അഴിയൂര്‍: പതിറ്റാണ്ടുകളായി ഇന്നാട്ടുകാര് ആശ്രയിച്ചുപോരുന്ന മുക്കാളി റെയില്‍വെസ്റ്റേഷനു മരണമണി മുഴങ്ങുന്നു. സ്റ്റേഷന് അടച്ചുപൂട്ടാന്‍ നേരമായെന്നാണ് റെയില്‍വെ അധികൃതര്‍ പറയാതെ പറയുന്നത്.
ലാഭകരമല്ലാത്ത ഹാള്‍ട്ട് സ്റ്റേഷനുകള്‍ എന്ന പേര് നല്കിയ ശേഷം അക്കാരണം പറഞ്ഞാണ് അടച്ചുപൂട്ടല്‍ നീക്കം. ജനപ്രതിനിധികളും ആക്ഷന്‍ കമ്മിറ്റി ഭാരവാഹികളും മാഹിയിലെത്തിയ ഡിവിഷണല്‍ മാനേജരെ നേരിട്ട് കണ്ട് കോവിഡ് കാലം വരെ മുക്കാളിയില്‍ നിര്‍ത്തിയിരുന്ന ട്രെയിനുകള്‍ക്ക് സ്റ്റോപ്പ് വേണമെന്ന് ആവശ്യപ്പെട്ടിരുന്നു. ഇതിനിടയിലാണ് മുക്കാളി സ്റ്റേഷന് തന്നെ അടച്ചുപൂട്ടാന്‍ നീക്കമുള്ള കാര്യം അറിയുന്നത്.
കോവിഡ് കാലം വരെ പത്ത് ട്രെയിനുകള്‍ക്ക് സ്റ്റോപ്പ് ഉണ്ടായിരുന്ന മുക്കാളിയില്‍ നാല് ട്രെയിനുകള്‍ മാത്രമാണ് ഇപ്പോള്‍ നിര്‍ത്തുന്നത്. അതില്‍ പ്രാധാന്യമില്ലാത്ത സമയങ്ങളിലാണ് രണ്ട് ട്രെയിനുകള്‍ക്ക് സ്റ്റോപ്പ്. വണ്ടികളുടെ എണ്ണം ഒറ്റയടിക്ക് കുറഞ്ഞതോടെ സ്വാഭാവികമായും കലക്ഷന്‍ കുറഞ്ഞു. ഇതിന്റെ മറ പിടിച്ച് സ്റ്റേഷന് തന്നെ ഇല്ലാതാക്കാനാണ് ശ്രമം.
കോവിഡ് കാലത്ത് നിര്‍ത്തലാക്കിയ പാസഞ്ചര്‍ ട്രെയിനുകള്‍ സര്‍വീസ് പുനരാരംഭിച്ചപ്പോള്‍ ഹാള്‍ട്ട് സ്റ്റേഷനുകളെ കയ്യൊഴിഞ്ഞിരുന്നു. ഏറെ സമരത്തിനു ശേഷമാണ് പേരിനുപോലും ട്രെയിനുകള്‍ക്ക് സ്റ്റോപ്പ് ലഭിച്ചത്. എന്നാല്‍ കൂടുതല്‍ പാസഞ്ചര്‍ ട്രെയിനുകള്‍ അനുവദിക്കുന്നതിനു പകരം സ്റ്റേഷന് തന്നെ അടച്ചുപൂട്ടാനുള്ള നീക്കം ബാലിശമാണെന്നാണ് നാട്ടുകാരുടെ നിലപാട്. പതിവായി മലപ്പുറം വരെ വിവിധ ഇടങ്ങളില്‍ പോകുന്ന ജീവനക്കാര്‍, വിദ്യാര്‍ഥികള്‍ , വ്യാപാരികള്‍ ഇവരെല്ലാം ആശ്രയിക്കുന്ന കോയമ്പത്തൂര്‍ പാസഞ്ചര്‍ നിര്‍ബന്ധമായും മുക്കാളിയില്‍ നിര്‍ത്തണം എന്നത് വലിയൊരു ആവശ്യമാണ്. കാലുകുത്താന്‍ ഇടമില്ലാതെ യാത്ര ചെയ്യുന്ന പരശുരാം എക്സപ്രസിലെ തിരക്ക് കുറക്കാനും പാസഞ്ചര്‍ നിര്‍ത്തിയാല്‍ സാധ്യമാവും. അഴിയൂര്‍ പഞ്ചായത്ത് പ്രസിഡന്റ് അയിഷാ ഉമ്മര്‍, ആക്ഷന്‍ കമ്മിറ്റി ഭാരവാഹികളായ റീന രയരോത്ത്, കെ.കെ.ജയചന്ദ്രന്, സാവിത്രി, പി.ബാബുരാജ് എന്നിവരടങ്ങിയ സംഘമാണ് മാഹിയില്‍ ഡിവിഷണല്‍ മാനേജരെ കണ്ടത്.
മുക്കാളി റെയില്‍വേ സ്റ്റേഷന് എടുത്തുകളയുന്ന നടപടിയില്‍ നിന്ന് റെയില്‍വേ അധികൃതര്‍ പിന്തിരിയണമെന്ന് സിപിഎം ചോമ്പാല്‍ ലോക്കല്‍ കമ്മിറ്റി ആവശ്യപ്പെട്ടു. പി.പി.ശ്രീധരന് അധ്യക്ഷത വഹിച്ചു. എം.പി.ബാബു സംസാരിച്ചു. മുക്കാളി റെയില്‍ വെസ്റ്റേഷന് അടച്ചുപൂട്ടാനുള്ള നീക്കം അവസാനിപ്പിക്കണമെന്ന് താലൂക്ക് വികസന സമിതി അംഗം പ്രദീപ് ചോമ്പാല ആവശ്യപ്പെട്ടു.