പ്രത്യേക പ്രതിനിധി
ദോഹ: ലബനനിലെ സായുധ സംഘമായ ഹിസ്ബുള്ളയെ വിറപ്പിച്ചതിനു പിന്നാലെ ഇസ്രായേലിന്റെ അടുത്ത ലക്ഷ്യം യെമനിലെ ഹൂതികള്‍. ഹിസ്ബുള്ളയെ പോലെ ഇറാന്റെ പിന്തുണയോടെ പ്രവര്‍ത്തിക്കുന്നവരാണ് യെമനിലെ ഹൂതികള്‍. ഇവരുടെ സ്വാധീന മേഖലയിലാണ് ഇസ്രായേല്‍ ഞായറാഴ്ച കനത്ത ബോംബാക്രമണം നടത്തിയത്. ഇതിലൂടെ ഇറാനു താക്കീതു നല്‍കുകയാണ് ഇസ്രായേല്‍. ലോകത്ത് എവിടെയും തങ്ങള്‍ക്ക് അക്രമം നടത്താന്‍ കഴിയുമെന്ന് കഴിഞ്ഞ ദിവസം ഇസ്രായേല്‍ മുന്നറിയിപ്പ് നല്‍കിയിരുന്നു.
രണ്ടാഴ്ചയ്ക്കിടെ ഹൂതികള്‍ ഇസ്രായേലിന് നേരെ മൂന്ന് മിസൈലുകള്‍ തൊടുത്തുവിട്ടതിന് തിരിച്ചടിയായി ഞായറാഴ്ച യെമനില്‍ ഇസ്രായേല്‍ സൈന്യം വ്യോമാക്രമണം നടത്തി. പശ്ചിമ യെമനില്‍ ഹൂതികളുടെ നിയന്ത്രണത്തിലുള്ള അല്‍ഹുദൈദയില്‍ തുറമുഖത്തിനും വൈദ്യുതി നിലയത്തിനും നേരെ ഇസ്രായേല്‍ യുദ്ധവിമാനങ്ങള്‍ വ്യാപക ആക്രമണമാണ് നടത്തിയത്. ഹുദൈദയിലെ റാസ് ഈസ തുറമുഖത്തെ എണ്ണ സംഭരണികള്‍ ലക്ഷ്യമിട്ടും ആക്രമണമുണ്ടായി.
യെമനിലെ ആക്രമണം ഇറാനുള്ള സന്ദേശമാണെന്നും ഇറാനിലെവിടെയും ആക്രമണം നടത്താന്‍ തങ്ങള്‍ക്ക് കഴിയുമെന്ന മുന്നറിയിപ്പാണ് ഇതിലൂടെ ഇറാന് നല്‍കുന്നതെന്നും ഇസ്രായേല്‍ വ്യക്തമാക്കി. ഹിസ്ബുല്ല നേതാവ് ഹസന്‍ നസ്റല്ലയുടെ രക്തം പാഴായിപ്പോകില്ലെന്ന് ഹൂതി നേതാവ് ശനിയാഴ്ച പറഞ്ഞിരുന്നു. ഹൂതികളുടെ ദിവസം വരാനിരിക്കുന്നുവെന്നാണ് ഇതിനുള്ള ഇസ്രായേല്‍ മറുപടി. ഇറാനില്‍ നിന്നുള്ള യുദ്ധോപകരണങ്ങള്‍, സൈനിക സാമഗ്രികള്‍, എണ്ണ എന്നിവ ഇറക്കുമതി ചെയ്യാന്‍ ഉപയോഗിക്കുന്നതായി അവകാശപ്പെടുന്ന ഹൊദൈദ പ്രവിശ്യയിലെ പവര്‍ സ്റ്റേഷനുകളും തുറമുഖവും ആക്രമിക്കുന്നതില്‍ ഡസന്‍ കണക്കിന് വിമാനങ്ങള്‍ പങ്കെടുത്തതായി സൈന്യം പ്രസ്താവനയില്‍ പറഞ്ഞു.
