കൊയിലാണ്ടി: ഒരാളും ഉടനീളം ഒരാളല്ല, ഒരാളും ഉടനീളം അയാളല്ല എന്നതുപോലെ കല്പറ്റ മാഷുടെ കവിതയിലെ വാക്ക് അടഞ്ഞുകിടക്കുന്ന ഒന്നല്ലെന്നും വിശാലവും യോജിപ്പും വൈരുധ്യങ്ങളും ചേര്‍ന്നതാണെന്നും എഴുത്തുകാരനും പ്രഭാഷകനുമായ സുനില്‍ പി. ഇളയിടം പറഞ്ഞു. പല പല അടരുകളുള്ളതാണ് ആ കവിത. വര്‍ത്തമാനം മറച്ചു വെക്കുന്നവയെ കാണുന്നതാണ് സമകാലികത. മാഷുടെ കവിത സമകാലികതയില്‍ വേരാഴ്ത്തി നില്ക്കുന്നു. കല്പറ്റ നമ്മുടെ കവിതയെ വളരെ മുന്നോട്ട് കൊണ്ടുപോയി- അദ്ദേഹം പറഞ്ഞു. കേരള സാഹിത്യ അക്കാദമി അവാര്‍ഡ് നേടിയ കല്പറ്റ നാരായണനെ കൊയിലാണ്ടി പൗരാവലി ആദരിക്കുന്ന ചടങ്ങ് ഉദ്ഘാടനം ചെയ്യുകയായിരുന്നു സുനില്‍ പി. ഇളയിടം.
വ്യവസ്ഥിതിക്കും മുഖ്യധാരക്കും അപ്രിയനാവാനുള്ള ധൈര്യം കല്‍പ്പറ്റയെ വ്യത്യസ്ഥനാക്കുന്നു. എന്റെ കാവ്യാഭിരുചിയേയും ധാരണകളെയും സ്വാധീനിച്ച വ്യക്തികളില്‍ ഒരാളാണ് മാഷ്. യാഥാര്‍ഥ്യത്തിന്റെ വൈരുധ്യങ്ങളെ കാണാനുള്ള ശ്രദ്ധയാണ് കല്പറ്റയുടെ എഴുത്തിന്റെ സവിശേഷത. 30 വര്‍ഷത്തിലേറെയായി കല്പറ്റയുടെ എഴുത്തിനെ ഞാന്‍ പിന്തുടരുന്നു. ഒരു കവിയെ ആദരിക്കാനായി കൊയിലാണ്ടിയില്‍ ഇത്രയും പേര് ഒത്തുചേരുന്നു എന്നത് എത്രയോ പ്രധാനമാണ്. ഞാന്‍ ഏറ്റവും കൂടുതല്‍ ഉദ്ധരിക്കുന്ന കവികളില്‍ ഒരാള്‍ കല്പറ്റ മാഷാണ്. കല്പറ്റ മാഷ്ക്ക് കാല് നൂറ്റാണ്ട് മുമ്പെങ്കിലും അക്കാദമി അവാര്‍ഡ് കിട്ടേണ്ടതായിരുന്നു-സുനില്‍ പി. ഇളയിടം അഭിപ്രായപ്പെട്ടു.
എഴുത്തുകാരനും സാമൂഹിക പ്രവര്‍ത്തകനുമായ വിജയരാഘവന് ചേലിയ അധ്യക്ഷത വഹിച്ചു. പ്രശസ്ത ഗായകന് വി.ടി.മുരളി കല്പറ്റ നാരായണന് പുരസ്കാരശില്പം സമ്മാനിച്ചു. ”ഒരു കവി, എഴുത്തുകാരന് ഇങ്ങനെയൊക്കെ പറയേണ്ടതുണ്ടോ എന്ന് തോന്നുമാറ് ഉറച്ച നിലപാടുകള്‍ പ്രകടിപ്പിക്കുന്ന കവിയാണ് നാരായണന് മാഷ്. നമ്മള് ഓരോരുത്തര്‍ക്കും ‘എന്റെ സ്വന്തം ആള്’ എന്നാണ് കല്പറ്റയെ കുറിച്ച് തോന്നുക.” വി.ടി. മുരളി പറഞ്ഞു.
എഴുത്തുകാരനും പ്രഭാഷകനുമായ രാജേന്ദ്രന് എടത്തുംകര മുഖ്യപ്രഭാഷണം നടത്തി. കവി സത്യചന്ദ്രന് പൊയില്‍ക്കാവ്, യു.കെ.രാഘവന്, മോഹനന് നടുവത്തൂര്‍, വിജേഷ് അരവിന്ദ്, ശിവദാസ് പൊയില്‍ക്കാവ്, ടി.ടി.ഇസ്മയില്‍, അജയ് ആവള, ഡോ.എന്‍.വി.സദാനന്ദന്, അബ്ദുള്‍ റഹിമാന്‍.വി.ടി, ശിഹാബുദ്ദീന്.എസ്.പി.എച്ച്, എന്‍.വി.ബിജു, വിനയചന്ദ്രന് എന്നിവര്‍ ആശംസകള്‍ നേര്‍ന്നു. വിവിധ കലാ-സാംസ്കാരിക സംഘടനകള്‍ കല്പറ്റ നാരായണനെ വേദിയില്‍ ആദരിച്ചു. സ്വീകരണത്തിന് കല്പറ്റ നാരായണന് മറുപടി പറഞ്ഞു. ഇന്ത്യയില്‍ അപ്രിയ സത്യം പറഞ്ഞേ പറ്റൂ. പൂച്ചയേയും എലിയേയും പറ്റി എഴുതിയാലും ഇവിടെ അത് ഫാസിസ്റ്റ് വിരുദ്ധ കവിതയാകുന്നു. കാലം കൈ പിടിച്ചെഴുതിച്ച് കവിതയെ ഇങ്ങനെയാക്കുന്നു-കല്പറ്റ പറഞ്ഞു. കൊയിലാണ്ടി നഗരസഭ മുന്‍ അധ്യക്ഷയും ശ്രദ്ധ സാമൂഹ്യപാഠശാല നിര്‍വാഹക സമിതി അംഗവുമായ കെ.ശാന്ത സ്വാഗതവും സംഘാടക സമിതി ജനറല്‍ കണ്‍വീനര്‍ എന്‍.കെ.മുരളി നന്ദിയും പറഞ്ഞു.