കോഴിക്കോട്: ജില്ലയിലെ മത്സ്യത്തൊഴിലാളികള്‍ക്കും അനുബന്ധ തൊഴിലാളികള്‍ക്കും സമ്പാദ്യ സമാശ്വാസ പദ്ധതിയില്‍ ഈ വര്‍ഷം വിതരണം ചെയ്തത് 4.4 കോടിയോളം രൂപ. 2023-24 വര്‍ഷത്തില്‍ സമ്പാദ്യ സമാശ്വാസ പദ്ധതിയില്‍ അംഗങ്ങളായി ചേര്‍ന്ന് ഗുണഭോക്തൃ വിഹിതം അടച്ച 15651 പേര്‍ക്കാണ് ഇത്രയും തുക വിതരണം ചെയ്തത്.

മത്സ്യത്തൊഴിലാളികള്‍ക്കിടയില്‍ സമ്പാദ്യ ശീലം വളര്‍ത്തുക, പഞ്ഞമാസ കാലയളവില്‍ തൊഴില്‍ നഷ്ടമുണ്ടാവുന്നത് മൂലമുള്ള സാമ്പത്തിക പ്രയാസങ്ങള്‍ ലഘൂകരിക്കുക എന്നീ ലക്ഷ്യങ്ങളോടെ കേന്ദ്ര- സംസ്ഥാന സര്‍ക്കാരുകളള്‍ സംയുക്തമായി നടപ്പിലാക്കുന്ന പദ്ധതിയാണ് സമ്പാദ്യ സമാശ്വാസ പദ്ധതി. ഓരോ വര്‍ഷവും ഡിസംബര്‍ മുതലുള്ള ഒന്‍പത് മാസങ്ങള്‍ക്കിടയില്‍ 500 രൂപ വീതം മൂന്നു തവണകളായി 1500 രൂപ ഗുണഭോക്തൃവിഹിതമായി ശേഖരിച്ചാണ് പദ്ധതി നടപ്പിലാക്കുന്നത്. ഈ തുകയുടെ കൂടെ കേന്ദ്ര, സംസ്ഥാന സര്‍ക്കാരുകളുടെ വിഹിതമായി 1500 രൂപ വീതം 3000 രൂപ കൂടി ചേര്‍ത്ത് 4500 രൂപയാണ് മത്സ്യത്തൊഴിലാളികള്‍ക്ക് തിരികെ നല്‍കുക.

പദ്ധതി പ്രകാരമുള്ള ആദ്യ ഗഡുവായ 1500 രൂപ ട്രോളിംഗ് നിരോധന കാലയളവില്‍ തന്നെ പദ്ധതി അംഗങ്ങള്‍ക്കിടയില്‍ വിതരണം ചെയ്തിരുന്നു. ഇതിന്റെ ബാക്കി തുകയായ 3000 രൂപയുടെ വിതരണമാണ് ഇപ്പോള്‍ വിതരണം പൂര്‍ത്തിയാക്കിയിരിക്കുന്നത്. പദ്ധതിയില്‍ അംഗമായി ഉപഭോക്തൃ വിഹിതം നല്കിയ മുഴുവന്‍ പേര്‍ക്കും പദ്ധതി പ്രകാരമുള്ള തുക ഓണത്തിന് മുന്നോടിയായി നല്കാന് കഴിഞ്ഞുവെന്നത് ഏറെ ചാരിതാര്‍ഥ്യജനകമാണെന്ന് കോഴിക്കോട് ഫിഷറീസ് ഡെപ്യൂട്ടി ഡയരക്ടര്‍ പി വി സതീശന് പറഞ്ഞു. ഓരോ പദ്ധതി അംഗങ്ങള്‍ക്കും അവര്‍ അടച്ച ഉപഭോക്തൃ വിഹിതത്തിന്റെ തോതനുസരിച്ചുള്ള തുക ഗുണഭോക്താക്കളുടെ ബാങ്ക് അക്കൗണ്ടുകളിലേക്ക് നേരിട്ട് നല്‍കുകയാണ് ചെയ്തത്.

പദ്ധതി നിര്‍വഹണത്തില്‍ 100% കുറ്റമറ്റ രീതിയില്‍, സമയബന്ധിതമായി ഗുണഭോക്താക്കളുടെ അക്കൗണ്ടിലേക്ക് കേന്ദ്ര-സംസ്ഥാന വിഹിതം നേരിട്ട് എത്തുന്ന രീതിയില്‍ പബ്ലിക് ഫിനാന്‍സ് മാനേജ്മെന്റ് സിസ്റ്റം (പിഎഫ്എംഎസ്) സോഫ്റ്റ്വെയര് മുഖേന ക്രോസ് വെരിഫിക്കേഷന് നടത്തിയാണ് തുക അനുവദിച്ചത്. ഇത് ഗുണഭോക്താക്കളായ മത്സ്യത്തൊഴിലാളികള്‍ക്ക് കാലതാമസം കൂടാതെ ഫണ്ട് വിതരണം ചെയ്യുന്നതിന് വഴിയൊരുക്കിയതായും അദ്ദേഹം അറിയിച്ചു.