കടമേരി: ആയഞ്ചേരി ഗ്രാമ പഞ്ചായത്ത് ഹരിത കർമ്മസേനയ്ക് വാർഡുകളിൽ നിന്ന് അജൈവ മാലിന്യങ്ങൾ എം.സി.എഫിൽ എത്തിക്കുന്നതിന് വേണ്ടി വാങ്ങിയ വാഹനം ആറ് മാസങ്ങളായ് ഷെഡ്ഡിൽ കിടക്കുന്നു. 2023-24 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി ഏഴര ലക്ഷം രൂപ ഉപയോഗിച്ചാണ് കഴിഞ്ഞ മാർച്ചിൽ മിനിലോറി വാങ്ങിയത്. വണ്ടിക്ക് ഡ്രൈവറെ

നിശ്ചയിക്കാനുള്ള ഇൻറർവ്വ്യു ആഗസ്ത് 27 ന് തീരുമാനിച്ച് പത്രത്തിൽ പരസ്യം കൊടുത്തെങ്കിലും യു.ഡി.എഫിലെ തർക്കം കാരണം തലേ ദിവസം കാരണം പറയാതെ മാറ്റിവെച്ചതായും പരാതി ഉയരുന്നുണ്ട്. ഹരിത കർമ്മ സേനാംഗങ്ങൾ വീടുകളിൽ നിന്ന് പിരിക്കുന്ന യൂസർ ഫീയിൽ നിന്ന് വണ്ടി കൂലി നൽകിയാണ് മാലിന്യം കയറ്റുന്നത്. സ്വന്തം

വണ്ടിയുണ്ടായിട്ടും ഉപയോഗിക്കാതെ ഖജനാവിലെ പണം ചെലവഴിക്കുന്നതിനെതിരെ വ്യാപക പരാതി ഉയർന്ന് വരികയാണ്. എത്രയും പെട്ടെന്ന് ഡ്രൈവറെ നിശ്ചയിച്ച് വണ്ടി പുറത്തിറക്കാനാവശ്യമായ നടപടി ഉണ്ടാവണമെന്ന് പഞ്ചായത്ത് സ്റ്റാൻ്റിഗ് കമ്മിറ്റി ചെയർമാൻ ടി.വി. കുഞ്ഞിരാമൻ പഞ്ചായത്ത് പ്രസിഡണ്ടിന് നൽകിയ കത്തിൽ ആവശ്യപ്പെട്ടു.