വടകര: കേരളത്തിലെ ഉര്‍ദു പഠന മേഖലയും അധ്യാപകരും വിദ്യാര്‍ഥികളും നേരിടുന്ന പ്രശ്നങ്ങള്‍ക്ക് ഉടന്‍ പരിഹാരം കാണ ണമെന്ന് ആവശ്യപ്പെട്ട് കേരള ഉര്‍ദു ടീച്ചേഴ്സ് അസോസിയേഷന് (കെയുടിഎ) വടകര വിദ്യാഭ്യാസ ജില്ലാ കമ്മറ്റി ഡിഇഒ എം. രേഷ്മ മുമ്പാകെ അവകാശ പത്രിക സമര്‍പ്പിച്ചു. അധ്യാപകരുടെ സര്‍വ്വീസ് പ്രശ്നങ്ങളിലേക്ക് ശ്രദ്ധ ക്ഷണിച്ചു കൊണ്ട് അസോസിയേഷന്
സംസ്ഥാന വ്യാപകമായി അവകാശ പത്രിക സമര്‍പണ ദിനം ആചരിക്കുന്നതിന്റെ ഭാഗമായാണ് പത്രിക സമര്‍പിച്ചത്.
ഹയര്‍ സെക്കണ്ടറിയില്‍ ഉര്‍ദു ഭാഷാ പഠനം വിപുലപ്പെടുത്തുക, പാര്‍ട് ടൈം അധ്യാപകരെ സീനിയോറിറ്റി ലിസ്റ്റില്‍ ഉള്‍പെടുത്തുക, പാര്‍ട് ടൈം അധ്യാപകരുടെ മുഴുവന്‍ സര്‍വ്വീസ് കാലയളവും പെന്ഷന്, ഗ്രേഡ്, പ്രമോഷന്, ട്രാന്‍സ്ഫര്‍ എന്നിവയ്ക്ക് പരിഗണന നല്‍കുക, എച്ച്എസ് അധ്യാപക യോഗ്യതയായിരുന്ന ഡിഎല്‍എഡ് പുന:സ്ഥാപിക്കുക, അഞ്ച് വര്‍ഷം പൂര്‍ത്തിയാക്കിയ ഹയര്‍ സെക്കണ്ടറി ജൂനിയര്‍ അധ്യാപകര്‍ക്ക് സീനിയര്‍ ആനുകൂല്യം നല്‍കുക, ലോവര്‍ പ്രൈമറിയില്‍ ഉര്‍ദു പഠനം ആരംഭിക്കുക, ഡിഎ കുടിശ്ശിക നല്‍കുക, സ്റ്റാറ്റിയൂട്ടറി പെന്ഷന് പുന:സ്ഥാപിക്കുക, ഉര്‍ദു സ്പെഷല്‍ ഓഫീസര്‍, റിസര്‍ച് ഓഫീസര്‍ നിയമനങ്ങള്‍ നടത്തുക, സര്‍വ്വീസിലെ മുഴുവന്‍ അധ്യാപകര്‍ക്കും പ്രൊട്ടക്ഷന്‍ നല്‍കുക, സര്‍വ്വീസിലുള്ള അധ്യാപകരെ കെ ടെറ്റില്‍ നിന്ന് ഒഴിവാക്കുക, ഒഴിഞ്ഞു കിടക്കുന്ന ഉര്‍ദു അധ്യാപക തസ്തികകളില്‍ നിയമനം സാധ്യമാക്കുക എന്നീ ആവശ്യങ്ങളാണ് പത്രിക മുന്നോട്ട് വയ്ക്കുന്നത്.
കെയുടിഎ വടകര വിദ്യാഭ്യാസ ജില്ലാ പ്രസിഡന്റ് ഷെഹ്സാദ് വേളം പത്രിക സമര്‍പ്പിച്ചു. സെക്രട്ടറി അബുലൈസ് കാക്കുനി, ട്രഷറര്‍ നിഷ ചെക്കോട്ടി ബസാര്‍, വിദ്യാഭ്യാസ ജില്ലാ കമ്മറ്റി അംഗങ്ങളായ അബുല്ല എ.കെ, നൗഫല്‍ സി.വി, റിഷാദ് മേലടി, ദില്‍ന, രജിന എന്നിവര്‍ പങ്കാളികളായി.