വടകര: ദേശീയ പാത നിര്‍മാണ പ്രവൃത്തിയുടെ ഭാഗമായി കോട്ടക്കടവ് റോഡ് അടച്ചതിനാല്‍ ജനങ്ങള്‍ ദുരിതത്തിലായി. ദേശീയപാതയിലെ പുതുപ്പണം കോട്ടക്കടവ് ഭാഗത്താണ് സര്‍വീസ്
റോഡില്‍ നിന്നുള്ള വാഹനങ്ങളുടെ പ്രവേശനം അധികൃതര്‍ അടച്ചത്. ഇതോടെ കോട്ടക്കടവ്, കക്കട്ടിയില്‍ ഭാഗത്തേക്ക് പോവേണ്ടവരും വാഹനങ്ങളും ബുദ്ധിമുട്ടിലായി. റോഡിലൂടെ വരുന്ന ചെറിയ വാഹനങ്ങള്‍ക്കുള്‍പ്പെടെ മറ്റ് റോഡിലേക്ക് കയറി സര്‍വീസ് നടത്താന്‍ റോഡിന്റെ ഉയരം കാരണം കഴിയാത്ത സ്ഥിതിയാണ്. ഇതോടെ നാട്ടുകാര്‍ പ്രതിഷേധവുമായി രംഗത്തെത്തി. സംഭവമറിഞ്ഞ് വടകര പോലീസും സ്ഥലത്തെത്തി.
വടകര ടൗണില്‍ നിന്നു കോട്ടക്കടവ് ബസ് സ്റ്റോപ്പിന്റെ പടിഞ്ഞാറ് ഭാഗത്തുള്ള പ്രവേശനമാണ് പ്രവൃത്തിയുടെ ഭാഗമായി ബുധനാഴ്ച രാവിലെ മുതല്‍ അടച്ചത്. ഇതോടെ റെയില്‍വേ ഗേറ്റിന്റെ പടിഞ്ഞാറ് ഭാഗത്തേക്കുള്ള വഴി ഇല്ലാതായി. നിര്‍മാണ കമ്പനി അനുവദിച്ചു നല്കിയ വഴിയില്‍ പ്രധാന റോഡിലേക്ക് പ്രവേശിക്കാനുള്ള സൗകര്യങ്ങളും ഇല്ല. വാഹനങ്ങള്‍ വളരെ പ്രയാസപ്പെട്ടാണ് ഇതു വഴി കടന്നു പോകുന്നത്. കമ്പനി തൊഴിലാളികള്‍ പ്രദേശത്തിന്റെ പൊതു സ്ഥിതി മനസിലാക്കാതെ റോഡ് അടച്ചത് നാട്ടുകാരില്‍ പ്രതിഷേധത്തിനിടയാക്കി. തൊട്ടടുത്തുള്ള അണ്ടര്‍ പാസിലെ റോഡില്‍ വെള്ളം കെട്ടി നില്‍ക്കുന്നത് കോട്ടക്കടവ് ഭാഗത്തേക്കുള്ള കാല്‍നട യാത്രക്കും വാഹനങ്ങള്‍ക്കും ബുദ്ധിമുട്ട് ഉണ്ടാക്കിയിരുന്നു. അതിനിടയിലാണ് സര്‍വീസ് റോഡും അടച്ച് നിര്‍മാണ കമ്പനി ജനങ്ങളെ ദുരിതത്തിലേക്ക് തള്ളിവിട്ടത്.















