വടകര: പാഠപുസ്തകങ്ങള്‍ക്കപ്പുറം ശാസ്ത്രത്തിന്റെ അത്ഭുത ലോകം നേരിട്ട് അനുഭവിക്കാന്‍
ജില്ലയിലെ വിദ്യാര്‍ഥികള്‍ക്ക് സുവര്‍ണാവസരവുമായി വടകര പുത്തൂരിലെ ജില്ലാ വിദ്യാഭ്യാസ പരിശീലന കേന്ദ്രം (ഡയറ്റ്). ഡയറ്റ് സജ്ജമാക്കിയ സയന്‍സ്-ഗണിത-
സാമൂഹികശാസ്ത്ര വെര്‍ച്വല്‍ ലാബ് ഏപ്രില്‍, മെയ് മാസങ്ങളില്‍ സ്‌കൂള്‍ വിദ്യാര്‍ഥികള്‍ക്കായി തുറന്നു നല്‍കും. ശാസ്ത്രപഠനം വെറും മനഃപാഠമാക്കലല്ല മറിച്ച്
അതൊരു തിരിച്ചറിവാണെന്ന് ബോധ്യപ്പെടുത്തുന്ന രീതിയിലാണ് ലാബിന്റെ ക്രമീകരണം. കണ്ടും പരീക്ഷിച്ചും അനുഭവിച്ചറിയാനും സ്വന്തമായി നിര്‍മിച്ചു നോക്കാനുമെല്ലാമവസരമുണ്ട്. വെറും കാഴ്ചക്കാരല്ല, മറിച്ച് കൊച്ചു ശാസ്ത്രജ്ഞരായി ഓരോ കുട്ടിക്കും മാറാനുള്ള അവസരം ഒരുക്കിയിരിക്കുകയാണ് ഡയറ്റ്. പ്രകാശത്തിന്റെ വികിരണവും ലളിത പെന്‍ഡുലത്തിന്റെ ചലനവും മുതല്‍ ഇലക്ട്രിക് ബെല്ലിന്റെയും വിന്‍ഡ് എനര്‍ജിയുടെയും പ്രവര്‍ത്തനങ്ങള്‍ വരെ കുട്ടികള്‍ക്ക് സ്വയം പരീക്ഷിച്ചു മനസ്സിലാക്കാം. സ്വന്തമായി പൊക്കിയുയര്‍ത്തുന്ന കപ്പിയും വൃദ്ധിക്ഷയങ്ങളും മറ്റു ശാസ്ത്ര തത്വങ്ങളും ലഘുവായി മനസിലാക്കാനും കഴിയും. ഗണിതശാസ്ത്രം തലവേദനയല്ലെന്ന് തെളിയിക്കുന്ന രസകരമായ പസിലുകളും ഇന്ററാക്ടീവ് പ്രദര്‍ശനങ്ങളും ഗണിതത്തിന്റെ സൗന്ദര്യം കുട്ടികള്‍ക്ക് മുന്നില്‍ തുറന്നിടുന്നു. ഇന്ത്യന്‍ ബഹിരാകാശ നേട്ടങ്ങളുടെ നാഴിക്കല്ലായ പിഎസ്എല്‍വി യ്ക്ക് ചേര്‍ന്ന് നിന്ന് ഒരു സെല്‍ഫിയുമാവാം. ലാബിലെ ഏറ്റവും പ്രധാന ആകര്‍ഷണം വെര്‍ച്വല്‍ റിയാലിറ്റി മേഖലയാണ്. വിആര്‍ ഹെഡ് സെറ്റുകള്‍ ധരിക്കുമ്പോള്‍ സങ്കീര്‍ണമായ ശാസ്ത്ര ആശയങ്ങള്‍ തൊട്ടുമുന്നില്‍ ജീവസ്സുറ്റതായി മാറുന്ന അനുഭവം