കോഴിക്കോട്: ഒക്ടോബർ രണ്ടിന് ആരംഭിച്ച് 2025 മാർച്ച് 30ന് ലോക സീറോ വേസ്റ്റ് ദിനത്തിൽ അവസാനിക്കുന്ന മാലിന്യമുക്തം നവകേരളം ജനകീയ കാമ്പയിൻ ജില്ലയിൽ വൻ വിജയമാക്കണമെന്ന് ജില്ലാ കലക്ടർ സ്നേഹിൽ കുമാർ സിംഗ്. സംസ്ഥാന വ്യാപകമായി നടക്കുന്ന രണ്ടാം ഘട്ട മലിന്യ മുക്ത ക്യാമ്പയിൻ പ്രവർത്തനങ്ങൾ ജില്ലയിൽ വൻ വിജയമാക്കുന്നതിൻ്റെ ഭാഗമായി ജില്ലാ പഞ്ചായത്ത് ഹാളിൽ നടന്ന ജില്ലാതല നിർവ്വഹണ

സമിതി രൂപീകരണ യോഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. മികച്ച മാലിന്യ സംസ്കരണ പദ്ധതികളിലൂടെയും പരിപാടികളിലൂടെയും കോഴിക്കോട് ജില്ല മാതൃകാപരമായ പ്രവർത്തനം കാഴ്ച വെക്കണമെന്നും അദ്ദേഹം പറഞ്ഞു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ചെയർപേഴ്സണും ജില്ലാ കലക്ടർ കൺവീനറുമായാണ് ജില്ലാ നിർവഹണ സമിതിക്ക് രൂപം നൽകിയത്. എഡിഎം, ഹരിതകേരള മിഷൻ ജില്ലാ കോഡിനേറ്റർ എന്നിവർക്കാണ് ക്യാമ്പയിൻ്റെ ഏകോപന ച്ചുമതല. ബ്ലോക്ക് – നഗരസഭാ – പഞ്ചായത്ത് വാർഡ് തലങ്ങളിലും ഉടൻ നിർവഹണ സമിതികൾ രൂപീകരിക്കാൻ യോഗം ബന്ധപ്പെട്ടവർക്ക് നിർദ്ദേശം നൽകി.
യോഗത്തിൽ ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് അഡ്വ. പി ഗവാസ് അദ്ധ്യക്ഷനായി. ഫറോക്ക് മുനിസിപ്പാലിറ്റി ചെയർമാൻ അബ്ദുൾ റസാക്ക് എൻ സി, ജില്ല പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്ഥിരം സമിതി അധ്യക്ഷ നിഷ പുത്തൻപുരയിൽ, ബ്ലോക്ക് പഞ്ചായത്ത് അസോസിയേഷൻ പ്രസിഡൻ്റ് ബാബു എം.പി, എൽ എസ് ജി ഡി ജോയിൻ്റ് ഡയരക്ടർ അരുൺ ടി.ജെ സംസാരിച്ചു.ഹരിതകേരളം കർമ്മപദ്ധതി ജില്ലാ കോർഡിനേറ്റർ പി ടി പ്രസാദ് ക്യാമ്പയിൻ പ്ലാൻ അവതരിപ്പിച്ചു. എൽ എസ് ജി ഡി അസിസ്റ്റൻ്റ് ഡയറക്ടർ പൂജ ലാൽ മാലിന്യ പദ്ധതികളെ കുറിച്ച് വിശദീകരിച്ചു. എ ഡി എം മുഹമ്മദ് റഫീഖ് സ്വാഗതവും ജില്ലാ ശുചിത്വ മിഷൻ കോർഡിനേറ്റർ ഗൗതമൻ എം നന്ദിയും പറഞ്ഞു.

