
വടകര: കെ.പി.കുഞ്ഞമ്മദ്കുട്ടി വീണ്ടും ജനവിധി തേടുമെന്ന സിപിഎം പ്രഖ്യാപനത്തിന് തുടര്‍ച്ചയായി പ്രചരണ രംഗത്ത് മുന്നേറാന്‍ എല്‍ഡിഎഫ്. മണ്ഡലത്തിലുടനീളം ബഹുജനപങ്കാളിത്തത്തോടുകൂടി പ്രചരണം സജീവമാക്കാനാണ് തീരുമാനം. ഇതിന്റെ ഭാഗമായി 21ന് വൈകുന്നേരം നാലിന് ആയഞ്ചേരിയില്‍ മണ്ഡലം കണ്‍വന്‍ഷന്‍ നടക്കുമെന്ന്
നേതാക്കള്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. 22നും 24നും ഇടയില്‍ എല്‍ഡിഎഫ് മേഖലാ കണ്‍വെന്‍ഷനുകളും 24 നും 27 നും ഇടയില്‍ 222 ബൂത്തുകളിലും ബൂത്ത് കണ്‍വെന്‍ഷനുകളും ചേരും. 28 മുതല്‍ പ്രചരണം അവസാനിക്കുന്ന ഏപ്രില്‍ 7 വരെ മണ്ഡലത്തിലാകെ സ്ഥാനാര്‍ഥി പങ്കെടുക്കുന്ന വിവിധങ്ങളായ പൊതുപരിപാടികള്‍ നടത്താനും തീരുമാനിച്ചിട്ടുണ്ട്.
തികഞ്ഞ അഭിമാനത്തോടെയാണ് കെ.പി.കുഞ്ഞമ്മദ് കുട്ടിയെ വീണ്ടും സ്ഥാനാര്‍ഥിയായി എല്‍ഡിഎഫ് മുന്നോട്ടുവെക്കുന്നതെന്ന് നേതാക്കള്‍ പറഞ്ഞു. കഴിഞ്ഞ അഞ്ചു
വര്‍ഷക്കാലയളവില്‍ 1181.63 കോടിയുടെ വികസനപ്രവര്‍ത്തനങ്ങളാണ് മണ്ഡലത്തില്‍ നടപ്പാക്കിയത്. മുന്‍ എംഎല്‍എയുടെ കാലത്ത് മാത്രം ഒതുങ്ങിപ്പോയ വികസനപ്രവര്‍ത്തനങ്ങളില്‍ പലതും പൂര്‍ത്തീകരിക്കാനും അല്ലാത്തത് ആരംഭിച്ച് നടപ്പിലാക്കാനും സാധിച്ചിട്ടുണ്ട്. മത്തായി ചാക്കോയുടെ കാലത്ത് വിഭാവനം ചെയ്ത കുറ്റ്യാടി ബൈപ്പാസ് പൂര്‍ത്തീകരണത്തിന്റെ അവസാന ഘട്ടത്തിലാണ്. കെ.കെ.ലതിക എംഎല്‍എയുടെ കാലത്ത് ആരംഭിച്ച മണിമല നാളികേര പാര്‍ക്കിന്റെ ഒന്നാം ഘട്ടം പൂര്‍ത്തീകരിച്ച് മുന്നോട്ടു പോവുകയാണ്. കടലാസില്‍ കിടന്ന വടകര-വില്യാപ്പള്ളി-
ചേലക്കാട് റോഡ് ടെന്‍ഡര്‍ ചെയ്തു പണി ആരംഭിക്കാന്‍ ഇതിനകം കഴിഞ്ഞിട്ടുണ്ട്. കെ കെ ലതികയുടെ കാലത്ത് ആരംഭിച്ച കുട്ടോത്ത്-അട്ടക്കുണ്ട് കടവ് റോഡിന്റെ അക്വിസിഷന്‍ നടപടികള്‍ വേഗത്തിലാക്കാന്‍ ശ്രമങ്ങള്‍ നടത്തുകയും ചെയ്തു.
എല്‍ഡിഎഫ് മണ്ഡലം കണ്‍വീനര്‍ പി.സുരേഷ് ബാബു, സിപിഎം നേതാക്കളായ
കെ.കെ.ദിനേശന്‍, പി.കെ.ദിവാകരന്‍, പി.സി.ഷൈജു, ആര്‍ജെഡി സംസ്ഥാന കമ്മിറ്റി അംഗം ആയാടത്തില്‍ രവീന്ദ്രന്‍, ഐഎസ്‌ജെഡി സംസ്ഥാന കമ്മിറ്റി അംഗം പി.പി.മുകുന്ദന്‍, എന്‍സിപി ജില്ലാ കമ്മിറ്റി അംഗം വള്ളില്‍ ശ്രീജിത്ത് എന്നിവര്‍ വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.
















