വടകര: അമൃത് ഭാരത് പദ്ധതിയിലുള്‍പ്പെടുത്തി 22 കോടി രൂപ ചെലവില്‍ നവീകരിച്ച വടകര റെയില്‍വേ സ്റ്റേഷന്റെ ഔപചാരിക ഉദ്ഘാടനം പ്രധാനമ ന്ത്രി നരേന്ദ്രമോദി നാളെ (വ്യാഴം) ഓണ്‍ലൈനായി നിര്‍വഹിക്കും. രാവിലെ 9.15ന് ഉദ്ഘാടനച്ചടങ്ങുകള്‍ റെയില്‍വേ സ്റ്റേഷനില്‍ ആരംഭിക്കും. എംപി, എംഎല്‍എ ഉള്‍പ്പെടെയുള്ള ജനപ്രതിനിധികള്‍ സംബന്ധിക്കും.
അമൃത് ഭാരത് പദ്ധതിപ്രകാരം 22 കോടി ചെലവില്‍ ബൃഹത്ത് വികസനമാണ് വടകരയില്‍ പൂര്‍ത്തിയായത്. അത്യാധുനിക സൗകര്യങ്ങളാണ് സ്‌റ്റേഷനില്‍ ഒരുക്കിയിരിക്കുന്നത്. 710 മീറ്റര്‍ നീളമുള്ള മൂന്ന് പ്ലാറ്റ്‌ഫോമുകളാണുള്ളത്. സാധാരണയേക്കാള്‍ വീതിയേറിയതാണ് ഒന്നാം പ്ലാറ്റ്‌ഫോം. 8582 സ്‌ക്വയര്‍ മീറ്റര്‍ പാര്‍ക്കിങ് സൗകര്യമാണ് വാഹനങ്ങള്‍ക്ക് ഒരുക്കിയിട്ടുള്ളത്, ഇരിപ്പിടങ്ങള്‍, കുടിവെള്ളം, വൈദ്യുത വിളക്കുകളും ഫാനുകളും, സിസിടിവി ക്യാമറകള്‍, കോച്ച് പൊസിഷന്‍ ഡിസ്പ്ലേ ബോര്‍ഡുകള്‍ തുടങ്ങിയവയെല്ലാം സ്റ്റേഷനില്‍ സജ്ജീകരിച്ചിട്ടുണ്ട്. പാലക്കാട് ഡിവിഷന്‍ റെയില്‍വേ മാനേജര്‍ അരുണ്‍ ചതുര്‍വേദി, എഡിആര്‍ എം.എസ്.ജയകൃഷ്ണന്‍ തുടങ്ങിയ റെയില്‍വേയിലെ ഉന്നതോദ്യോഗസ്ഥര്‍ കഴിഞ്ഞ ദിവസം റെയില്‍വേ സ്റ്റേഷന്‍ സന്ദര്‍ശിച്ച് നിര്‍മാണപ്രവര്‍ത്തനങ്ങള്‍ വിലയിരുത്തി.