
വടകര: ഗ്ലോബ് തിയേറ്റര്‍ സംഘടിപ്പിക്കുന്ന രണ്ടാമത് വടകര നാടകോത്സവം ഒക്ടോബര്‍ 27 മുതല്‍ 31 വരെ ടൗണ്‍ഹാളില്‍ നടക്കും. കേരളത്തിലെ പ്രശസ്തമായ അഞ്ച് പ്രൊഫഷണല്‍ നാടക സമിതികള്‍ നാടകോത്സവത്തില്‍ പങ്കെടുക്കുമെന്ന് സംഘാടകസമിതി ഭാരവാഹികള്‍
വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.
27ന് വൈകീട്ട് 5.30ന് പ്രമുഖ നാടകനടനും മുന്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റുമായ ബാബു പറശ്ശേരി നാടകോത്സവം ഉദ്ഘാടനം ചെയ്യും. ചടങ്ങില്‍ നാടകോത്സവത്തിന്റെ സോവനീര്‍ പ്രകാശനവും നടക്കും. നാടകകലയെ പ്രോത്സാഹിപ്പിക്കുക, മികച്ച നാടകാവതരണങ്ങളിലൂടെയും അനുബന്ധ പരിപാടികളിലൂടെയും നാടകാസ്വാദനം സജീവമാക്കുക എന്നിവയാണ് നാടകോത്സവത്തിന്റെ പ്രധാന ലക്ഷ്യങ്ങള്‍. എല്ലാ ദിവസവും വൈകീട്ട് 5.30 മുതല്‍ അനുബന്ധ പരിപാടികളും ഏഴിന് നാടകാവതരണവും നടക്കും.
ഒക്ടോബര്‍ 27: തിരുവനന്തപുരം ശ്രീനന്ദനയുടെ ‘ഇരുവര്‍’, 28: കാഞ്ഞിരപ്പള്ളി അമല കമ്യൂണിക്കേഷന്‍സിന്റെ ‘ഒറ്റ’, 29: അമ്പലപ്പുഴ സൂര്യകാന്തിയുടെ ‘ജീവന്റെ ജീവന്’
30: കോഴിക്കോട് രംഗഭാഷയുടെ ‘ഒരുക്കം’, 31: ചങ്ങനാശ്ശേരി അണിയറയുടെ ‘തിര’
എന്നിവയാണ് നാടകങ്ങള്‍.
നാടകോത്സവത്തോടനുബന്ധിച്ച് നാടകപുസ്തകമേള, പ്രശസ്ത നാടകസംവിധായകന്‍ പൗര്ണമിശങ്കറുമായുള്ള മുഖാമുഖം, നാടകഗാനങ്ങളുടെ അവതരണം, സ്ത്രീപക്ഷ നാടകരംഗത്തെക്കുറിച്ച് പ്രശസ്ത അഭിനേത്രി കലാമണ്ഡലം സന്ധ്യയുടെ പ്രഭാഷണം എന്നിവയും നടക്കും.
നാടകപ്രേമികള്‍ക്കും കലാസ്വാദകര്‍ക്കും ഒരുപോലെ ആസ്വാദ്യകരമായ അനുഭവം സമ്മാനിക്കുന്ന നാടകോത്സവത്തിലേക്ക് ഏവരെയും സ്വാഗതം ചെയ്യുന്നതായി സംഘാടകര്‍ അറിയിച്ചു. മേളയിലേക്കുള്ള പ്രവേശനം പാസ് മുഖേനയായിരിക്കും.
വാര്‍ത്താസമ്മേളനത്തില്‍ സംഘാടകസമിതി ചെയര്മാന് പി.കെ. ദിവാകരന്, കണ്‍വീനര്‍ രാജേഷ് ആവണി, ഗ്ലോബ് പ്രസിഡന്റ് ജയന് മൂരാട്, ട്രഷറര്‍ സനേഷ് കുമാര്‍ എന്നിവര്‍ പങ്കെടുത്തു.
















