ചോറോട്: പി വി അൻവർ എം എൽ എ സംസ്ഥാന പോലീസ് സേനയിലെ ഉന്നതർക്കെതിരെ ഉന്നയിച്ച ഗുരുതര ആരോപണങ്ങളിൽ അന്വേഷണം വഴിപാട് ആകരുതെന്നും ആ നിലയിലുള്ള തൊലിപ്പുറത്തെ ചികിത്സകൾ കൊണ്ടൊന്നും കേരള പോലീസ് നന്നാവില്ലെന്നും ആർ ജെ ഡി ചോറോട് പഞ്ചായത്ത് കമ്മിറ്റി യോഗം അഭിപ്രായപ്പെട്ടു. രാജ്യദ്രോഹപ്രവർത്തനങ്ങളും സ്വർണ്ണക്കടത്തും ക്വട്ടേഷനുമുൾപ്പടെ അതീവ ഗുരുതരമായ ആരോപണങ്ങൾ ഉയന്നു വന്നിരിക്കുന്ന സാഹചര്യത്തിൽ ബന്ധപ്പെട്ട പോലീസ് ഉദ്യോഗസ്ഥരെ ഔദ്യോഗിക ചുമതലയിൽ നിന്ന് മാറ്റിനിർത്തിക്കൊണ്ട് പഴുതടച്ചുള്ള

അന്വേഷണമാണ് വേണ്ടത്. ഇത്തരം സംഭവങ്ങൾ സർക്കാറിനെയും മുന്നണിയേയും ആകമാനം ബാധിക്കുന്നതാണെന്നും, എൽ ഡി എഫ് നേതൃതല യോഗം ഈ കാര്യങ്ങൾ സമഗ്രമായി വിലയിരുത്തണമെന്നും യോഗം അഭിപ്രായപ്പെട്ടു. വരുന്ന പഞ്ചായത്ത് തിരഞ്ഞെടുപ്പിന് പാർട്ടി സഖാക്കളെ തയ്യാറാക്കുന്നതിലേക്ക് ‘ഒരുക്കം’ എന്ന പേരിൽ പാർട്ടി കേഡർമാരെ ഉൾപ്പെടുത്തി ഈ മാസാവസാനം വൈക്കിലശ്ശേരിയിൽ ഒരു ഏകദിന ശില്പശാല സംഘടിപ്പിക്കുവാൻ തീരുമാനിച്ചു. ഒക്ടോബർ രണ്ട് ഗാന്ധിജയന്തി ദിനത്തിൽ ബാലജനതാ സംഗമം ചോറോട് ഈസ്റ്റിൽ സംഘടിപ്പിക്കുവാനും യോഗം തീരുമാനിച്ചു.

മുൻ എം എൽ എ എം കെ പ്രേംനാഥിൻ്റെ ചരമദിനമായ സെപ്തംബർ 29-ാം തിയ്യതി ലോഹ്യാ മന്ദിരം, മലോൽമുക്ക്, പുത്തൻതെരു, മാങ്ങോട്ട് പാറ, ചേന്ദമംഗലം, കുരിയാടി എന്നി പ്രദേശങ്ങളിൽ പുഷ്പാർച്ചനയും, പ്രഭാതഭേരിയും നടത്തുവാൻ തീരുമാനിച്ചു. അന്ന് വൈകുന്നേരം വടകര ടൗൺ ഹാളിൽ വെച്ച് നടക്കുന്ന അനുസ്മരണ പരിപാടിയിൽ പഞ്ചായത്തിലെ മുഴുവൻ പാർട്ടി പ്രവർത്തകരെയും പങ്കെടുപ്പിക്കും.
ഒക്ടോബർ മാസം രണ്ടാം വാരത്തിൽ പഞ്ചായത്ത് തലത്തിൽ ഒരു സഹകാരി സംഗമം വിളിച്ചു ചേർക്കാനും യോഗം തീരുമാനിച്ചു. പാർട്ടി പഞ്ചായത്ത് കമ്മിറ്റി അംഗങ്ങൾ മേൽ കമ്മിറ്റി അംഗങ്ങൾ വാർഡ് പ്രസിഡണ്ടുമാർ ജനപ്രതിധികൾ പ്രത്യേക ക്ഷണിതാക്കൾ

എന്നിവരടങ്ങിയ സമ്പൂര്ണ പാർട്ടി പഞ്ചായത്ത് കമ്മിറ്റി യോഗമാണ് ചോറോട് എൽ പി സ്കൂൾ ഹാളിൽ വെച്ചു നടന്നത്. യോഗത്തിൽ പാർട്ടി പഞ്ചായത്ത് കമ്മിറ്റി പ്രസിഡണ്ട് കെ.എം നാരായണൻ അധ്യക്ഷത വഹിച്ചു. മേൽ കമ്മിറ്റി തീരുമാനങ്ങൾ ആർ ജെ ഡി ജില്ലാ കമ്മിറ്റിയംഗം ശ്രീജേഷ് നാഗപ്പള്ളി റിപ്പോർട്ട് ചെയ്തു. രാമചന്ദ്രൻ കൊല്ലോടി, പി.കെ.ഉദയകുമാർ, കെ സുരേഷ് ബാബു, കെ എം ഷൈജൻ, എം എം നാരായണൻ, എൻ എം പ്രസാദ്, പി സി ശശീന്ദ്രൻ, സി വാസു, കെ ടി കെ ശേഖരൻ, പി സുരേഷ്, എൻ എം പ്രകാശൻ തുടങ്ങിയവർ ചർച്ചകളിൽ പങ്കെടുത്ത് സംസാരിച്ചു.