വടകര: അമ്മ കരള്‍ പകുത്ത് നല്കിയ പ്ലസ് വണ്‍ വിദ്യാര്‍ഥിനി മണിയൂര്‍ മുതുവനയിലെ മണങ്ങാട്ട് ചാലില്‍ അഭിരാമിക്ക് നാടിന്റെ ഉപഹാരമായി നിര്‍മിച്ച വീടിന്റെ താക്കോല്‍ ദാനം നാളെ (ബുധന്‍) വൈകീട്ട് മൂന്ന് മണിക്ക് ഷാഫി പറമ്പില്‍ എംപി നിര്‍വഹിക്കുമെന്ന് ചികിത്സാ സഹായ കമ്മിറ്റി ഭാരവാഹികള്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. കരള്‍ മാറ്റി വെക്കല്‍ ശസ്ത്രക്രിയക്ക് കമ്മിറ്റി സ്വരൂപിച്ച തുകയുടെ ബാക്കി പണമുപയോഗിച്ചാണ് 15 ലക്ഷം രൂപ ചെലവില്‍ വീട് നിര്‍മാണം പൂര്‍ത്തീകരിച്ചത്.
പരിമിതമായ ഒറ്റമുറി കൂരയിലായിരുന്നു ഇവരുടെ കുടുംബം താമസിച്ചിരുന്നത്. ശസ്ത്രക്രിയക്ക് വിധേയരായ അമ്മയുടെയും മകളുടെയും ആരോഗ്യം സംരക്ഷിക്കപ്പെടാനുള്ള സാഹചര്യം വീട്ടില്‍ ഇല്ലാത്തതിനാല്‍ കമ്മിറ്റി മുന്‍ കൈയ്യെടുത്ത് വാടക വീട്ടിലാണ് ഇവര്‍ താമസിച്ചിരുന്നത്. ഇതേ തുടര്‍ന്നാണ് വീട് നിര്‍മാണവും കൂടി പൂര്‍ത്തിയാക്കാന്‍ കമ്മിറ്റി തീരുമാനിച്ചതെന്ന് ഭാരവാഹികള്‍ പറഞ്ഞു. നല്ലവരായ നാട്ടുകാരുടെ പിന്‍ബലത്തില്‍ 54 ലക്ഷം രൂപ സമാഹരിക്കാന്‍ കമ്മിറ്റിക്ക് കഴിഞ്ഞു.
താക്കോല്‍ദാന ചടങ്ങില്‍ 42 ദിവസം അഭിരാമിക്ക് ആശുപത്രിയില്‍ കൂട്ടിരുന്ന സന്നദ്ധ പ്രവര്‍ത്തകരായ മണിദാസ്, ലാലു എന്നിവരെ ആദരിക്കും. ചടങ്ങില്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ടി.കെ.അഷ്റഫ് അധ്യക്ഷത വഹിക്കും. വാര്‍ത്താ സമ്മേളനത്തില്‍ കമ്മിറ്റി ചെയര്മാന് പി.ടി.കെ.മുഹമ്മദലി, കണ്‍വീനര്‍ കെ.പി.രാജന്, ട്രഷറര്‍ പി.ഇസ്മായില്‍, കെ.ലിനീഷ് എന്നിവര്‍ പങ്കെടുത്തു.