വടകര: വീണ്ടുമൊരു ഏപ്രില്‍ 30. അനശ്വരരായ ഒഞ്ചിയം രക്തസാക്ഷികള്‍ക്ക് നാടിന്റെ സ്മരണാഞ്ജലി. 1948 ഏപ്രില്‍
30നാണ് ഒഞ്ചിയത്തെ എട്ടു പേര്‍ പോലീസ് വെടിയേറ്റു മരിച്ചത്. ഈ ഉജ്വല സ്മരണയില്‍ സിപിഎം, സിപിഐ നേതൃത്വത്തില്‍ ഒഞ്ചിയം രക്തസാക്ഷി ദിനം ആചരിച്ചു. രാവിലെ ഒഞ്ചിയം രക്തസാക്ഷി സ്‌ക്വയറില്‍ നിന്നു നേതാക്കളും പ്രവര്‍ത്തകരും രക്തസാക്ഷികള്‍ അന്ത്യവിശ്രമംകൊള്ളുന്ന പുറങ്കര കടപ്പുറത്തേക്ക് സ്മൃതി പ്രയാണം നടത്തി. പിന്നീട് പുറങ്കരയിലെ ബലികുടീരത്തില്‍ പുഷ്പാര്‍ച്ചന നടത്തുകയും പ്രതിജ്ഞ പുതുക്കുകയും ചെയ്തു. സിപിഎം ജില്ലാ സെക്രട്ടറി എം.മെഹബൂബ് ഉദ്ഘാടനം ചെയ്തു. സിപിഐ മണ്ഡലം
സെക്രട്ടറി എന്‍.എം ബിജു അധ്യക്ഷത വഹിച്ചു. ജില്ലാ അസി. സെക്രട്ടറി പി.ഗവാസ്, ആര്‍.ഗോപാലന്‍, സി.ഭാസ്‌കരന്‍, ടി.പി ഗോപാലന്‍, കെ.പുഷ്പജ, ആര്‍.സത്യന്‍, ടി.പി ബിനീഷ്, പി.സുരേഷ് ബാബു തുടങ്ങിയവര്‍ സംസാരിച്ചു. വി.പി ഗോപാലകൃഷ്ണന്‍ രക്തസാക്ഷി പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. കെ.സി പവിത്രന്‍ സ്വാഗതം പറഞ്ഞു.