കുടുംബശ്രീ പ്രവർത്തകർ, രാഷ്ടീയ, യുവജന, വിദ്യാർഥി, തൊഴിലാളി, വ്യാപാരി വ്യവസായി, സന്നദ്ധ സംഘടനാ പ്രതിനിധികൾ, സർക്കാർ വകുപ്പുകൾ, ഏജൻസികൾ തുടങ്ങിയവർ ജില്ലാ നിർവഹണ സമിതി രൂപീകരണ യോഗത്തിൽ പങ്കാളികളായി. യോഗത്തിൽ സംസാരിച്ചവർ ജില്ലയിലെ ക്യാമ്പയിൻ പ്രവർത്തനങ്ങൾക്ക് പൂർണ പിന്തുണ വാഗ്ദാനം ചെയ്തു. മലിന്യ മുക്ത കേരളത്തെ കുറിച്ചുള്ള ബോധവത്കരണം കുട്ടികളിൽ നിന്ന് ആരംഭിക്കുന്നതിൻ്റെ ഭാഗമായി സ്കൂൾ തലത്തിൽ ആവശ്യമായ ഇടപെടലുകൾ നടത്താൻ യോഗത്തിൽ തീരുമാനമായി. സർക്കാറിതര സംഘടനകളെ കൂടി കാമ്പയിനിൻ്റെ ഭാഗമാക്കാനും സിഎസ്ആർ ഫണ്ട് ഉപയോഗപ്പെടുത്തി ക്യാമ്പയിൻ കൂടുതൽ വിപുലമാക്കാനും നിർദ്ദേശമുയർന്നു.

2025 മാർച്ച് 30 ന് കേരളം സമ്പൂർണ ശുചിത്വ സംസ്ഥാനമായി മാറുന്ന വേളയിൽ ആ നേട്ടം കൈവരിക്കുന്ന ആദ്യത്തെ ജില്ലയായി കോഴിക്കോടിന് മാറാൻ കഴിയണമെന്നും അതിന് ചിട്ടയായതും കൂട്ടായതുമായ പ്രവർത്തനങ്ങൾ വേണമെന്നും യോഗത്തിൽ ധാരണയായി.
കേരളം സമ്പൂർണ ശുചിത്വ സംസ്ഥാനമാക്കുക എന്ന ലക്ഷ്യത്തോടെയാണ് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ നേതൃത്വത്തിൽ രണ്ടാം ഘട്ട മാലിന്യമുക്തം നവകേരളം ജനകീയ ക്യാമ്പയിൻ സംഘടിപ്പിക്കുന്നത്.
ശുചിത്വ, മാലിന്യ സംസ്കരണ മേഖലയിലെ വിവിധ ഘടകങ്ങളെ ഏകോപിപ്പിച്ച് സംസ്ഥാനതലം മുതല്‍ വാർഡ് തലം വരെയുള്ള പ്രവര്‍ത്തനങ്ങളാണ് ഇതിൻ്റെ ഭാഗമായി ആസൂത്രണം ചെയ്തിട്ടുള്ളത്.

ജില്ലാതലത്തിലും തദ്ദേശ സ്ഥാപന തലങ്ങളിലും സജ്ജമാക്കിയ മാലിന്യ സംസ്കരണ മാതൃകകള്‍ നാടിന് സമര്‍പ്പിച്ചുകൊണ്ടുള്ള ഉദ്ഘാടന പരിപാടിയോടെയാണ് ജനകീയ ക്യാമ്പയിന് തുടക്കമാവുക. ഇതിനകം പൂര്‍ത്തീകരിച്ച മാതൃകാ പരിപാടികള്‍ ഇതിനായി തിരഞ്ഞെടുക്കും. ആറുമാസം കൊണ്ട് വിവിധ ഘട്ടങ്ങളിലായി പൂര്‍ത്തിയാക്കുന്ന ക്യാമ്പയിന്റെ വിജയത്തിനായി വിവിധ സംഘടനകളെ പങ്കെടുപ്പിച്ചുകൊണ്ടുള്ള യോഗങ്ങളും പരിശീലന പരിപാടികളും ഇതിനകം ആരംഭിച്ചു കഴിഞ്ഞു. ഗാന്ധിജയന്തി ദിനത്തിൽ ആരംഭിച്ച് 2025 മാർച്ച് 30ന് അന്താരാഷ്ട്ര സീറോ വേസ്റ്റ് ദിനത്തിൽ ക്യാമ്പയിൻ അവസാനിക്കും.