ന്യൂഡല്‍ഹി: ഇന്നത്തെ മന്ത്രിസഭാ യോഗത്തില്‍ തര്‍ക്കങ്ങളുണ്ടായെന്ന് സ്ഥിരീകരിച്ച് മുഖ്യമന്ത്രി വി ഡി സതീശന്. യുഡിഎഫ് സര്‍ക്കാരിന്റെ മന്ത്രിസഭാ യോഗമെന്നത് പിണറായിയുടെ മന്ത്രിസഭ പോലെ അല്ലെന്നും എല്ലാവരും പരസ്പരം അഭിപ്രായങ്ങള്‍
പറയുന്നതും തര്‍ക്കിക്കുന്നതും സ്വാഭാവികമാണെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. ഡല്‍ഹിയില്‍ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. മന്ത്രിസഭയില്‍ ഭിന്നതയില്ലെന്നും കൂട്ടുത്തരവാദിത്തം നഷ്ടപ്പെട്ടിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. ചര്‍ച്ചകള്‍ക്ക് ശേഷം ഐക്യകണ്ഠേനയാണ് തീരുമാനങ്ങള്‍ കൈകൊള്ളുന്നത്.
മന്ത്രിസഭയിലെ ചര്‍ച്ചകള്‍ തര്‍ക്കങ്ങളല്ല. പല വിഷയങ്ങളിലും വിശദമായ ചര്‍ച്ചയുണ്ടായി. കേബിനറ്റില്‍ പല കാര്യങ്ങളിലും തര്‍ക്കമുണ്ടായി. അത് അഭിമാനത്തോടെ അംഗീകരിക്കുന്നു. എല്ലാവര്ക്കും അഭിപ്രായം തുറന്നുപറയാം. അനില്‍കുമാറിന് അഭിപ്രായ വ്യത്യാസമുണ്ടാകാം. അത് തള്ളിപറയുന്നതല്ല എന്റെ രീതി. വ്യത്യസ്തമായ അഭിപ്രായങ്ങള്‍ പറയുകയാണെങ്കില്‍ അത് കേള്‍ക്കുമെന്നു മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു. ‘ഇത് പിണറായി
വിജയന്റേതുപോലെ വിധേയരുടെ മന്ത്രിസഭയല്ല. പോക്കറ്റില്‍നിന്ന് കടലാസ് എടുത്ത് നല്കുമ്പോള് അതേപടി അംഗീകരിക്കുന്ന രീതിയല്ല ഇവിടെ. ഇത് ടീം യുഡിഎഫാണ്. മന്ത്രിമാര്‍ക്കിടയില്‍ ഭിന്നാഭിപ്രായങ്ങള്‍ ഉണ്ടാകുന്നത് ജനാധിപത്യത്തിന്റെ ഭാഗമാണ്,’ മുഖ്യമന്ത്രി പറഞ്ഞു.
‘ഒരു മണിക്കൂര്‍ ചര്‍ച്ച ചെയ്തത് ഉന്നത വിദ്യാഭ്യാസ ബില്ലിനെ കുറിച്ചാണ്. പല മന്ത്രിമാരും വ്യത്യസ്ത അഭിപ്രായങ്ങള്‍ പറഞ്ഞു. ചിലര്‍ തമ്മില്‍ തര്‍ക്കിച്ചു. അവസാനം ഒരു തീരുമാനമെടുത്ത് അവസാനിപ്പിക്കാന്‍ എന്നോട് പറഞ്ഞു. എന്തെല്ലാം മാറ്റങ്ങളാണ് വരുത്തേണ്ടതെന്നും തീരുമാനിച്ചു. എല്‍പിഎസ്ടി സമരത്തെ കുറിച്ചും ചര്‍ച്ച ചെയ്തു. അതില്‍ തര്‍ക്കമില്ല. നിര്‍ദേശങ്ങളാണ് ഉയര്‍ന്നത്. സമരം ചെയ്യുന്നവരുടെ ആരോഗ്യത്തെ സംബന്ധിച്ചായിരുന്നു ഞങ്ങളുടെ വേവലാതി. അവരുടെ ആരോഗ്യത്തില്‍ ഞങ്ങള്‍ക്ക് ആശങ്കയുണ്ട്. ചര്‍ച്ചയ്ക്ക് സര്‍ക്കാര്‍ തയ്യാറാണ്. ചര്‍ച്ചയില്‍ സര്‍ക്കാര്‍ എടുക്കേണ്ട
നിലപാടാണ് ഞങ്ങള്‍ ചര്‍ച്ച ചെയ്തത്. ഇതാണ് ജനാധിപത്യം. എല്‍ഡിഎഫ് സര്‍ക്കാരിലേത് പോലെ ഏകപക്ഷീയമായ നിലപാട് സ്വീകരിക്കില്ല. തര്‍ക്കങ്ങള്‍ ഉണ്ടാകും, വ്യത്യസ്തമായ അഭിപ്രായങ്ങളുണ്ടാകും. അവസാനം തീരുമാനവും ഉണ്ടാകും. ഏറ്റവും ജൂനിയറായിട്ടുള്ള ജനീഷുവരെ എന്റെ മുഖത്ത് നോക്കി അഭിപ്രായം പറയും. പറയണം. അപ്പോഴാണ് നല്ല നിര്‍ദേശങ്ങള്‍ വരിക. രാവിലെ തന്നെ ഇരുമ്പുലക്കയും പിടിച്ചുകൊണ്ട് വരേണ്ടതില്ല. എല്ലാവരുടെയും അഭിപ്രായങ്ങള്‍ കേള്‍ക്കും. അത് ഞാന്‍ ആസ്വദിക്കും. ജനാധിപത്യവും അഭിപ്രായ സ്വാതന്ത്ര്യവുമാണ് യുഡിഎഫിനെ മുന്നോട്ട് നയിക്കുന്നത്. ഏകപക്ഷീയമായ തീരുമാനവുമായി മുന്നോട്ട് പോയിരുന്നെങ്കില്‍ ഈ സംവിധാനം എന്നേ തകര്‍ന്നുപോയേനെ’- മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.
















