
കഴിഞ്ഞ ദിവസമാണ് മദ്ധ്യപ്രദേശ് മന്ത്രി വിജയ് ഷാ, കേണൽ സോഫിയ ഖുറേഷിക്കെതിരെ അധിക്ഷേപ പരാമർശം നടത്തിയത്. ഭീകരരുടെ സഹോദരിയെന്നാണ് സോഫിയ ഖുറേഷിയെ പൊതുപരിപാടിയിൽ വിജയ് ഷാ പറഞ്ഞത്. നമ്മുടെ പെൺമക്കളെ വിധവകളാക്കിയ ഭീകരരെ പാഠം പഠിപ്പിക്കാനായി അവരുടെ സഹോദരിയെ തന്നെ അയച്ചുവെന്നാണ് മന്ത്രി പറഞ്ഞത്. ഈ പരാമർശം വിവാദമായതോടെ മന്ത്രി വിജയ് ഷാ മാപ്പ് പറയുകയും ചെയ്‌തിരുന്നു.
ഓപ്പറേഷൻ സിന്ദൂറിന്റെ ഭാഗമായി പ്രതിരോധ – വിദേശകാര്യ മന്ത്രാലയം നടത്തിയ വാർത്താ സമ്മേളനങ്ങളിലൂടെയാണ് കേണൽ സോഫിയ ഖുറേഷി ശ്രദ്ധിക്കപ്പെടുന്നത്. ഓപ്പറേഷൻ സിന്ദൂറിനെക്കുറിച്ച് വിശദീകരണത്തിനായി കേണൽ സോഫിയ ഖുറേഷിയെയും വിംഗ് കമാൻഡർ വ്യോമിക സിംഗിനെയുമാണ് ചുമതലപ്പെടുത്തിയിരുന്നത്. പലതവണ ഇവരുവരും വാർത്താസമ്മേളനത്തിൽ പങ്കെടുത്തിരുന്നു.
ഇന്ത്യൻ സൈന്യത്തിന്റെ ‘കോർപ്‌സ് ഒഫ് സിഗ്നൽസിൽ’ നിന്നുള്ള ഓഫീസറാണ് കേണൽ സോഫിയ ഖുറേഷി. 35 വയസിനുള്ളിൽ ചരിത്രപരമായ പല നേട്ടങ്ങളും ഈ ഉന്നത സൈനിക ഉദ്യോഗസ്ഥ സ്വന്തമാക്കിയിട്ടുണ്ട്. 2016 മാർച്ചിൽ, അന്ന് ലെഫ്റ്റനന്റ് കേണൽ ആയിരിക്കെ ഒരു ബഹുരാഷ്ട്ര സൈനികാഭ്യാസത്തിൽ ഒരു സൈനിക സംഘത്തെ നയിക്കുന്ന ആദ്യ വനിതാ ഓഫീസറെന്ന നേട്ടം കൊയ്തുകൊണ്ടാണ് സോഫിയ ഖുറേഷി ആദ്യ നാഴികക്കല്ല് പിന്നിട്ടത്.