ഷപ്പെടാനാണ് മുഖ്യമന്ത്രിയും ഹിന്ദു പത്രവും തയ്യാറായത്. മുഖ്യമന്ത്രിയുടെ അഭിമുഖം അദ്ദേഹത്തിന്റെ സമ്മതമില്ലാതെ ഹിന്ദു ദിനപത്രം പ്രസിദ്ധീകരിച്ചു എന്നു വിശ്വസിക്കുക ബുദ്ധിമുട്ടാണ്. ഹിന്ദുവിന്റെ റിപ്പോര്‍ട്ടര്‍ ശോഭനാ നായരുടെ പേരിലാണ് ഈ റിപ്പോര്‍ട്ട് പ്രസിദ്ധീകരിച്ചത്. മുന്‍ എസ്എഫ്ഐ നേതാവ് എന്‍.റാം എഡിറ്റര്‍ ആയിരുന്ന പത്രം സിപിഎമ്മുമായി അങ്ങേയറ്റം ബന്ധം നിലനിര്‍ത്തുന്നതാണ്. അതുകൊണ്ടാണ് പിആര്‍ ഏജന്‍സിയുടെ തലയില്‍ ഇട്ടു രക്ഷപ്പെടാന്‍ ഹിന്ദു പത്രത്തിന്റെ അധികാരികള്‍ ശ്രമിച്ചത്.
മുഖ്യമന്ത്രിയുടെ താല്പര്യപ്രകാരമാണ് എഡിജിപി അജിത്കുമാര്‍ ബിജെപി ആര്‍എസ്എസ് നേതാക്കളുമായി കൂടിക്കാഴ്ച നടത്തിയതും തൃശൂര്‍പൂരം അലങ്കോലമാക്കി ബിജെപി സ്ഥാനാര്‍ഥിക്ക് ജയസാധ്യത ഉറപ്പിച്ചതും എന്നത് വ്യക്തമാണ്. എഡിജിപി അജിത്കുമാറിനെ സംരക്ഷിക്കുന്നതും തന്റെ പൊളിറ്റിക്കല്‍ സെക്രട്ടറി പി.ശശിക്കെതിരെ ഉയര്‍ന്ന ആരോപണങ്ങളില്‍ മൗനം പാലിക്കുന്നതും സംശയാസ്പദമാണ്. ഈ പ്രശ്നത്തില്‍ സിപിഐ നേതൃത്വം എത്തിയിട്ടുള്ള ദയനീയാവസ്ഥ ജനങ്ങള്‍ക്കു ബോധ്യമാണ്. ആഭ്യന്തര വകുപ്പ് പൂര്‍ണമായും പരാജയപ്പെട്ടു എന്ന പി.വി.അന്‍വറിന്റെ വസ്തുതകള്‍ നിരത്തിയുള്ള ആരോപണങ്ങള്‍ക്ക് മുന്നില്‍ വിറങ്ങലടിച്ചു നില്ക്കുന്ന മുഖ്യമന്ത്രി രാജിവച്ച് പുറത്ത് പോകേണ്ടതാണ്. പി.വി.അന്‍വര്‍ ഉന്നയിച്ച പ്രശ്നങ്ങള്‍ കേരളത്തിലെ ജനാധിപത്യ പ്രസ്ഥാനങ്ങള്‍ ഏറ്റെടുക്കുകയും വിപുലമായ ചര്‍ച്ചകള്‍ക്കും പ്രക്ഷോഭങ്ങള്‍ക്കും വിഷയമാക്കുകയും വേണമെന്ന് എന്‍.വേണു പറഞ്ഞു.