നാദാപുരം: ഉരുള്‍ തീര്‍ത്ത ശൂന്യതക്കിടയിലും ഡാരില്‍ ഡൊമനിക്കും കുടുംബവും മറന്നില്ല ഉഷച്ചേച്ചിക്ക് നല്കിയ വാഗ്ദാനം. വിലങ്ങാട് മഞ്ഞച്ചീളിയിയില് സര്‍വ്വ സംഹാരമായി താണ്ഡവമാടിയ ഉരുള്‍പൊട്ടലില്‍ വീടും ജീവിത സമ്പാദ്യങ്ങളും ഉള്‍പെടെ സര്‍വ്വവും നഷ്ടപെട്ട കൊടിമരത്തും മുട്ടില്‍ ഡാരിലാണ് തലചായ്ക്കാനിടമില്ലാതെ ശൂന്യതയില്‍ വാടക വീട്ടില്‍ കഴിയുകയായിരുന്നു ഉഷചേച്ചിക്കും രണ്ട് മക്കള്‍ക്കും
വീട് നിര്‍മ്മിച്ച് നല്കി മാനവ സ്നേഹത്തിന്റ ഉദാത്ത മാതൃക തീര്‍ത്തത്.
ഉരുള്‍ ഭീകരതയ്ക്ക് മുമ്പായിരുന്നു ഡാരിലും കുടുംബവും വീട് നിര്‍മിച്ച് തരാമെന്ന് ഉഷചേച്ചിക്ക് വാക്ക് കൊടുത്തത്.
കോവിഡിന് ശേഷം ഡാരിലിന്റ മാതാപിതാക്കള്‍ക്കും കുഞ്ഞ് മക്കള്‍ക്കും തണലായി നിന്നത് ഉഷയായിരുന്നു. ഭര്‍ത്താവ് മണിമലപറമ്പില്‍ ഷിബു മരിച്ചതോടെ വാടക വീട്ടില്‍ ഇവര്‍ ഒറ്റപ്പെട്ട് കഴിയുകയായിരുന്നു. ഇതിനിടെ ഉഷ വീട് നിര്‍മാണത്തിന് സ്ഥലം വാങ്ങിയെങ്കിലും പണം ഇല്ലാതായതോടെ ഭൂമിയുടെ രജിസ്ട്രഷന് നടപടികള്‍ പൂര്‍ത്തീകരിക്കാന്‍ കഴിഞ്ഞിരുന്നില്ല. ഇത് മനസിലാക്കിയ ഡാരിലും നാട്ടുകാരും ചേര്‍ന്ന് രജിസ്ട്രേഷന് നടത്തിയെങ്കിലും വീട് നിര്‍മാണം പൂര്‍ത്തികരിക്കാന്‍ കഴിഞ്ഞില്ല.
ലൈഫ് പദ്ധതിക്ക് അപേക്ഷ നല്‍കിയതോടെ രണ്ട് ലക്ഷം രൂപ അനുവദിക്കുകയുണ്ടായി. ഈ തുക കൊണ്ട് വീടിന്റെ അടിത്തറയും ഭിത്തിയും മേല്‍ക്കൂരയുടെ കോണ്‍ക്രീറ്റും കഴിഞ്ഞെങ്കിലും പ്രവൃത്തി പിന്നെയും ബാക്കി. ഇതിനിടയിലാണ് കാര്യങ്ങള്‍ എല്ലാം തലകീഴായി മറിഞ്ഞത്. ഉരുള്‍ തീര്‍ത്ത ഭീകരതയില്‍ ഡാരിലും നിസ്സഹായവസ്ഥയിലായി. പക്ഷെ സ്വന്തം വീടിനേക്കാള്‍ അവര്‍ നല്കിയ വാക്കിനായിരുന്നു വില കല്പിച്ചത്. ചേച്ചിക്കും മക്കള്‍ക്കും നല്കിയ വാക്ക് പാലിക്കാനായി ഡാരിലും കുടുംബവും രംഗത്തെത്തി. ഉരുള്‍ പൊട്ടല്‍ കഴിഞ്ഞ് ഒന്നര മാസം പിന്നിടുമ്പഴേക്കും ബാക്കി പണികള്‍ മുഴുവന്‍ തീര്‍ത്ത് നല്‍കുകയായിരുന്നു. ഉഷചേച്ചിയുടെ വീട് നിര്‍മാണം പൂര്‍ത്തിയായിട്ട് മതി സ്വന്തം വീട് എന്ന ഉറച്ച തീരുമാനമായിരുന്നു ഡാരിലിന്റെ കുടുംബത്തിന്റേത്.
ഉഷക്കും രണ്ട് മക്കള്‍ക്കും സ്വന്തമായി വീട് നിര്‍മിച്ച് നല്‍കണമെന്ന ഉറച്ച തീരുമാനത്തില്‍ നിന്ന് മാറാതെ പ്രവൃത്തി മുന്നോട്ട് പോയി. ഉരുള്‍പൊട്ടലിന് ശേഷം ഒന്നര മാസം കൊണ്ട് വീടിന്റെ എല്ലാ ജോലിയും പൂര്‍ത്തിയാക്കി ഇന്ന് ഗൃഹപ്രവേശമാണ്. വീടിന്റെ ശുചി മുറിക്കാവശ്യമായ വസ്തുക്കള്‍ കല്ലാച്ചിയിലെ മോഹന്‍ലാന്‍ അസോസിയേഷനാണ് നല്‍കിയത്. ഡാരിയല്‍ മുന്‍ കൈയ്യെടുത്ത് വീട് പൂര്‍ത്തിയാക്കിയ സന്തോഷത്തിലാണ് ഉഷ.
-ടി.ഇ.രാധാകൃഷ്ണന്