കൊയിലാണ്ടി: കേന്ദ്ര-സംസ്ഥാന സര്‍ക്കാറുകളുടെ പങ്കാളിത്തത്തോടെ പ്രധാനമന്ത്രി മത്സ്യസമ്പദ് യോജന (പിഎംഎംഎസ്വൈ) പദ്ധതിയില്‍ ഉള്‍പ്പെടുത്തി നടപ്പാക്കുന്ന കൊയിലാണ്ടി മത്സ്യബന്ധന തുറമുഖത്തിന്റെ രണ്ടാംഘട്ട വികസനപ്രവര്‍ത്തനങ്ങള്‍ 2025 മേയില്‍ പൂര്‍ത്തീകരിക്കാന്‍ കഴിയുമെന്ന് പ്രതീക്ഷിക്കുന്നതായി ഫിഷറീസ് മന്ത്രി സജി ചെറിയാന്. പിഎംഎംഎസ്വൈ പദ്ധതിയില്‍ ഉള്‍പ്പെടുത്തി ദേശീയതലത്തില്‍ നടപ്പാക്കുന്ന 77,000 കോടി രൂപയുടെ വിവിധ പദ്ധതികള്‍ പ്രധാനമന്ത്രി നരേന്ദ്രമോദി ഓണ്‍ലൈനായി

ഉദ്ഘാടനം ചെയ്തതിന്റെ കൊയിലാണ്ടി തുറമുഖത്ത് നടന്ന പ്രാദേശികതല യോഗത്തില്‍ അധ്യക്ഷത വഹിച്ചു സംസാരിക്കുകയായിരുന്നു മന്ത്രി. കേരളത്തില്‍ നിന്ന് കൊയിലാണ്ടി തുറമുഖത്തിന്റെ രണ്ടാംഘട്ട വികസനവും പുതിയാപ്പ മത്സ്യബന്ധന തുറമുഖത്തിന്റെ പുനരുദ്ധാരണവും ഉള്‍പ്പെടെ അഞ്ചു പദ്ധതികളാണ് 77,000 കോടിയുടെ പദ്ധതിയില്‍ ഉള്‍പ്പെടുന്നത്. കൊയിലാണ്ടിക്കാരുടെ സ്വപ്ന പദ്ധതിയാണ് കൊയിലാണ്ടി മത്സ്യബന്ധന തുറമുഖമെന്ന് ഓണ്‍ലൈനായി നടത്തിയ പ്രസംഗത്തില്‍ മന്ത്രി സജി ചെറിയാന് പറഞ്ഞു.

രണ്ടാംഘട്ട വികസന പ്രവര്‍ത്തനങ്ങള്‍ ടെന്‍ഡര്‍ ചെയ്ത് യുഎല്‍സിസി ഏറ്റെടുത്തതായും പ്രവൃത്തികള്‍ ഏറെക്കുറെ അന്തിമഘട്ടത്തില്‍ ആണെന്നും പരിപാടിയില്‍ സംസാരിച്ച കാനത്തില്‍ ജമീല എംഎല്‍എ ചൂണ്ടിക്കാട്ടി. കൊയിലാണ്ടിയിലേത് വലിയ തുറമുഖം ആണെങ്കിലും ഓരോ ദിവസം കഴിയുന്തോറും ബോട്ടുകളുടെ എണ്ണം കൂടിവരുന്നതും മറ്റു പ്രശ്നങ്ങളും മത്സ്യത്തൊഴിലാളികള്‍ ശ്രദ്ധയില്‍പ്പെടുത്തിയിരുന്നു. ലേലപ്പുരയുടെ സ്ഥലപരിമിതി, വാഹനങ്ങള്‍ തുറമുഖത്ത് പ്രവേശിച്ചു മത്സ്യങ്ങള്‍ കയറ്റുമ്പോള്‍ ഉള്ള
പ്രശ്നങ്ങള്‍ എന്നിവയെല്ലാം ശ്രദ്ധയില്‍പ്പെട്ടതിനെ തുടര്‍ന്ന് ഇക്കാര്യം ഫിഷറീസ് മന്ത്രിയുടെ മുമ്പാകെ എത്തിച്ചിരുന്നു. ഇതേതുടര്‍ന്നാണ് തുടര്‍വികസനത്തിന് എസ്റ്റിമേറ്റ് തയ്യാറാക്കി

കേന്ദ്രസര്‍ക്കാരില്‍ സമര്‍പ്പിച്ചത്. രണ്ടാംഘട്ട വികസനത്തിന് 28 കോടി രൂപയാണ് അനുവദിച്ചതെന്ന് എംഎല്‍എ പറഞ്ഞു. ഇതില്‍ 60 ശതമാനം കേന്ദ്രഫണ്ടും ബാക്കി സംസ്ഥാന ഫണ്ടുമാണ്. പരിപാടിയില്‍ പന്തലായനി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പി ബാബുരാജ്, കൊയിലാണ്ടി നഗരസഭ പൊതുമരാമത്ത് സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്മാന് ഇ കെ അജിത്ത്, ക്ഷേമകാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്മാന് കെ ഷിജു, വാര്‍ഡ് കൗണ്‍സിലര്‍ വി പി ഇബ്രാഹിംകുട്ടി, രാഷ്ട്രീയപാര്‍ട്ടി നേതാക്കള്‍ എന്നിവര്‍ സംബന്ധിച്ചു. ഹാര്‍ബര്‍ എഞ്ചിനീയറിങ്ങ് വകുപ്പ് ഉത്തരമേഖല സൂപ്രണ്ടിങ് എന്‍ജിനീയര്‍ വിജി കെ തട്ടാമ്പുറം നന്ദി പറഞ്ഞു.