
കോഴിക്കോട്: താമരശ്ശേരി ചുരത്തില്‍ ടാങ്കര്‍ ലോറി കുടുങ്ങിയതിനെ തുടര്‍ന്ന് വന്‍ ഗതാഗതക്കുരുക്ക്. ആറാം വളവില്‍ ടാങ്കര്‍ ലോറി റോഡിന് കുറുകെ കുടുങ്ങിയതോടെയാണ്
ഗതാഗതം പൂര്‍ണമായി നിലച്ചത്. മണിക്കൂറുകളായി ഗതാഗതം സ്തംഭിച്ചിരിക്കുകയാണ്. ഇരുചക്ര വാഹനങ്ങള്‍ക്ക് പോലും കടന്നുപോകാന്‍ കഴിയാത്ത രീതിയിലാണ് ലോറി കുടുങ്ങിക്കിടക്കുന്നത്.
രാവിലെ 11മണിയോടെയാണ് ഗതാഗതം പൂര്‍ണമായി സ്തംഭിച്ചത്. ഇരുഭാഗത്തുമായി ആംബുലന്‍സുകള്‍ ഉള്‍പ്പെടെയുള്ള വാഹനങ്ങളുടെ നീണ്ട നിരയാണ്. മണിക്കൂറുകളായി കുടുങ്ങിക്കിടക്കുന്ന യാത്രക്കാര്‍ വെള്ളവും ഭക്ഷണവും ഇല്ലാത്ത അവസ്ഥയിലാണ്.
മുകള്‍ഭാഗത്തുനിന്ന് താഴേക്ക് ഇറങ്ങിവന്ന
ടാങ്കര്‍ ലോറിക്ക് ആറാം വളവ് തിരിക്കാന്‍ കഴിയാതെ വന്നതാണ് ഗതാഗതസ്തംഭനത്തിന് കാരണം. റോഡിന് കുറുകെ ലോറി നിന്നതോടെ ഇരുവശത്തുനിന്നുമുള്ള വാഹനങ്ങളുടെ യാത്രയും പൂര്‍ണമായി തടസ്സപ്പെട്ടു. ഗതാഗത തടസ്സം നീക്കാന്‍ പൊലീസും ചുരം സംരക്ഷണ സമിതി പ്രവര്‍ത്തകരും പരിശ്രമം നടത്തിവരുന്നുണ്ട്.
















