ന്യൂഡല്‍ഹി: പാകിസ്ഥാന്‍, പാക് അധീന കശ്മീര്‍ (പിഒകെ) എന്നിവിടങ്ങളിലെ ഭീകരര്‍ക്കെതിരായ വ്യോമ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ഇപ്പോഴും തുടരുകയാണെന്ന് ഇന്ത്യന്‍ വ്യോമ സേന. വിശദമായ വിവരങ്ങള്‍ യഥാസമയം നല്‍കുമെന്നും വ്യോമ സേന എക്‌സ് പോസ്റ്റിലൂടെ വ്യക്തമാക്കി. ഇന്ത്യയും പാകിസ്ഥാനും തമ്മില്‍ വെടിനിര്‍ത്തല്‍ കരാറുണ്ടായി മണിക്കൂറുകള്‍ക്കു പിന്നാലെയാണ് ഓപ്പറേഷന്‍ സിന്ദൂര്‍ തുടരുകയാണെന്ന് വ്യോമ സേന വ്യക്തമാക്കിയത്.
‘ഓപ്പറേഷന്‍ സിന്ദൂരില്‍ ഇന്ത്യന്‍ വ്യോമസേനയെ (IAF) ഏല്‍പിച്ച ചുമതലകള്‍ കൃത്യതയോടെയും പ്രൊഫഷണലിസത്തോടെയും വിജയകരമായി നിര്‍വഹിച്ചു. ദേശീയ ലക്ഷ്യങ്ങളുമായി യോജിപ്പിച്ച്, വിവേകപൂര്‍ണമായ രീതിയിലാണ് പ്രവര്‍ത്തനങ്ങള്‍ നടത്തിയത്. പ്രവര്‍ത്തനം ഇപ്പോഴും തുടരുന്നതിനാല്‍, എല്ലാ കാര്യങ്ങളും യഥാസമയം വ്യക്തമാക്കുന്നതാണ്. സ്ഥിരീകരിക്കാത്ത വിവരങ്ങളില്‍ നിന്നും ഊഹാപോഹങ്ങളില്‍ നിന്നും പ്രചാരണങ്ങളില്‍ നിന്നും വിട്ടുനില്‍ക്കാന്‍ വ്യോമസേന എല്ലാവരോടും അഭ്യര്‍ത്ഥിക്കുകയാണെന്ന് വ്യോമസേന ഔദ്യോഗിക എക്‌സ് ഹാന്‍ഡിലിലൂടെ അറിയിച്ചു.
26 സാധാരണക്കാരുടെ മരണത്തിനിടയാക്കിയ പഹല്‍ഗാം ഭീകരാക്രമണത്തെത്തുടര്‍ന്ന്, ഓപ്പറേഷന്‍ സിന്ദൂരിന്റെ കീഴില്‍ പാകിസ്ഥാനിലെയും പാക് അധീന കശ്മീരിലെയും ഒമ്പത് ഭീകര കേന്ദ്രങ്ങളില്‍ ഇന്ത്യ പ്രവഹരമേല്‍പിച്ചു. ആക്രമണങ്ങളില്‍ ജെയ്ഷെ മുഹമ്മദ് തലവന്‍ മസൂദ് അസറിന്റെ 10 കുടുംബാംഗങ്ങളും നാല് അടുത്ത സഹായികളും കൊല്ലപ്പെട്ടു.