
കോഴിക്കോട്: പന്തീരാങ്കാവ് പോലീസ് സ്റ്റേഷന് പരിധിയിലെ മാളില്‍ മോഷണം നടത്തിയ സംഭവത്തില്‍ ഡിജിറ്റല്‍ മാര്‍ക്കറ്റിംഗ് വിദ്യാര്‍ഥികളായ മലപ്പുറം സ്വദേശികള്‍ പെരിന്തല്‍മണ്ണ
പുളിക്കതൊടി വീട്ടില്‍ മുഹമ്മദ് ഷമീല്‍ (20), തൊട്ടേക്കാട് ആലിക്കപറമ്പില്‍ വീട്ടില്‍ സബിത (19) എന്നിവരെ പന്തീരാങ്കാവ് പോലീസ് പിടികൂടി.
കഴിഞ്ഞ 18ന് വൈകുന്നേരം ഹൈലൈറ്റ് മാളിലെ നെസ്റ്റോ സൂപ്പര്‍ മാര്‍ക്കറ്റില്‍ ഹെല്‍ത്ത് ആന്റ് ബ്യൂട്ടി വിഭാഗത്തില്‍ വില്‍പ്പനയ്ക്ക് വച്ചിരുന്ന എട്ടായിരം രൂപയോളം വിലവരുന്ന കോസ്മെറ്റിക് ഉല്‍പ്പന്നങ്ങള്‍ പ്രതികള്‍ മോഷണം നടത്തി കൊണ്ടു പോകുകയായിരുന്നു. തുടര്‍ന്ന് സ്ഥാപനത്തിലെ ജീവനക്കാരനായ സുജിത് കുമാറിന്റെ പരാതിയില്‍ പന്തീരാങ്കാവ് പോലീസ് കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം നടത്തി വരുകയായിരുന്നു. സംഭവ
സ്ഥലത്തെയും സമീപ പ്രദേശങ്ങളിലെയും നിരവധി സി.സി.ടി.വി ദൃശ്യങ്ങള്‍ പരിശോധിച്ചതില്‍ നിന്നാണ് പ്രതികളെ പറ്റി മനസ്സിലായത്. മെഡിക്കല്‍ കോളേജ് പരിസരത്ത് നിന്നാണ് ഇവരെ കസ്റ്റഡിയിലെടുത്തത്.
പ്രതിയായ സബിതയ്ക്ക് സപ്തംബര്‍ 22ന് അരയിടത്തുപാലം ഗോകുലം മാളിലെ നെസ്റ്റോ സൂപ്പര്‍ മാര്‍ക്കറ്റില്‍ നിന്നു 1000 രൂപയോളം വിലവരുന്ന ചോക്ലേറ്റുകള്‍ മോഷണം നടത്തിയതിന് കേസ് നിലവിലുണ്ട്. പന്തീരാങ്കാവ് സബ്ബ് ഇന്‍സ്പെക്ടര്‍മാരായ അര്ജുന് അജിത്ത്, വിനോദ്, സിവില്‍ പോലീസ് ഓഫീസര്‍ അപര്‍ണ, ഹോം ഗാര്‍ഡ് ജയരാജ് എന്നിവരാണ് അന്വേഷണം നടത്തിയത്. കോടതിയില്‍ ഹാജരാക്കിയ പ്രതികളെ റിമാന്‍ഡ് ചെയ്തു.
















