നാദാപുരം: അതിര് വിട്ട വിവാഹ ആഘോഷങ്ങള്‍ നിയന്ത്രിക്കുമെന്ന പോലിസ് തീരുമാനങ്ങള്‍ക്ക് പുല്ല് വില. കല്ലാച്ചി-വളയം റോഡില്‍ വീണ്ടും നടുറോഡില്‍ പടക്കം
പൊട്ടിക്കല്‍. വളയം റോഡില്‍ കുരുന്നം കണ്ടി മുക്കിലാണ് അതിര് വിട്ട വിവാഹ ആഘോഷം നടത്തി അപകടകരമായി പടക്കങ്ങള്‍ പൊട്ടിച്ചത്. തിങ്കളാഴ്ച വൈകുന്നേരം ആറ് മണിയോടെ ആണ് സംഭവം. നാദാപുരം പോലീസ് സ്റ്റേഷന് സമീപത്തെ വധൂ ഗൃഹത്തില്‍ നിന്ന് കുരുന്നം കണ്ടി മുക്കിലെ വരന്റെ വീട്ടില്‍ വിവാഹ സംഘം മടങ്ങി എത്തിയ ഉടന്‍ ആണ്
റോഡില്‍ വാഹനങ്ങള്‍ തടസ്സപ്പെടുത്തി അപകടകരമായ വിധത്തില്‍ മാലപ്പടക്കം റോഡില്‍ ഇട്ട് തീ കൊടുത്ത് പൊട്ടിച്ചത്. പടക്കം പൊട്ടി തീരുന്നത് വരെ ഇരുവശത്തും വാഹനഗതാഗതം തടസ്സപ്പെട്ടു. രണ്ട് ദിവസം മുമ്പ് നാദാപുരം മേഖലയിലെ അതിര് കടന്ന വിവാഹ ആഘോഷങ്ങള്‍ക്ക് എതിരെ ശക്തമായ നടപടി സ്വീകരിക്കുമെന്ന് നാദാപുരം പോലീസ് സ്റ്റേഷനില്‍ വിളിച്ച്
ചേര്‍ത്ത സമാധാന യോഗത്തില്‍ തീരുമാനം എടുത്തിരുന്നു. ഇതിന് പിന്നാലെയാണ് നിയമങ്ങള്‍ കാറ്റില്‍ പറത്തി വീണ്ടും വാഹനങ്ങള്‍ക്കും യാത്രക്കാര്‍ക്കും അപകടകരമായ രീതിയില്‍ റോഡില്‍ പടക്കങ്ങള്‍ പൊട്ടിച്ചത്. സംഭവം നാട്ടുകാര്‍ ചിത്രങ്ങള്‍ സഹിതം പോലീസിന്റെ ശ്രദ്ധയില്‍ പെടുത്തി.



