പേരാമ്പ്ര: പേരാമ്പ്ര പോലീസ് സ്റ്റേഷന് പരിധിയില്‍ പാലേരിയില്‍ മാരക ലഹരിമരുന്നായ 18 ഗ്രാം എംഡിഎംഎയും കാല്
കിലോഗ്രാം കഞ്ചാവുമായി യുവാവ് പിടിയിലായി. നാദാപുരം കരിങ്കാണിന്റവിട ഷഹീറിനെയാണ് പേരാമ്പ്ര പോലീസ് അറസ്റ്റ് ചെയ്തത്. പാലേരിയിലെ സ്വകാര്യ കോളജിനടുത്ത് കുറ്റ്യാടി അടുക്കത്ത് ആശാരിക്കണ്ടി അമീറിന്റെ വാടക വീട്ടില്‍ നിന്നാണ് ഇയാള്‍ പിടിയിലായത്. ഈ സമയം ഓടിരക്ഷപ്പെട്ട മുഖ്യപ്രതി അമീറിനായി പോലീസ് തെരച്ചല്‍ ആരംഭിച്ചു. പോലീസ് ഒരാഴ്ചയായി അമീറിനായി വലവിരിച്ചിരിക്കുകയായിരുന്നു. കുറ്റ്യാടി സ്റ്റേഷനിലെ മിസ്സിംഗ് കേസുമായി ബന്ധപ്പെട്ട് അന്വേഷണത്തിനെത്തിയ പോലീസിനെ കണ്ട് ഒരാള്‍ ഓടിയതില്‍ സംശയം തോന്നിയ കുറ്റ്യാടി പോലീസ് പേരാമ്പ്ര പോലീസിനെ വിവരം അറിയിക്കുകയായിരുന്നു. പിന്നീട് സബ് ഇന്‍സ്പെക്ടര്‍ ഷമീറിന്റെ നേതൃത്വത്തില്‍ പേരാമ്പ്ര പോലീസും റൂറല്‍ ജില്ലാ
ഡാന്‍സാഫും പേരാമ്പ്ര ഡിവൈഎസ്പി സ്ക്വാഡും ചേര്‍ന്ന് നടത്തിയ പരിശോധനയിലാണ് ലഹരി വസ്തുക്കള്‍ പിടിച്ചെടുത്തത്. പ്രതികള്‍ക്കെതിരെ ജാമ്യമില്ലാ വകുപ്പുകള്‍ പ്രകാരം കേസ് രജിസ്റ്റര്‍ ചെയ്യുമെന്ന് പോലീസ് അറിയിച്ചു.

