കുറ്റ്യാടി: വടകര-വില്ല്യാപ്പള്ളി – ചേലക്കാട് റോഡ് പ്രവൃത്തിയുമായി ബന്ധപ്പെട്ട ഭൂമിയുടെ അതിരുകൾ മാർക്ക് ചെയ്യുന്ന പ്രവൃത്തി ഉടൻ പൂർത്തിയാക്കുമെന്ന് എം.എൽ.എ കുഞ്ഞമ്മത്കുട്ടി. പ്രവൃത്തിയുടെ എസ്റ്റിമേറ്റ് അംഗീകരിക്കുന്നതിനായുള്ള
നടപടിക്രമങ്ങൾ എസ് പി വി ആയ കെ ആർ എഫ് ബി യുടെ നേതൃത്വത്തിൽ നടന്നുവരികയാണ്. ചില ഭൂവുടമകൾ റോഡ് വികസനത്തിനായി ഭൂമി വിട്ടു നൽകുന്നതിനുള്ള സമ്മതപത്രം നൽകാത്തതാണ് നിലവിൽ നേരിടുന്ന പ്രയാസമെന്നും

എംഎൽഎ അറിയിച്ചു. ഭൂമി വിട്ടുനൽകാനുള്ള സമ്മതപത്രം നൽകാൻ ബാക്കിയുള്ള ഭൂവുടമകളെ നേരിൽ കണ്ട് കാര്യങ്ങൾ വീണ്ടും ബോധിപ്പിക്കുന്നതിനായുള്ള പ്രവർത്തനങ്ങൾ സംബന്ധിച്ച് കല്ലേരിയിൽ വെച്ച് കഴിഞ്ഞദിവസം ചേർന്ന് യോഗത്തിൽ

തീരുമാനമെടുത്തിട്ടുണ്ടെന്നും റോഡിൽ രൂപപ്പെട്ടിട്ടുള്ള കുണ്ടും കുഴിയും അടിയന്തരമായി അടച്ച് ,റോഡിലൂടെയുള്ള ഗതാഗതത്തിനുള്ള പ്രയാസം പരിഹരിക്കണമെന്നും യോഗത്തിൽ
നിർദ്ദേശം നൽകിയതായും അദ്ദേഹം പറഞ്ഞു. ഈ റോഡിൻ്റെ ചില ഭാഗങ്ങളിൽ

പൊതുമരാമത്ത് വകുപ്പിന്റെ ഭൂമിയുടെ അതിരുകൾ മാർക്ക് ചെയ്യേണ്ട കാര്യം നിരവധി പ്രദേശവാസികൾ അറിയിച്ചിട്ടുണ്ട്. ചില ഭാഗങ്ങളിൽ റോഡിൽ കയ്യേറ്റമുള്ള പരാതിയും ലഭിച്ചിട്ടുണ്ട്. ഇത്തരം ഭാഗങ്ങളിൽ റോഡിൻറെ അതിരുകൾ അടയാളപ്പെടുത്തുന്ന പ്രവർത്തി ഉടൻ പൂർത്തിയാകും. ഇക്കാര്യം ചർച്ച ചെയ്യുന്നതിനായി വടകര റസ്റ്റ് ഹൗസിൽ വച്ച് ചേർന്ന യോഗത്തിൽ തഹസിൽദാർ വർഗ്ഗീസ്, കെ ആർ എഫ് ബി അസിസ്റ്റൻറ് എൻജിനീയർ റീത്തു , വില്ല്യാപ്പള്ളി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് കെ.ബിജുള ,പുറമേരി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് അഡ്വ. വി ജ്യോതിലക്ഷ്മി, ആയഞ്ചേരി ഗ്രാമപഞ്ചായത്ത് സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ അഷ്റഫ് മാസ്റ്റർ,റോഡ് വികസന കമ്മിറ്റി പ്രതിനിധികൾ എന്നിവർ യോഗത്തിൽ പങ്കെടുത്തു.