നാദാപുരം: നാദാപുരം ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതിയില്‍ നിന്നു മോഷ്ടിച്ച വ്യാജ സ്വര്‍ണ ഉരുപ്പടികള്‍ ബാങ്കില്‍ പണയപ്പെടുത്തി പണം തട്ടിയ കേസില്‍ പ്രതി പിടിയില്‍. കോഴിക്കോട്, കാസര്‍കോട് ജില്ലകളിലെ കുപ്രസിദ്ധ മോഷ്ടാവ് ചൊക്ലിയില്‍ താമസിക്കും കുണ്ടുതോട് വട്ടിപ്പാറ സ്വദേശി നാലൊന്ന് കാട്ടില്‍ സനീഷ് ജോര്‍ജാണ് (44) പിടിയിലായത്. മാഹിയിലെ ദേശസാല്‍കൃത ബാങ്കില്‍ വ്യാജ സ്വര്‍ണ ഉരുപ്പടികള്‍ പണയപ്പെടുത്തി ഒരു ലക്ഷത്തി എണ്‍പത്തി ആറായിരം രൂപയാണ് ഇയാള്‍ തട്ടിയെടുത്തത്.
ഏപ്രില്‍ 17നാണ് കല്ലാച്ചിയിലെ നാദാപുരം ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതിയുടെ സ്ട്രോങ്ങ് റൂമില്‍ മോഷണം നടന്നത്. നാദാപുരം, വളയം പോലീസ് സ്റ്റേഷനുകളില്‍ രജിസ്റ്റര്‍ ചെയ്ത കേസുകളില്‍ തൊണ്ടിമുതലായി പിടികൂടിയ വ്യാജ സ്വര്‍ണ ഉരുപ്പടികളാണ് കോടതിയില്‍ നിന്നു മോഷണം പോയത്. പോലീസ് അന്വേഷണം നടക്കുന്നതിനിടെ സനീഷ് ജോര്‍ജിനെ കാസര്‍കോട് വിദ്യാനഗര്‍ പോലീസ് വിവിധ മോഷണക്കേസുകളിലായി പിടികൂടിയിരുന്നു. ഈ കേസുകളില്‍ ചോദ്യം ചെയ്യുന്നതിനിടെയാണ് നാദാപുരം കോടതിയില്‍ കവര്‍ച്ച നടത്തിയത് ഇയാളാണെന്ന് വ്യക്തമായത്. തുടര്‍ന്ന് നാദാപുരം പോലീസ് പ്രൊഡക്ഷന്‍ വാറണ്ടില്‍ സനീഷ് ജോര്‍ജിനെ കസ്റ്റഡിയില്‍ വാങ്ങി തെളിവെടുപ്പ് നടത്തി. ഇതിനിടയിലാണ് കോടതിയില്‍ നിന്നു കവര്‍ന്ന വ്യാജ ഉരുപ്പടികള്‍ മാഹിയില്‍ പണയം വെച്ചതായി ഇയാള്‍ പോലീസിന് മൊഴി നല്‍കിയത്. 40 ഗ്രാമിലേറെ വ്യാജ സ്വര്‍ണ ഉരുപ്പടികളാണ് മാഹി ബാങ്കില്‍ പണയപ്പെടുത്തിയത്. ഇവ പോലീസ് ബാങ്കില്‍ നിന്നു കസ്റ്റഡിയിലെടുത്തിട്ടുണ്ട്.
നാദാപുരം സ്വദേശി മാക്കൂല്‍ റയീസ്, വാണിമേല്‍ സ്വദേശി ഇസ്മായില്‍ എന്നിവരാണ് നാദാപുരത്തെ വിവിധ സഹകരണ ബാങ്കുകളില്‍ നേരത്തെ വ്യാജ സ്വര്‍ണം പണയപ്പെടുത്തിയത്. പോലീസ് അന്വേഷണത്തിന്റെ ഭാഗമായി സഹകരണ ബാങ്കുകളില്‍ നിന്ന് പണയ ഉരുപ്പടികള്‍ കസ്റ്റഡിയിലെടുക്കുകയും കോടതിക്ക് കൈമാറുകയുമായിരുന്നു. ഇവയാണ് സ്വര്‍ണമെന്ന് കരുതി സനീഷ് ജോര്‍ജ് മോഷ്ടിച്ചതും മാഹി ബാങ്കില്‍ പണയം വെച്ചതും. കാസര്‍കോട് ജില്ലയില്‍ മാത്രം 20 ലേറെ മോഷണ കേസുകളില്‍ പ്രതിയാണ് സനീഷ് ജോര്‍ജ്.