കോഴിക്കോട്: കടൽ പുറമ്പോക്ക് ഭൂമി കണ്ടെത്തി നിയമാനുസൃതം പതിച്ചുകൊടുക്കാൻ കോഴിക്കോട് ജില്ലയിലും സാധ്യതയുള്ളതായി റവന്യു മന്ത്രി കെ രാജൻ. സംസ്ഥാന സർക്കാരിൻറെ നാലാം നൂറ് ദിനാഘോഷത്തിന്റെ ഭാഗമായി നടക്കുന്ന
പട്ടയ മേളയിൽ കോഴിക്കോട് ജില്ലാതല പട്ടയമേള കോവൂർ പി കൃഷ്ണപിള്ള സ്മാരക ഓഡിറ്റോറിയത്തിൽ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു മന്ത്രി. കടൽ പുറമ്പോക്ക് ഭൂമിയിൽ എന്തെങ്കിലും ചെയ്യണമെങ്കിൽ കേന്ദ്രാനുമതി വേണം. ഇത്തരം ഭൂമിയിൽ ഉയർന്ന വേലിയേറ്റ പരിധിയിൽ നിന്ന് 100 മീറ്ററിനുള്ളിൽ പട്ടയം കൊടുക്കാൻ കഴിയില്ല എന്നാണ് നിയമം. എന്നാൽ 100 മീറ്റർ പരിധി കഴിഞ്ഞാൽ സാധിക്കും. ഈ വിധത്തിൽ
പരിശോധിച്ചപ്പോൾ കടൽ പുറമ്പോക്കായി അടയാളപ്പെടുത്തിയ തിരുവനന്തപുരം ജില്ലയിലെ 528 പട്ടയങ്ങളും കൊല്ലം ജില്ലയിൽ 350 പട്ടയങ്ങളും ഇനം മാറ്റി റവന്യു ഭൂമിയായി കണക്കാക്കാമെന്ന് കണ്ടെത്തി. ഈ സാധ്യത കോഴിക്കോട് ജില്ലയിലുമുണ്ട്, മന്ത്രി വ്യക്തമാക്കി. ഭൂമി തരംമാറ്റ അപേക്ഷകൾ ഏറ്റവും കൂടുതൽ സംസ്ഥാനത്ത് ലഭിച്ചത് കോഴിക്കോട് താലൂക്കിൽ നിന്നാണ്. അപേക്ഷകളുടെ എണ്ണം പരിഗണിച്ച് താലൂക്കിലേക്ക് ഒന്നിലേറെ ഡെപ്യൂട്ടി കളക്ടർമാരെ വേണമെന്ന് ജില്ലാ കലക്ടർ ആവശ്യപ്പെട്ടിട്ടുണ്ട്. ഇക്കാര്യം അനുഭാവപൂർവം പരിഗണിക്കും. ജില്ലയിൽ ചങ്ങരോട് ദേശത്തെ 53.66 ഏക്കർ ജാനകിവയൽ സർക്കാറിലേക്ക് ഏറ്റെടുത്തുകഴിഞ്ഞു. ഇതിൽ പട്ടയം നൽകാനുള്ള നടപടി
സ്വീകരിച്ചുവരുന്നു. ഈങ്ങാപ്പുഴ, ചെറുപ്ലാട് നിവാസികളുടെ പട്ടയപ്രശ്നം പരിഹരിക്കാനായി ചെമ്പനോട വില്ലേജിൽ 2.62 ഹെക്ടർ ഭൂമി പകരം വനംവകുപ്പിന് നൽകുന്നതിനുള്ള പദ്ധതി അവസാനഘട്ടത്തിലാണ്. മംഗലശ്ശേരി തോട്ടം പ്രദേശത്തെ ജനങ്ങളുടെ പട്ടയപ്രശ്നം പരിഹരിക്കുന്നതിൽ പകരം ഭൂമി വനം വകുപ്പിന് നൽകേണ്ടതില്ലെന്ന് ജില്ലാ കളക്ടർ റിപ്പോർട്ട് നൽകിയിട്ടുണ്ട്. കടലുണ്ടി ഫിഷ് ലാൻഡിങ് സെന്ററിനായി ഭൂമി കണ്ടെത്തിയ വകയിൽ പകരം 2.06 ഹെക്ടർ ഭൂമി വനം വകുപ്പിന് നൽകുന്നത് പരിഗണയിലാണ്.
ഈ സർക്കാർ നിലവിൽ വന്നശേഷം കോഴിക്കോട് ജില്ലയിൽ ആകെ 20,584 പട്ടയങ്ങൾ
വിതരണം ചെയ്തതായി റവന്യു മന്ത്രി പറഞ്ഞു. ജില്ലയെ സംബന്ധിച്ചു ഇത് റെക്കോർഡാണ്. ഇതിൽ ചൊവ്വാഴ്ച വിതരണം ചെയ്ത 3270 പട്ടയങ്ങളും ഉൾപ്പെടും. പട്ടയമേളയിൽ കോഴിക്കോട് കോർപ്പറേഷൻ മേയർ ബീന ഫിലിപ്പ് അധ്യക്ഷയായി. എംഎൽഎമാരായ തോട്ടത്തിൽ രവീന്ദ്രൻ, കെ പി കുഞ്ഞമ്മദ് കുട്ടി, പി ടി എ റഹീം, ലിന്റോ ജോസഫ് എന്നിവർ സംബന്ധിച്ചു. ജില്ലാ കളക്ടർ സ്നേഹിൽ കുമാർ സിംഗ് സ്വാഗതവും ഡെപ്യൂട്ടി കളക്ടർ (ലാന്റ് റവന്യു) പി എൻ പുരുഷോത്തമൻ നന്ദിയും പറഞ്ഞു.