നാദാപുരം: ഓട്ടമത്സരങ്ങളില്‍ നേടിയ മികവുമായി അതിഥി തൊഴിലാളിയുടെ മകന് സംസ്ഥാന തലത്തിലേക്ക്. വട്ടോളി സംസ്കൃതം ഹൈസ്കൂള്‍ വിദ്യാര്‍ഥി മുഹമ്മദ്
അനസാണ് മൂന്നിനങ്ങളില്‍ തിളങ്ങിയത്. കോഴിക്കോട് നടന്ന ജില്ലാ കായിക മേളയില്‍ 200 മീറ്റര്‍, 400 മീറ്റര്‍, 400 മീറ്റര്‍ റിലേ എന്നിവയില്‍ മികച്ച പ്രകടനം കാഴ്ചവെച്ച ഈ മിടുക്കന് സംസ്ഥാന കായിക മേളയില്‍ മിന്നും പ്രകടനം നടത്താന്‍ കാത്തിരിക്കുകയാണ്.
നാദാപുരം 15-ാം വാര്‍ഡിലെ വരിക്കോളി മത്തത്ത് താമസിക്കുന്ന അതിഥി തൊഴിലാളി സിയാഹുല്‍ ഹഖിന്റെ മകനാണ് അനസ്. വാര്‍ഡ് വികസന സമിതി ഭാരവാഹികള്‍ വീട്ടിലെത്തി അനസിനെ അനുമോദിച്ചു. ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് അഡ്വ. കെ.എം.രഘുനാഥ് ഉപഹാരം നല്കി. പ്രതികൂല സാഹചര്യങ്ങളെ മറികടന്ന് കായികരംഗത്ത് വലിയ മുന്നേറ്റം നടത്തുന്ന ഈ മിടുക്കനെ പ്രോത്സാഹിപ്പിക്കാനാണ് വാര്‍ഡ് വികസനസമിതി തീരുമാനം. വികസനസമിതി കണ്‍വീനര്‍ എസ്.എം.അഷ്റഫ്, സഫീര്‍ തയ്യില്‍, രാജന് കേളപ്പന് എന്നിവരുടെ സാന്നിധ്യത്തിലായിരുന്നു ഉപഹാരം നല്‍കിയത്. കായികരംഗത്ത് അനസിന് തുടര്‍ന്നും വലിയ ഉയരങ്ങള്‍ കീഴടക്കാന്‍ സാധിക്കട്ടെയെന്ന് ഭാരവാഹികള്‍ ആശംസിച്ചു.















