വടകര: ഓണ്‍ലൈനിലൂടെ പാര്‍ട്ട് ടൈം ജോലി വാഗ്ദാനം ചെയ്ത് യുവതിയെ കബളിപ്പിച്ച കേസില്‍ ഒരാള്‍ അറസ്റ്റില്‍. മലപ്പുറം ഓമന്നൂര് സ്വദേശി കോട്ടക്കാട് കെ.വിജിത്തിനെയാണ് വടകര പോലീസ് അറസ്റ്റ് ചെയ്തത്. വടകര സ്വദേശിനി അതിഥിബാലിനാണ് പണം നഷ്ടമായത്. പരാതിക്കാരിയുടെ മൊബൈലിലേക്ക് വാട്സ്ആപ്പ് സന്ദേശം അയച്ചാണ് തട്ടിപ്പിന് തുടക്കം. തുടര്‍ന്ന് വര്‍ക്ക് ഫ്രം ഹോം എന്ന ടെലഗ്രാം ഗ്രൂപ്പില്‍ ചേര്‍ക്കുകയും ആമസോണ്‍ പ്രൊഡക്ടുകള്‍ക്ക് റിവ്യൂ നല്‍കുക എന്ന ടാസ്ക് നല്‍കുകയും ചെയ്തു. തുടക്കത്തില്‍ ചെറിയ പ്രതിഫലം നല്കിയ ശേഷം യുവതിയുടെ 6,93,000 രൂപ തട്ടിയെടുക്കുകയായിരുന്നു. പരാതിക്കാരിയുടെ നഷ്ടമായ ഒരു ലക്ഷം രൂപ അടക്കം രണ്ട് ലക്ഷം രൂപയാണ് പ്രതിയുടെ അക്കൗണ്ടില്‍ എത്തിയത്. പ്രതിയുടെ അക്കൗണ്ടും എടിഎം കാര്‍ഡും ഉപയോഗിച്ചാണ് പണം പിന്‍വലിച്ചതെന്ന് അന്വേഷണത്തില്‍ മനസ്സിലായി. തുടര്‍ന്നാണ് വടകര സിഐ സുനില്‍ കുമാര്‍
പ്രതിയെ അറസ്റ്റ് ചെയ്തത്. എഎസ്ഐ രജീഷ് കുമാര്‍, എസ്സിപിഒ ശ്രീജ എന്നിവരും അന്വേഷണ സംഘത്തില്‍ ഉണ്ടായിരുന്നു. പ്രതിയെ വടകര കോടതി റിമാന്റ് ചെയ്തു.