വടകര: മാസം തികയാതെ വീട്ടില്‍ പ്രസവിച്ച കുഞ്ഞിന് പാര്‍കോ ആശുപത്രി രക്ഷയായി. വടകരയില്‍ താമസിക്കുന്ന കാസര്‍കോട് സ്വദേശികളുടെ കുഞ്ഞിനാണ് പാര്‍കോ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസിലെ നിയോനാറ്റോളജി വിഭാഗം പരിചരണം ഒരുക്കിയത്. ഇതിന്റെ ഫലമായി പൂര്‍ണ ആരോഗ്യം കൈവരിച്ചിരിക്കുകയാണ് കുഞ്ഞ്. 800 ഗ്രാം മാത്രമുണ്ടായിരുന്ന കുഞ്ഞ് രണ്ടു മാസം പിന്നിടുമ്പോള്‍ ഭാരം ഏകദേശം 1.9 കിലോഗ്രാമായി ഉയര്‍ന്നു.
ജൂലൈ 10ന് വീട്ടില്‍ അപ്രതീക്ഷിതമായി പ്രസവം നടന്ന ഉടന്‍ മാതാവിനെയും കുഞ്ഞിനെയും ഭര്‍ത്താവ് ഓട്ടോറിക്ഷയില്‍ പാര്‍കോയില്‍ എത്തിക്കുകയായിരുന്നു. പിന്നാലെ നിയോനാറ്റോളജി വിഭാഗം (നിയോബ്ലിസ്) ഏറ്റെടുക്കുകയും നിയോനാറ്റോളജി തലവനും സീനിയര്‍ നിയോനാറ്റോളജിസ്റ്റുമാരായ ഡോ.എം.നൗഷീദ് അനി, സീനിയര്‍ പീഡിയാട്രിഷ്യന്‍ ഡോ.എം.ദില്‍ഷാദ് ബാബു എന്നീ ഡോക്ടര്‍മാരുടെ നേതൃത്വത്തില്‍ സമയോചിത പരിചരണവും ത്രീവ്രവിഭാഗചികിത്സയും ലഭ്യമാക്കി.
പാര്‍കോയിലെ ലെവല്‍-3 എന്‍ഐസിയു സംവിധാനമാണ് കുഞ്ഞിന്റെ ജീവന് രക്ഷിക്കാനും പൂര്‍ണ ആരോഗ്യത്തിലേക്ക് നയിക്കാനും കാരണമായത്. മാസം തികയാതെ പിറക്കുന്ന ശിശുക്കള്‍ക്ക് ഗര്ഭപാത്രത്തിന് തുല്യമായ ആവാസ വ്യവസ്ഥ സംജാതമാക്കുന്ന അത്യാധുനിക സംവിധാനമാണ് ലെവല്‍-3 എന്‍ഐസിയു. വടകര മേഖലയില്‍ ഈ സംവിധാനമുള്ള ഏക ആശുപത്രിയാണ് പാര്‍കോ എന്നും അമ്മയും കുഞ്ഞും പൂര്‍ണ്ണ ആരോഗ്യവാന്മാരാണെന്നും ആശുപത്രി അധികൃതര്‍ അറിയിച്ചു.