കൊയിലാണ്ടി: സായാഹ്നം ഉല്ലാസകരമാക്കുന്നതിന് കൊയിലാണ്ടി നഗരത്തില്‍ ഹാപ്പിനെസ് പാര്‍ക്ക് തുറന്നു. പൊതുമരാമത്ത്-ടൂറിസം മന്ത്രി പി.എ.മുഹമ്മദ് റിയാസ് ഉദ്ഘാടനം നിര്‍വഹിച്ചു. കാനത്തില്‍ ജമീല എംഎല്‍എ അധ്യക്ഷയായി.
നഗരവാസികള്‍ക്ക് സന്തോഷകരമായ സായാഹ്നം ചെലവഴിക്കുന്നതിനായി സ്നേഹാരാമങ്ങളും ഹാപ്പിനെസ് പാര്‍ക്കുകളും നിര്‍മിക്കുക എന്ന സംസ്ഥാന സര്‍ക്കാരിന്റെ നിര്‍ദ്ദേശപ്രകാരമാണ് കൊയിലാണ്ടി നഗരസഭ നഗരത്തിന്റെ വിവിധ ഭാഗങ്ങളില്‍ ഇവ നിര്‍മിക്കുന്നതിനുള്ള പദ്ധതി തയ്യാറാക്കിയിരിക്കുന്നത്. കൊയിലാണ്ടി നഗര ഹൃദയ ഭാഗത്ത് കെ എം രാജീവനാണ് (സ്റ്റീല്‍ ഇന്ത്യ) പാര്‍ക്ക് നിര്‍മ്മിച്ച് നല്‍കിയത്.
ഉദ്ഘാടന ചടങ്ങില്‍ നഗരസഭ ചെയര്‍പേഴ്സണ്‍ കെ.പി.സുധ, സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്മാന്മാരായ ഇ.കെ.അജിത്ത്, കെ.ഷിജു, കെ.എ.ഇന്ദിര, സി.പ്രജില, നിജില പറവക്കൊടി, കൗണ്‍സിലര്‍മാരായ പി.രത്നവല്ലി, വി.പി.ഇബ്രാഹിംകുട്ടി, കെ.കെ.വൈശാഖ്, എ.ലളിത തുടങ്ങിയവര്‍ സംസാരിച്ചു..
പ്രശസ്ത ഓടക്കുഴല്‍ സംഗീത വിദഗ്ധന്‍ എഫ്.ടി.രാജേഷ് ചേര്‍ത്തലയുടെ സംഗീതവിരുന്ന് അരങ്ങേറി.
പാര്‍ക്കില്‍ കുടിവെള്ള സൗകര്യം, ഫ്രീ വൈഫൈ, ടി.വി, എഫ്എം റേഡിയോ, സിസിടിവി എന്നിവ ഒരുക്കിയിട്ടുണ്ട്. സായാഹ്നങ്ങളില്‍ നഗരസഭയുടെ മുന്‍കൂര്‍ അനുവാദത്തോടെ സാംസ്കാരിക പരിപാടികള്‍ സംഘടിപ്പിക്കാം.