റാസ് അല്‍-ഇസ്സ തുറമുഖത്തെയും ഹൊദൈദ തുറമുഖത്തിന് സമീപമുള്ള പ്രദേശങ്ങളിലെയും എണ്ണ ഡിപ്പോകളില്‍ ആക്രമണം ഉണ്ടായതായി ഹൂതികളുമായി അഫിലിയേറ്റ് ചെയ്തിട്ടുള്ള ടിവി ചാനലായ അല്‍-മസീറ റിപ്പോര്‍ട്ട് ചെയ്തു. റാസ് അല്‍-ഇസ്സ, ഹൊദൈദ തുറമുഖങ്ങളിലെ എണ്ണ ഡിപ്പോകള്‍ മുന്‍കൂറായി കാലിയാക്കിയതായി എക്സിലെ ഒരു പോസ്റ്റില്‍ സൂചിപ്പിച്ചു.
ഇസ്രായേല്‍ ആക്രമണത്തില്‍ നാല് പേര്‍ കൊല്ലപ്പെടുകയും 40 ഓളം പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തതായും അവരില്‍ ചിലരുടെ നില ഗുരുതരമാണെന്നും ഹൂതി ആരോഗ്യ മന്ത്രാലയത്തിന്റെ വക്താവ് പറഞ്ഞു. ”ഇത് പ്രാരംഭ കണക്കാണെന്ന സന ആസ്ഥാനമായ ആരോഗ്യ മന്ത്രാലയത്തിന്റെ വക്താവ് അനിസ് അല്‍ അസ്ബാഹി പറഞ്ഞതായി ന്യൂയോര്‍ക്ക് ടൈംസ് റിപ്പോര്‍ട്ട് ചെയ്യുന്നു.
ജൂലൈ 19 ന് ഹൂതികള്‍ ടെല്‍ അവീവിലേക്ക് ഡ്രോണ്‍ ആക്രമണം നടത്തിയിരുന്നു. അത് യുഎസ് എംബസിക്ക് സമീപമുള്ള ഒരു കെട്ടിടത്തിലേക്ക് ഇടിച്ചുകയറുകയും ഒരാള്‍ കൊല്ലപ്പെടുകയും നിരവധി പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. ഒരു ദിവസത്തിനുശേഷം, ഹൂതികളുടെ നിയന്ത്രണത്തിലുള്ള ചെങ്കടല്‍ തുറമുഖമായ ഹൊദൈദയില്‍ ഇസ്രായേല്‍ യുദ്ധവിമാനങ്ങള്‍ ബോംബാക്രമണം നടത്തി. ജൂലൈയിലെ ആക്രമണത്തില്‍ മൂന്ന് പേര്‍ കൊല്ലപ്പെടുകയും 87 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തതായി ഹൂതികളുടെ നേതൃത്വത്തിലുള്ള ആരോഗ്യ മന്ത്രാലയം അറിയിച്ചു. യമന്‍ തലസ്ഥാനമായ സന, ചെങ്കടല്‍ തീരപ്രദേശം എന്നിവയുള്‍പ്പെടെ പടിഞ്ഞാറന്‍ യെമന്റെ വലിയ ഭാഗങ്ങളുടെ നിയന്ത്രണം പിടിച്ചെടുത്ത ഹൂതികള്‍ ഷിയാ മിലിഷ്യയാണ്. ഗാസയിലെ യുദ്ധത്തിന് വളരെ മുമ്പുതന്നെ ഇസ്രായേലിനോടുള്ള വിരോധം ഹൂതികള്‍ പ്രകടിപ്പിച്ചിരുന്നു. ഇസ്രായേല്‍ താല്‍പര്യങ്ങള്‍ക്കെതിരെ ഹൂതികള്‍ അപൂര്‍വ്വമായി ആക്രമണവും നടത്തിയിരുന്നു.
നവംബര്‍ മുതല്‍, ഏഷ്യയ്ക്കും യൂറോപ്പിനും മിഡില്‍ ഈസ്റ്റിനും ഇടയിലുള്ള പ്രധാന വ്യാപാര പാതയായ ചെങ്കടലില്‍ ഇസ്രായേലുമായി ബന്ധമുണ്ടെന്ന് അവകാശപ്പെടുന്ന കപ്പലുകളെ ഹൂതികള്‍ ലക്ഷ്യമിടുന്നു. ഇതിന് മറുപടിയായി യുഎസും ബ്രിട്ടനും ഇസ്രായേലിന്റെ മറ്റ് സഖ്യകക്ഷികളും യെമനിലെ ഹൂതികളുടെ ആയുധ ഡിപ്പോകള്‍ക്കും മിസൈല്‍ സംവിധാനങ്ങള്‍ക്കും റഡാര്‍ സൗകര്യങ്ങള്‍ക്കും നേരെ ആക്രമണം നടത്തി.