നിലമ്പൂര്‍: ഒരിക്കലും സിപിഎം എന്ന പാര്‍ട്ടിയേയോ സാധാരണ സഖാക്കളേയോ തള്ളിപ്പറയാന്‍ തയ്യാറാകില്ലെന്ന് പി.വി അന്‍വര്‍ എംഎല്‍എ. മുന്നണി ബന്ധം അവസാനിപ്പിച്ച ശേഷം തനിക്കെതിരെ പ്രതിഷേധ പ്രകടനം സംഘടിപ്പിച്ച സിപിഎം പ്രവര്‍ത്തകര്‍ വിളിച്ച കൊലവിളി മുദ്രാവാക്യത്തെക്കുറിച്ച് പരാമര്‍ശിക്കുകയായിരുന്നു അന്‍വര്‍. തന്റെ കയ്യും കാലും വെട്ടി പുഴയിലെറിയുമെന്ന് പറഞ്ഞ സിപിഎം പ്രവര്‍ത്തകരുടെ മുദ്രാവാക്യം വിളികള്‍ കേട്ടു. കാലു വെട്ടിയാല്‍ വീല്‍ ചെയറില്‍ വരുമെന്നും കാര്യങ്ങള്‍ ജനങ്ങളോട് പറയുമെന്നും പി.വി.അന്‍വര്‍ പറഞ്ഞു.
താന്‍ നടത്തിയ നിരവധി പോരാട്ടങ്ങള്‍ പാര്‍ട്ടിക്കും സഖാക്കള്‍ക്കും വേണ്ടിയായിരുന്നു. പാര്‍ട്ടിക്ക് വേണ്ടി നിരവധിപേരെ താന്‍ ശത്രുവാക്കിയെന്നും അന്‍വര്‍ തുറന്നടിച്ചു. പിതാവിന്റെ സ്ഥാനത്ത് കണ്ട പിണറായി തന്നെ തള്ളിപ്പറഞ്ഞാലും താന്‍ പാര്‍ട്ടിയെ തള്ളിപ്പറയാന്‍ ഒരുമ്പെടില്ലെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
താന്‍ പാര്‍ട്ടി ഉണ്ടാക്കാന്‍ ഉദ്ദേശിക്കുന്നില്ലെന്നും ജനങ്ങളൊരു പാര്‍ട്ടിയായി മാറിയാല്‍ ഒപ്പമുണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു. എന്നെ പല പാര്‍ട്ടികളിലേക്കും ക്ഷണിക്കുന്നുണ്ട്. എന്തിനാണ് ഞാനിത്ര റിസ്ക് എടുക്കുന്നുത്. എനിക്ക് എന്താണ് ലാഭം. സകല നേതാക്കന്മാരെയും നിയമസഭയ്ക്കകത്തും പുറത്തും അരച്ചുകലക്കി. ശരിയെന്ന് തോന്നുന്ന കാര്യങ്ങളില്‍ വിട്ടുവീഴ്ച ഉണ്ടാകില്ല. കള്ളക്കേസുകള്‍ കൊടുത്തു എന്റെ സ്വത്ത് ഇല്ലാതാക്കി.
പോലീസിന്റെ സ്വര്‍ണം പൊട്ടിക്കലിന് കസ്റ്റംസും കൂട്ടുനില്‍ക്കുന്നുണ്ടെന്നും കരിപ്പൂര്‍ വിമാനത്താവളം വഴി തട്ടിപ്പ് തുടങ്ങിയിട്ട് മൂന്നു വര്‍ഷമായെന്നും പി വി അന്‍വര്‍ പറഞ്ഞു. സ്വര്‍ണക്കടത്ത് വിഷയത്തില്‍ മുഖ്യമന്ത്രി തന്നെ കള്ളനാക്കാന്‍ നോക്കിയപ്പോഴാണ് താന്‍ രണ്ടും കല്‍പ്പിച്ച് ഇറങ്ങിയതെന്നും പരമാവധി തെളിവുകള്‍ ശേഖരിച്ചെന്നും അന്‍വര്‍ കൂട്ടിച്ചേര്‍ത്തു
നിലമ്പൂരില്‍ പ്രതീക്ഷിച്ചതിലും വലിയ ജനാവലിയ്ക്ക് മുന്നില്‍ പുഷ്പന് ആദരം അര്‍പിച്ചാണ് അന്‍വര്‍ പ്രസംഗം ആരംഭിച്ചത്. മുന്‍ സിപിഎം നേതാവ് ഇ.എ.സുകുവാണ് പരിപാടിക്ക് സ്വാഗതം പറഞ്ഞത്. തന്റെ പേര് അന്‍വര്‍ എന്നായതുകൊണ്ട് തന്നെ വര്‍ഗീയവാദിയാക്കാന്‍ ശ്രമം നടക്കുന്നുവെന്ന് പറഞ്ഞ അന്‍വര്‍ ഓം ശാന്തിയെന്ന് പറഞ്ഞാണ് പ്രസംഗം ആരംഭിച്ചത്. മത വിശ്വാസി ആയത് കൊണ്ട് വര്‍ഗീയ വാദി ആകില്ല. മറ്റു മതങ്ങളെ വെറുക്കുന്നവനാണ് വര്‍ഗീയ വാദിയെന്നും അന്‍വര്‍ പറഞ്ഞു. രണ്ട് മണിക്കൂറിലേറെയാണ് അദ്ദേഹം പ്രസംഗിച്ചത്.