
വടകര: കേരള ഗ്രാമീണ ബാങ്കിലെയും അതിന്റെ മുന്‍കാല ഘടകങ്ങളായ സൗത്ത് മലബാര്‍ ഗ്രാമീണ്‍ ബാങ്ക്, നോര്‍ത്ത് മലബാര്‍ ഗ്രാമീണ്‍ ബാങ്ക് എന്നിവയിലെയും ജീവനക്കാരുടെയും
മുന്‍കാല ജീവനക്കാരുടെയും വാട്സാപ്പ് കൂട്ടായ്മയായ പയസ്വിനി സംഘടിപ്പിച്ച പ്രഭാഷണങ്ങളിലെ ചിന്തകളും ആശയങ്ങളും ചേര്‍ത്ത് തയ്യാറാക്കിയ സുവനീര്‍ പ്രകാശനം 28ന് നടക്കുമെന്ന് സംഘാടകര്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. 2022ല്‍ കാസര്‍കോട് രൂപം നല്കിയ പയസ്വിനിയുടെ പ്രവര്‍ത്തനം പിന്നീട് വടകര കേന്ദ്രമായി തുടരുകയാണ്. കളിക്കളം ഹാളില്‍ അക്ഷരനിര്‍ഝരി എന്ന പേരില്‍ പ്രതിമാസ പരിപാടി നടന്നുവരുന്നു.
പയസ്വിനിയുടെ പ്രവര്‍ത്തനങ്ങള്‍ അഞ്ചാം വര്‍ഷത്തിലേക്ക് കടക്കുന്ന വേളയിലാണ് അക്ഷരനിര്‍ഝരി എന്ന പേരില്‍ സുവനീര്‍ പുറത്തിറക്കുന്നത്. സാഹിത്യം, സംഗീതം, സിനിമ, പരിസ്ഥിതി, യാത്ര, രാഷ്ട്രീയം, ഭാഷ, മാധ്യമം, ബാലസാഹിത്യം, പരിഭാഷ തുടങ്ങി സമസ്ത
വിഷയങ്ങളെ കുറിച്ചും കേരളത്തിനകത്തുംപുറത്തുമുള്ള ഒട്ടേറെ പ്രഗത്ഭര്‍ പയസ്വിനിയുടെ വേദിയില്‍ പ്രഭാഷണം നടത്തിയിട്ടുണ്ട്. ഇവരില്‍ 30 പേരുടെ പ്രഭാഷണമാണ് എഴുത്തുരൂപത്തിലാക്കി സുവനീര്‍ തയ്യാറാക്കിയിരിക്കുന്നത്. ശനിയാഴ്ച വൈകുന്നേരം 4.30ന് വടകര ഗ്രീന്‍ പാലസ് ഓഡിറ്റോറിയത്തില്‍ സാമൂഹ്യവിമര്‍ശകനും എഴുത്തുകാരനുമായ എം.പി. രാധാകൃഷ്ണന് വി.ടി. മുരളിക്ക് ആദ്യപ്രതി നല്‍കിക്കൊണ്ട് സുവനീര്‍ പ്രകാശനം ചെയ്യും. ചടങ്ങില്‍ വീരാന്‍കുട്ടി അധ്യക്ഷത വഹിക്കും.
കെ.പി. സുനില്‍ കുമാര്‍ എഡിറ്ററും എന്‍. രാധാകൃഷ്ണന്, ടി.പ്രമോദ്, കെ.കെ. ശിവന്, പി.പി. ജയദേവന് എന്നിവര്‍ അംഗങ്ങളുമായ എഡിറ്റോറിയല്‍ ടീമാണ് സുവനീര്‍ തയ്യാറാക്കിയത്. തയ്യുള്ളതില്‍ രാജനാണ് ഗസ്റ്റ് എഡിറ്റര്‍.
വാര്‍ത്താസമ്മേളനത്തില്‍ പയസ്വിനി പ്രസിഡന്റ് എന്‍. രാധാകൃഷ്ണന്, സെക്രട്ടറി കെ. പി. സുനില്‍ കുമാര്‍, ജോ. സെക്രട്ടറി കെ.കെ. ശിവന് എന്നിവര്‍ പങ്കെടുത്തു.
















