വടകര: ചോറോട് ഇല്ലത്ത് പാലം അടിയന്തര അറ്റകുറ്റപ്പണി നടത്തി ഗതാഗതത്തിന് തുറന്നു കൊടുക്കണമെന്ന് ആവശ്യപ്പെട്ട് എല്‍ഡിഎഫ് പ്രക്ഷോഭത്തിലേക്ക്. പഞ്ചായത്തിലെ
ഇല്ലത്തുപാലം പൂര്‍ണമായും അടച്ചത് കാരണം വൈക്കിലിശ്ശേരി, മലോല്‍ മുക്ക്, കുരിക്കിലാട്, ചോറോട്ഈസ്റ്റ് പ്രദേശവാസികള്‍ വലിയ ദുരിതം അനുഭവിക്കുകയാണ്. വൈക്കിലശ്ശേരി-ഓര്‍ക്കാട്ടേരി റൂട്ടില്‍ സര്‍വീസ് നടത്തുന്ന 35ലേറെ ഓട്ടോറിക്ഷ തൊഴിലാളികളും ഇപ്പോള്‍ വലിയ ദുരിതത്തിലാണ്. ഈ സാഹചര്യത്തിലാണ് സമരത്തിനിറങ്ങാന്‍ എല്‍ഡിഎഫ് തീരുമാനിച്ചിരിക്കുന്നത്. ഇല്ലത്ത് പാലം പുനര്‍ നിര്‍മാണ പ്രവൃത്തി ത്വരിതപ്പെടുത്തണമെന്നും വാഹനങ്ങള്‍ക്കും കാല്‍നടയാത്രക്കാര്‍ക്കും പലത്തിലൂടെ കടന്നുപോകാനുള്ള അടിയന്തര അറ്റകുറ്റപ്പണികള്‍ ഉടന്‍ നടത്തി പ്രശ്നത്തിന് പരിഹാരം കാണണമെന്നും എല്‍ഡിഎഫ് ചോറോട് പഞ്ചായത്ത് കമ്മിറ്റി ആവശ്യപ്പെട്ടു. പ്രശ്ന പരിഹാരത്തിനായി വരും ദിവസങ്ങളില്‍ ശക്തമായ പ്രക്ഷോഭം സംഘടിപ്പിക്കാനും യോഗം തീരുമാനിച്ചു. പഞ്ചായത്ത് കമ്മിറ്റി ചെയര്മാന് എന്‍.കെ.അജിത് കുമാര്‍ അധ്യക്ഷത വഹിച്ചു. കണ്‍വീനര്‍ എ.പി.വിജയന്, നേതാക്കളായ പി.പി.ചന്ദ്രശേഖരന്, ടി.എം.രാജന്, മധു കുറുപ്പത്ത്, എന്‍.നിധിന്, കെ.കെ.പവിത്രന്, എന്‍.കെ.മോഹനന്, കെ.എം.നാരായണന്, പി.സുരേഷ്, പി.കെ.സതീശന്, രഘുലാല്‍ എന്നിവര്‍ സംസാരിച്ചു.