വിദ്യാര്‍ഥികളെ അമ്പരപ്പിക്കും. പ്രൈമറി, ഹൈസ്‌കൂള്‍ ക്ലാസ്സുകളിലെ ഉള്ളടക്കങ്ങളെല്ലാം വിആര്‍ ഉപയോഗിച്ച് കണ്ട് മനസ്സിലാക്കാം. കൂടാതെ ശരീരഘടനയും രക്ത ചംക്രമണവും ഡിഎന്‍എ ഘടനയുമെല്ലാം അടുത്തറിയാന്‍ സഹായിക്കുന്ന ജീവശാസ്ത്ര
മോഡലുകളും ഇവിടെ സജ്ജമാണ്. ലാബിനുള്ളില്‍ മാത്രമല്ല, ക്യാമ്പസിന് പുറത്തും ശാസ്ത്ര കൗതുകങ്ങള്‍ കാത്തിരിക്കുന്നു. സൗരോര്‍ജത്തിന്റെ കരുത്ത് കാട്ടിത്തരുന്ന സോളാര്‍ മോഡലുകളും സമയം നോക്കാന്‍ പഠിപ്പിക്കുന്ന സണ്‍ ഡയലും ഔട്ട്‌ഡോര്‍ ലേണിംഗിന്റെ ഭാഗമായി ഒരുക്കിയിട്ടുണ്ട്. പഠന പ്രവര്‍ത്തനങ്ങള്‍ക്കും ചര്‍ച്ചകള്‍ക്കുമായി പ്രത്യേക ഇടങ്ങളും സജ്ജമാണ്. ഡയറ്റ് ലൈബ്രറിയില്‍ ആയിരക്കണക്കിന് പുസ്തകളും സ്വന്തമായി കുട്ടികള്‍ക്ക് റെക്കോഡിംഗ് നടത്താവുന്ന സ്റ്റുഡിയോ സംവിധാനവും സജ്ജമാണ്. എഴുത്തച്ഛന്‍ ചത്വരത്തിലിരുന്ന് പുസ്തക ചര്‍ച്ചയുമാവാം. സ്റ്റീം സയന്‍സ്, ടെക്‌നോളജി എഞ്ചിനീയറിംഗ്, ആര്‍ട്ട്‌സ്, മാത്സ് എന്നിവ സമന്വയിപ്പിച്ചു കൊണ്ടാണ് ലാബ് ക്രമീകരിച്ചിരിക്കുന്നത്. സമഗ്രശിക്ഷ കേരളയുടെ സ്റ്റാര്‍സ് ഫണ്ട് പ്രയോജനപ്പെടുത്തിയാണ് ലാബ് ഒരുക്കിയിരിക്കുന്നത്. ശാസ്ത്രത്തെ സ്‌നേഹിക്കാനും അടുത്തറിയാനും ഒരുക്കിയിരിക്കുന്ന ഈ വിജ്ഞാന വിരുന്ന് ജില്ലയിലെ ഓരോ വിദ്യാര്‍ഥിക്കും പ്രയോജനപ്പെടുത്താവുന്നതാണ്. എപ്രില്‍ ഒന്നു മുതല്‍ പ്രത്യേകമായി രജിസ്റ്റര്‍ ചെയ്യുന്ന വിദ്യാലയങ്ങള്‍ക്ക് ഒരു ദിവസം ഡയറ്റില്‍ ചെലവഴിക്കാം. പരമാവധി 50 കുട്ടികളുള്ള ഗ്രൂപ്പുകള്‍ക്കാണ് അവസരം. കൂടുതല്‍ വിവരങ്ങള്‍ക്കായി ഡയറ്റ് ശാസ്ത്ര ഗണിത ശാസ്ത്ര വിഭാഗത്തില്‍ ബന്ധപ്പെടാവുന്നതാണെന്ന് ഡയറ്റ് അധികൃതര്‍ അറിയിച്ചു.















