നാദാപുരം: ആര്‍എംപിഐ പ്രവര്ത്തകന് പട്ടാണിയിലെ തുമ്പോളി പൊയില്‍ മനോജന്റെ വീട്ടു കിണറ്റില്‍ മനുഷ്യവിസര്‍ജ്യം കലര്‍ത്തി എന്ന വ്യാജപ്രചരണം നടത്തിയ
ആര്‍എംപിഐ-യുഡിഎഫ് ഗൂഢാലോചനക്കെതിരെ എല്‍ഡിഎഫ് നേതൃത്വത്തില്‍ തൂണേരിയില്‍ പ്രതിഷേധ കൂട്ടായ്മ സംഘടിപ്പിച്ചു. സിപിഎം ജില്ലാ സെക്രട്ടറിയേറ്റ് പി.പി.ചാത്തു ഉദ്ഘാടനം ചെയ്തു. മനോജന്റെ വീട്ടുകിണറ്റില്‍ വിസര്‍ജ്യം കലര്‍ത്തിയെന്ന പരാതി വ്യാജമാണെന്ന് ശാസ്ത്രീയ പരിശോധനയിലാണ് തെളിഞ്ഞത്. കോഴിക്കോട് ലാബില്‍ നടത്തിയ രാസപരിശോധനയില്‍ കിണറിലെ വെള്ളത്തില്‍ മനുഷ്യവിസര്‍ജ്യം കലര്‍ന്നതായി കണ്ടെത്താനായില്ല. മാസങ്ങള്‍ക്ക് മുമ്പ് തന്നെ പൊലീസിന് റിപ്പോര്‍ട്ട് ലഭിച്ചിരുന്നെങ്കിലും സിപിഎം തൂണേരി ലോക്കല്‍ കമ്മിറ്റി അംഗം എം.എന്‍.രാജന് കേസ് സംബന്ധിച്ച വിവരം ആവശ്യപ്പെട്ട് നാദാപുരം പൊലീസില്‍ നല്കിയ വിവരാവകാശ അപേക്ഷയ്ക്ക് ലഭിച്ച രേഖാമൂലമുള്ള മറുപടിയിലാണ് ഇക്കാര്യം വ്യക്തമായത്. നാദാപുരം സബ് ഇന്‍സ്പെക്ടര്‍ ശ്രീജില്‍ കണ്ടോത്ത് പൊയിലാണ് മറുപടി നല്‍കിയത്. രാസപരിശോധനയില്‍ ഒന്നും കണ്ടെത്താനായില്ലെന്നും വീടിന് സമീപത്തെ സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചതില്‍ നിന്നു യാതൊരു തെളിവും ലഭിച്ചില്ലെന്നും അതിനാല്‍ കേസ് അവസാനിപ്പിക്കുകയാണെന്നും അന്വേഷണ ഉദ്യോഗസ്ഥന് നാദാപുരം മജിസ്ട്രേറ്റ് കോടതിയെ അറിയിച്ചിട്ടുണ്ട്. ഈ സാഹചര്യത്തിലാണ് ആര്‍എംപിഐ-യുഡിഎഫ് ഗൂഢാലോചനക്കെതിരെ എല്‍ഡിഎഫ് പ്രതിഷേധയോഗം സംഘടിപ്പിച്ചത്. വിമല്‍ കുമാര്‍ അധ്യക്ഷനായി. എ.മോഹന്‍ദാസ്, ശ്രീജിത്ത് മുടപ്പിലായി, പി.എം.നാണു, ടി.രാമചന്ദ്രന്, കനവത്ത് രവി, സി.കെ.അരവിന്ദാക്ഷന്, നെല്ലിയേരി ബാലന് എന്നിവര്‍ സംസാരിച്ചു. ടി.പി.രഞ്ജിത്ത് സ്വാഗതം പറഞ്ഞു.















