വടകര: അഴിത്തല കടവില്‍ തോണിയാത്ര നിലച്ചിട്ട് ഒന്നര വര്‍ഷമാകാറായി. ഇതോടെ നാട്ടുകാര്‍ക്ക് ദുരിതമാണ് കൂട്ട്. പാലം പണിതാല്‍ ആയിരങ്ങള്‍ക്ക് ആശ്വാസമായേനെ.
വടകര നഗരസഭയിലെ അഴിത്തലയും തുരുത്തിയില്‍, കയ്യില്‍ തുടങ്ങിയ വാര്‍ഡുകളിലെയും നൂറു കണക്കിന് വിദ്യാര്‍ഥികളും മത്സ്യതൊഴിലാളികളും തൊഴിലെടുക്കന്നവരുമടക്കം ദിനേന അഴിത്തല കടവിലെ കടത്തുതോണി വഴിയായിരുന്നു ഇരുകരകളിലേക്കും യാത്ര ചെയ്തിരുന്നത്. കടത്തു തോണിയുടെ പ്രവര്‍ത്തനത്തിന് മാസാമാസം മുപ്പതിനായിരത്തിലേറെ രുപയാണ് വടകര നഗരസഭ പ്രതിഫലമായി നല്‍കിയിരുന്നത്. നഗരസഭയുടെ തനത് ഫണ്ടില്‍ നിന്നു ലക്ഷങ്ങളാണ് വര്‍ഷാവര്‍ഷം ചെലവാക്കുന്നത്. അഞ്ച് പതിറ്റാണ്ടിലേറെയായി നഗരസഭ കടത്ത് തോണിക്ക് ചെലവഴിച്ച സംഖ്യ ഏതാണ്ട് രണ്ട് കോടിയിലേറെ രൂപയിലേറെ വരും.
യാതൊരു സുരക്ഷയുമില്ലാത്ത തോണിയാത്ര സംബന്ധിച്ച് ഓഡിറ്റ് വിഭാഗം കണ്ടെത്തിയ പോരായ്മകള്‍ പരിഹരിച്ച് പുതിയ കരാര്‍ പ്രകാരം കടത്തുതോണി നടത്താന്‍ ആരും തയ്യാറാകാതെ വന്നതും താനൂര്‍ ബോട്ടപകടവും കണക്കിലെടുത്ത് കഴിഞ്ഞ വര്‍ഷം ഫെബ്രുവരിയോടെയായിരുന്നു കടത്തുതോണി സേവനം നിലച്ചത്. പ്രദേശത്തുകാരുടെ നിരന്തര ആവശ്യമാണ് ഇവിടെ ഒരു പാലം നിര്‍മിക്കുകയെന്നത്. ഇക്കാര്യം ആവശ്യപ്പെട്ടു നിരവധി നിവേദനങ്ങള്‍ നല്‍കിയിട്ടുണ്ട്.
തോണി യാത്രക്ക് അറുതിവരുത്തി പ്രദേശവസികളുടെ യാത്ര സുഗമമാക്കുന്നതിന് പാലം നിര്‍മിക്കുന്നതിനാവശ്യമായ നടപടികള്‍ സ്വീകരിക്കുന്നതിന് പൊതുമരാമത്ത് വകുപ്പിന്റെ പാലം വിഭാഗവും ഹാര്‍ബര്‍ എഞ്ചിനീയറിങ്ങ് വിഭാഗവും കേരള നിയമസഭ മത്സ്യതൊഴിലാളികളുടെ ക്ഷേമം സംബന്ധിച്ച് ഉപസമിതിയും നിരവധി തവണ സ്ഥലം സന്ദര്‍ശിച്ച് സാധ്യത പഠനവും തുടര്‍ന്ന് മണ്ണ് പരിശോധനയും നടത്തി ഇന്‍വസ്റ്റിഗേഷന്‍ റിപ്പോര്‍ട്ടും അയച്ചിട്ടുണ്ട്. വാര്‍ഡ് കൗണ്‍സിലര്‍ പി.വി.ഹാഷിമിന്റെ നിരന്തര ഇടപെടലിനെ തുടര്‍ന്നാണ് ഇത്തരം നടപടി.
160 മീറ്റര്‍ നീളവും ഇരുവശത്തും നടപ്പാതയടക്കം എട്ട് മീറ്റര്‍ വീതിയും കൂടിയ പാലം നിര്‍മിക്കുന്നതിന് പത്ത് കോടി രൂപയും അപ്രോച്ച് റോഡ് നിര്‍മാണത്തിന് സ്ഥലം ഏറ്റെടുക്കലുമടക്കം അഞ്ചു കോടി രൂപയും അടക്കം 15 കോടി രൂപയാണ് ഇന്‍വസ്റ്റിഗേഷന്‍ റിപ്പോര്‍ട്ട് പ്രകാരം തയ്യാറാക്കിയിട്ടുള്ളത്. പാലം യാഥാര്‍ഥ്യമായാല്‍ അഴിത്തല, കയ്യില്‍, തുരുത്തി വാര്‍ഡുകളിലുള്ളവര്‍ക്ക് വലിയ അനുഗ്രഹമാവും. യാത്രാദൂരവും സമയവും ലാഭിക്കാം. സാന്റ്ബാങ്ക്സ് ടൂറിസം ബീച്ച്, അഴിത്തല ഫിഷ് ലാന്റിങ്ങ് സെന്റര്‍, വടകര തീരദേശ പോലീസ് സ്റ്റേഷന് എന്നിവിടങ്ങളിലേക്കെത്തുന്നവര്‍ക്കും പാലം അനുഗ്രഹമാവും.
പാലം നിര്‍മാണവുമായി ബന്ധപ്പെട്ട് കഴിഞ്ഞ വര്‍ഷത്തെ ബഡ്ജറ്റ് കെകെ രമയുടെ ഇടപെടലിന്റെ ഭാഗമായി 10 കോടി രൂപയുടെ ടോക്കണ്‍ തുക വകയിരുത്തിയതിന്റെ തുടര്‍ച്ചയായി ഫിഷറീസ് ഹാര്‍ബര്‍ എഞ്ചിനീയറിങ്ങ് വിഭാഗം പദ്ധതിക്ക് ആവശ്യമായ ബോറിങ്ങ് നടത്തുന്നതിനും വിശദമായ പരിശോധനക്കും സ്ഥലം സന്ദര്‍ശിച്ചു. വാര്‍ഡ് കൗണ്‍സിലര്‍ പി.വി.ഹാഷിം, ഹാര്‍ബര്‍ എഞ്ചിനീയറിങ്ങ് വിഭാഗം എക്സികുട്ടീവ് എഞ്ചിനീയര്‍ പി.ജയദീപ്, സുപ്രണ്ടിങ്ങ് എഞ്ചിനീയര്‍ വിജി കെ തട്ടാമ്പുറം, അസിസ്റ്റന്റ് എക്സികുട്ടീവ് എഞ്ചിനീയര്‍ എ.സതീഷന്, അസിസ്റ്റന്റ് എഞ്ചിനീയര്‍ ഫിലോസ് എന്നിവരോടൊപ്പം വാര്‍ഡ് വികസന സമിതിയംഗങ്ങളായ പി.വി.റാഷിദ്, പി.വി.സി.ഇബ്രാഹിം എന്നിവരും സംബന്ധിച്ചു.