നാദാപുരം: മയക്ക്മരുന്ന് ഉപയോഗത്തിനിടയിലുണ്ടായ വാക്ക് തര്‍ക്കം കല്ലാച്ചിയില്‍ കൂട്ടത്തല്ലിനിടയാക്കി. മര്‍ദനത്തില്‍ വിദ്യാര്‍ഥിക്ക് പരിക്കേറ്റു. കല്ലാച്ചി വാണിയൂര്‍ റോഡില്‍ ഇന്നലെ രാത്രി എട്ട് മണിയോടെയാണ് ഒരു സംഘം വിദ്യാര്‍ഥികള്‍ തമ്മില്‍ത്തല്ല് നടന്നത്. വാണിയൂര്‍ റോഡില്‍ ആള് താമസമില്ലാത്ത കാട് മൂടിക്കിടക്കുന്ന പറമ്പിലെ വീട്ടില്‍ നിന്ന് കരച്ചില് കേട്ട് എത്തിയ നാട്ടുകാരാണ് സംഘര്‍ഷത്തില്‍ ആദ്യം ഇടപെട്ടത്. 18 കാരനെ ആറോളം പേര് ചേര്‍ന്ന് ക്രൂരമായി മര്‍ദിക്കുകയായിരുന്നു. പ്രദേശവാസികള്‍ ഇടപെട്ടെങ്കിലും സംഘം അക്രമം തുടര്‍ന്നു. മര്‍ദനമേറ്റ വേദനയില്‍ അലറിക്കരയുന്നതിനിടയിലും അക്രമം തുടര്‍ന്നു. കൂടുതല്‍ ആളുകള്‍ എത്തിയതോടെ രണ്ട് പേര് ഓടി രക്ഷപ്പെട്ടു. മറ്റുള്ളവരെ തടഞ്ഞ് വെച്ച് ചോദ്യം ചെയ്തപ്പോഴാണ് ലഹരി ഇടപാടാണെന്ന് വ്യക്തമായത്. നാദാപുരം, നീലേച്ച് കുന്ന്, വളയം, കല്ലാച്ചി, മൊകേരി, കക്കംവെള്ളി എന്നിവിടങ്ങളില്‍ നിന്നുള്ള വിദ്യാര്‍ഥികള്‍ ആള്‍പ്പാര്‍പ്പില്ലാത്ത വീട്ടില്‍ ലഹരി ഉപയോഗിക്കാന്‍ ഒരുമിച്ച് കൂടിയതാണെന്നും ഇതിനിടയില്‍ വാക് തര്‍ക്കം ഉണ്ടാവുകയും കല്ലാച്ചി സ്വദേശിയെ മര്‍ദിക്കുകയായിരുന്നെന്നുമാണ് അറിയുന്നത്.
സംഘര്‍ഷം നടക്കുന്നതറിഞ്ഞ് പോലീസ് സ്ഥലത്ത് എത്തി. മേഖലയില്‍ നേരത്തെയും ഈ വിദ്യാര്‍ത്ഥികള്‍ ലഹരി ഉപയോഗിച്ച് അക്രമ പ്രവര്‍ത്തനം നടത്തിയ സംഘമാണെന്ന് പോലീസ് പറഞ്ഞു. പ്രായപൂര്‍ത്തിയാവാത്ത വിദ്യാര്‍ഥികള്‍ ഉള്‍പ്പെട്ടതിനാല്‍ രക്ഷിതാക്കളെ വിളിച്ച് വരുത്തി നിരവധി തവണ താക്കീത് നല്കി വിട്ടയച്ചതാണെന്നാണ് പോലീസ് മറുപടി. ഇതിനിടെ സംഘര്‍ഷത്തില്‍ പരിക്കേറ്റ കല്ലാച്ചി സ്വദേശി പോലിസില്‍ പരാതി നല്കി. ഇതില്‍ അന്വേഷണം നടക്കുകയാണെന്നും ശക്തമായ നടപടി സ്വീകരിക്കുമെന്നും നാദാപുരം എസ്എച്ച്ഒ എം.എസ്.സാജന് അറിയിച്ചു.