വടകര: കൂത്തുപറമ്പ് സമര പോരാളി പുഷ്പന് വടകര യാത്രാമൊഴിയേകി. കോഴിക്കോട് നിന്ന് പുറപ്പെട്ട വിലാപയാത്ര വടകരയില്‍ എത്തിയപ്പോള്‍ പ്രവര്‍ത്തകര്‍ അനശ്വരവാക്കുകള് ഉയര്‍ത്തി മുഷ്ടിചുരുട്ടി അന്ത്യാഭിവാദ്യം അര്പിച്ചു. യുവാക്കളും മുതിര്‍ന്നവരും ഒരുപോലെ വിപ്ലവാവേശം കെടാതെ അഭിവാദ്യം നേര്‍ന്നു. ”പോരാളികളുടെ പോരാളി, ഇല്ലായില്ല മരിക്കില്ല, രക്തിസാക്ഷി മരിക്കില്ല, ജീവിക്കുന്നു ഞങ്ങളിലൂടെ, ഞങ്ങളില്‍ ഒഴുകും ചോരയിലൂടെ” എന്ന വാക്കുകള്‍ അന്തരീക്ഷത്തില്‍ മുഴങ്ങി.
കോഴിക്കോട് യൂത്ത് സെന്ററില്‍ നിന്ന് രാവിലെ എട്ടരക്കാണ് വിലാപയാത്ര ആരംഭിച്ചത്. വഴി നീളെ സിപിഎമ്മിന്റെയും ഡിവൈഎഫ്ഐയുടെയും പ്രവര്‍ത്തകര്‍ അന്ത്യാഭിവാദ്യം അര്പിക്കാന് കാത്തുനില്പുണ്ടായിരുന്നു. എലത്തൂര്‍, പൂക്കാട്, കൊയിലാണ്ടി, മൂടാടി, നന്തി, തിക്കോടി, പയ്യോളി തുടങ്ങിയ സ്ഥലങ്ങളിലെ അഭിവാദ്യത്തിന് ശേഷം വടകര പുതിയ സ്റ്റാന്റില്‍ എത്തിയപ്പോള്‍ വന്‍ജനാവലി തന്നെ കാത്തുനില്പുണ്ടായിരുന്നു. ഒട്ടേറെ നേതാക്കള്‍ പുഷ്പചക്രം അര്പിച്ചു. പിന്നീട് നാദാപുരം റോഡ്, മാഹി, മാഹിപാലം, പുന്നോല്‍ വഴി തലശേരി ടൗണ്‍ഹാളിലെത്തി. ടൗണ്‍ഹാളില്‍ പൊതുദര്‍ശനത്തിനു. ശേഷം കൂത്തുപറമ്പ്, പാനൂര്‍, പൂക്കോം, രജിസ്ട്രാപ്പീസ് വഴി ചൊക്ലി രാമവിലാസം സ്കൂളില്‍ വൈകിട്ട് നാലരവരെ പൊതുദര്‍ശനം. ചൊക്ലി മേനപ്രത്തെ വീട്ടിലേക്ക് കൊണ്ടുപോകുന്ന മൃതദേഹം അഞ്ചിന് വീട്ടുപരിസരത്ത് സംസ്കരിക്കും.