പ്രത്യേക പ്രതിനിധി
ഖത്തര്‍: പേജറും വോക്കി-ടോക്കിയും പൊട്ടിത്തെറിച്ച് ലബനോണ്‍ വിറച്ചിരിക്കെ ഇസ്രായേലിന്റെ വ്യോമാക്രമണവും. ഹിസ്ബുള്ള തലവന്‍ ഹസന് നസ്രല്ല ടെലിവിഷനിലൂടെ ജനതയെ അഭിസംബോധന ചെയ്യുമ്പോഴാണ് തെക്കന്‍ ലബനോണില്‍ ഇസ്രായേല്‍ വ്യോമാക്രമണം നടത്തിയത്. ആളപായം സംബന്ധിച്ച വിവരം ലഭ്യമല്ല.
ചൊവ്വ, ബുധന്‍ ദിവസങ്ങളിലായി നടന്ന പേജര്‍, വോക്കി-ടോക്കി സ്ഫോടനങ്ങളെ ഹിസ്ബുള്ള തലവന്‍ ശക്തമായ ഭാഷയില്‍ അപലപിച്ചു. എല്ലാ അതിര്‍വരമ്പുകളും ലംഘിച്ചുനടന്ന സ്ഫോടനങ്ങള്‍ യുദ്ധം തന്നെയാണെന്നും ഇതിന് ശക്തമായ തിരിച്ചടി ഉണ്ടാവുമെന്നും ഹസന് നസ്രല്ല മുന്നറിയിപ്പു നല്കി. അടുത്ത ദിവസങ്ങളില്‍ ഇസ്രായേല്‍ ഇതിന്റെ ഭവിഷ്യത്ത് നേരിടേണ്ടിവരും. ടെലിലിഷനില് ഹസന് നസ്രല്ല സംസാരിച്ചുകൊണ്ടിരിക്കുമ്പോഴാണ് ഇസ്രായേലിന്റെ ബോംബര്‍ വിമാനങ്ങള്‍ ലബനോണ്‍ അതിര്‍ത്തി കടന്ന് ഇരമ്പിയെത്തിയത്. ഇന്ത്യന്‍ സമയം വ്യാഴാഴ്ച വൈകീട്ട് ഏഴ് മണിയോടെയായിരുന്നു വ്യോമാക്രമണം.
പേജര്‍, വോക്കി-ടോക്കി സ്ഫോടനങ്ങള്‍ക്ക് ഇസ്രയേലിനെ കുറ്റപ്പെടുത്തുന്ന ഹിസ്ബുള്ള തലവന്‍ നിരപരാധികളുടെ ജീവനു വിലകല്പിക്കാത്തത് ഹീന പ്രവൃത്തിയെന്ന് വിശേഷിപ്പിച്ചു. ചൊവ്വാഴ്ച പേജറിലൂടെ ഒരേ സമയം 4,000 പേരെ കൊല്ലാന്‍ ഇസ്രായേല്‍ ശ്രമിച്ചതായി നസ്രല്ല ആരോപിച്ചു. ബുധനാഴ്ചത്തെ ആക്രമണം ആയിരത്തോളം പേരെ കൊല്ലാന്‍ ഉദ്ദേശിച്ചുള്ളതാണ്. ഇത് ഭീകരതയാണ്. ഞങ്ങള്‍ അവയെ ചൊവ്വാഴ്ചത്തെ കൂട്ടക്കൊലയെന്നും ബുധനാഴ്ചത്തെ കൂട്ടക്കൊലയെന്നും വിളിക്കും.-അദ്ദേഹം പറയുന്നു.
‘ദൈവം കരുണയുള്ളവനാണ്, കൂടുതല്‍ മരണങ്ങളും പരിക്കുകളും തടഞ്ഞു. നിരവധി പേജറുകള്‍ സേവനത്തിന് പുറത്തായിരുന്നു അല്ലെങ്കില്‍ സ്വിച്ച് ഓഫ് ചെയ്തു.
സ്ഫോടനം സംബന്ധിച്ച് അന്വേഷണം തുടങ്ങി
പേജര്‍, വോക്കി-ടോക്കി പൊട്ടിത്തെറി സംബന്ധിച്ച് അന്വേഷണം തുടങ്ങിയതായി ഹിസ്ബുള്ള തലവന്‍ ഹസന് നസ്രല്ല വെളിപ്പെടുത്തി. ഹിസ്ബുള്ളയുടെ രഹസ്യാന്വേഷണ വിഭാഗത്തിന് മനസിലാക്കാന്‍ കഴിയാതെ പോയതിനെ കുറിച്ച് പരിശോധന നടക്കും. ഇസ്രായേലിന്റെ ചാരക്കണ്ണുകളില്‍ പെടുന്നത് തടയാന്‍ മൊബൈല്‍ ഫോണുകള്‍ ഉപേക്ഷിച്ച് പേജറിലേക്ക് തിരിയാന്‍ ഹിസ്ബുള്ള തന്നെയാണ് പ്രവര്‍ത്തകരെ ഉപദേശിച്ചത്. കഴിഞ്ഞ ഫെബ്രുവരി മുതല്‍ ആശയവിനിമയത്തിന് പേജറുകളാണ് ഉപയോഗിച്ചുവരുന്നത്. ഇവയാണ് ലോകത്തെ ഞെട്ടിച്ചുകൊണ്ട് പൊട്ടിത്തെറിച്ചത്.