മണിയൂർ: മണിയൂർ പഞ്ചായത്തിൻ്റെ വിവിധ ഭാഗങ്ങളിൽ കാട്ടുപന്നി ശല്യം രൂക്ഷം. കാർഷിക വിളകൾ നശിപ്പിക്കുന്ന പന്നിക്കൂട്ടം മനുഷ്യർക്ക് നേരെയും അക്രമണം തുടങ്ങിയതോടെ ഭയത്തിലാണ് പ്രദേശത്തുകാർ. മുടപ്പിലാവിൽ
തൂണൂറക്ഷേത്രത്തിനടുത്തുള്ള കാട് പിടിച്ചു കിടക്കുന്ന തൂണൂറ മലയാണ് കാട്ടുപന്നികളുടെ താവളം. ജനസമ്പർക്കമില്ലാത്ത വിജനമായ ഈ മലയിലെ കാട്ടിലാണ് പന്നികൾ പെറ്റ് പെരുകുന്നത്. മലയുടെ താഴ്വരയിലുള്ള കുറുന്തോടി, മന്തരത്തൂർ, മുടപ്പിലാവിൽ, കീഴൽ പ്രദേശങ്ങളിൽ പകൽ സമയത്തും പന്നിയിറങ്ങുന്നുണ്ട്. കപ്പ, കാച്ചിൽ, ചേന, തുടങ്ങിയ കാർഷിക വിളകൾ വിളവെടുക്കാൻ കിട്ടാത്ത സ്ഥിതിയാണെന്ന് നാട്ടുകാർ പറയുന്നു. രാത്രി സമയമായാൽ പുറത്തിറങ്ങാൻ തന്നെ ആളുകൾക്ക് ഭയമാണ്. ആളൊഴിഞ്ഞ പറമ്പുകളും ഇടവഴികളും കാട് പിടിച്ചു കിടക്കുന്നതിനാൽ പകലും ഇവിടങ്ങൾ താവളമാക്കുകയാണ് പന്നിക്കൂട്ടം. കുറ്റ്യാടി ജലസേചന പദ്ധതിയുടെ മണിയൂർ ബ്രാഞ്ച് കനാൽ തൂണൂറ മലയുടെ ചെരിവിലൂടെയാണ് കടന്നു പോകുന്നത്. കടുത്ത വേനലിലും കുടിവെള്ളം ലഭിക്കുന്നതിനാൽ വേനൽക്കാലത്തും പന്നികൾക്ക് ഈ താവളം വിട്ടുപോകേണ്ടി വരുന്നില്ല. കുറുന്തോടിയിൽ തൊഴിലുറപ്പ് തൊഴിലാളികൾക്ക് നേരെയുള്ള കാട്ടുപന്നി ആക്രമണത്തിൽ കിഴക്കേടത്ത് ശബ്നയ്ക്ക്
പരിക്ക് പറ്റിയിരുന്നു. വീട്ടുപറമ്പിലേക്ക് ഓടിക്കയറിയ പന്നിയുടെ അക്രമണത്തിൽ നിന്ന് മുടപ്പിലാവിലെ വട്ടക്കണ്ടിയിൽ സന്ധ്യ തലനാരിഴക്കാണ് രക്ഷപ്പെട്ടത്. രാത്രി പന്നിക്കൂട്ടത്തെ പട്ടികൾ ഓടിച്ചപ്പോൾ പറമ്പത്ത് ദിനേശൻ്റെ വീട്ടിനകത്തേക്ക് പന്നിക്കുട്ടി ഓടിക്കയറിയ സംഭവുമുണ്ടായി. കഴിഞ്ഞ ദിവസം പൊന്നിയത്ത് മാപ്പിള യു.പി സ്കൂളിനടുത്ത് പറമ്പിലേക്ക് വളവും കൊണ്ട് വന്ന കച്ചേരിത്താഴക്കുനി മോളിക്ക് നേരെ ആക്രമണമുണ്ടായി. കൈക്ക് പരിക്ക് പറ്റിയ ഇവരെ ഓടിക്കൂടിയ നാട്ടുകാരാണ് രക്ഷപ്പെടുത്തിയത്. എളമ്പിലാട് കിണറിൽ വീണ കാട്ടുപന്നിയെ വെടിവെച്ച് കൊന്നിരുന്നു. തൊഴിലുറപ്പ് പദ്ധതിയിൽ ഉൾപ്പെടുത്തി കാട് വെട്ടിത്തെളിക്കാനും, കാട്ടുപന്നികളെ വെടിവെച്ച് കൊല്ലാനുള്ള നടപടികൾ പഞ്ചായത്ത് അധികൃതരുടെ ഭാഗത്ത് നിന്നുണ്ടാവണമെന്ന ആവശ്യമുയർന്നിട്ടുണ്ട്. മണിയൂർ പഞ്ചായത്തിൽ ഉപദ്രവകാരികളായ കാട്ടുപന്നികളെ വെടിവെക്കാൻ നടപടിക്രമങ്ങൾ നടന്നുവരികയാണ് എന്ന് പഞ്ചായത്ത് പ്രസിഡന്റ് ടി.കെ.അഷറഫ് പറഞ്ഞു. ഏറാമല,
വില്യാപ്പള്ളി, ആയഞ്ചേരി, തുടങ്ങിയ പഞ്ചായത്തുകളിലും കാട്ടിപന്നികൾ വ്യാപകമായി ബുദ്ധിമുട്ടുണ്ടാക്കുന്നുണ്ട്. ഏറാമല പഞ്ചായത്തിന്റെ നേതൃത്വത്തിൽ അഞ്ച് പന്നികളെ കഴിഞ്ഞദിവസം വെടിവെച്ചു കൊന്നിരുന്നു.


