പേരാമ്പ്ര: പേരാമ്പ്രയിലെ ജനവാസ മേഖലയിൽ കാട്ടാന ഇറങ്ങി. ചാത്തോത്ത്താഴെയാണ് കാട്ടാന എത്തിയത്. ആനയെ
തുരത്താനുള്ള ശ്രമം പുരോഗമിക്കുകയാണ്. ഇന്ന് പുലർച്ചെയാണ് പൈതോത്ത് പ്രദേശവാസികൾ കാട്ടാനയെ കണ്ടത്. നാട്ടുകാര്‍ വിവരമറിയിച്ചതിനെ തുടര്‍ന്ന് പെരുവണ്ണാമൂഴിയില്‍ നിന്ന് വനപാലകരും പേരാമ്പ്ര പൊലീസും സ്ഥലത്തെത്തി. വനം വകുപ്പ് ആനയെ നിരീക്ഷിക്കുകയാണ്. പ്രഭാത സവാരിക്കായി ഇറങ്ങിയവര്‍ അപ്രതീക്ഷിതമായി ആനയെ കാണുകയായിരുന്നു. പെരുവണ്ണാമൂഴി പട്ടാണിപ്പാറ ഭാഗത്ത് നിന്നാണ് ആനയെത്തിയതെന്നാണ് സൂചന.

ആന കാട്ടിലേക്ക് കയറുകയാണെന്നാണ് വിലയിരുത്തല്‍. അതിനാല്‍ മയക്കുവെടി പ്രയോഗിക്കേണ്ടി വരില്ല. ചൂട് കൂടിയാൽ ആന അക്രമകാരിയാവാന് സാധ്യതയുണ്ടെന്ന് കോഴിക്കോട് ഡിഎഫ്ഒ ആഷിക്ക് പറഞ്ഞു. ഡോ അരുൺ സക്കറിയയുടെ നേതൃത്വത്തിലുള്ള മെഡിക്കൽ ടീം പേരാമ്പ്രയിലേക്ക് പുറപ്പെട്ടിട്ടുണ്ട്. നിലവിൽ ആന സെയ്ഫ് സോണിലാണ്. ആനയെ നിരീക്ഷിച്ച് വരികയാണ്. രാത്രിയിൽ കാട് കയറ്റാനാകുമെന്നാണ് പ്രതീക്ഷ. അതിനുള്ള മുന്നൊരുക്കം പൂർത്തിയാക്കിയിട്ടുണ്ട്. വയനാട് നിന്നുള്ള ആര്‍ആര്‍ടി ടീം സംഭവസ്ഥലത്തേക്ക് പോയിട്ടുണ്ടെന്നും ആവശ്യമെങ്കിൽ മയക്കുവെടി വെക്കുമെന്നും ഡിഎഫ്ഒ വ്യക്തമാക്കി.