
വടകര: മടപ്പള്ളി ഗവണ്‍മെന്റ് കോളജിലെ ഇന്‍ഡോര്‍ സ്റ്റേഡിയം പണി പൂര്‍ത്തിയാക്കാനാവശ്യമായ ഫണ്ട് ലഭ്യമാക്കാനുള്ള നടപടി സ്വീകരിക്കണമെന്ന് താലൂക്ക്
വികസന സമിതി ആവശ്യപ്പെട്ടു. ആദ്യ ഘട്ടം പൂര്‍ത്തിയായി ആറ് വര്‍ഷം കഴിഞ്ഞിട്ടും തുടര്‍ പ്രവൃത്തിക്ക് ഫണ്ട് ലഭിക്കാത്തതാണ് പ്രവൃത്തി നിണ്ടു പോകാന്‍ കാരണം. ബാക്കി പ്രവൃത്തിക്ക് 5.33 കോടിയുടെ എസ്റ്റിമേറ്റ് സര്‍ക്കാറില്‍ സമര്‍പ്പിച്ചെങ്കിലും ഫണ്ട് കിട്ടിയില്ലെന്ന് വിഷയം ഉന്നയിച്ച സമിതി അംഗം പി പി രാജന്‍ ചൂണ്ടിക്കാട്ടി. മലബാറിലെ പ്രമുഖകലാലയമായ മടപ്പള്ളി കോളേജില്‍ വിവിധോദ്ദേശ്യ ഇന്‍ഡോര്‍ സ്റ്റേഡിയം നിര്‍മിക്കാന്‍ റുസ (രാഷ്ട്രീയ ഉച്ചതാര്‍ ശിക്ഷാ അഭിയാന്‍) പദ്ധതിപ്രകാരമാണ്
ഏഴുവര്‍ഷംമുന്‍പ് . ഫണ്ട് ലഭിച്ചത്. 75 ലക്ഷം രൂപയാണ് അനുവദിച്ചത്. ഇതുപ്രകാരം കോളജിന്റെ മുന്നിലാണ് ആദ്യം ഇന്‍ഡോര്‍ സ്റ്റേഡിയം ഉദ്ദേശിച്ചതെങ്കിലും ബൊട്ടാണിക്കല്‍ ഗാര്‍ഡനെ ബാധിക്കുമെന്നതിനാല്‍ മൈതാനത്തിന് പിന്നിലെ സ്ഥലത്താക്കി.
ദേശീയപാതയില്‍ അഴിയൂര്‍ മുതല്‍ മുരാട് വരെ ബസ്സോട്ടം സര്‍വീസ് റോഡിലൂടെയാവണമെന്ന് യോഗം ആവശ്യപ്പെട്ടു. പലപ്പോഴും ഭാഗികമായി പുര്‍ത്തിയായ നാല് വരി പാതയിലൂടെ ബസ്സുകള്‍ പോവുന്നത് യാത്രക്കാര്‍ക്ക് ദുരിതമാവുകയാണ്. ഇതിനൊപ്പം അപകട സാധ്യതയും ഏറെയാണ്. യാത്രക്കാരുടെ പ്രശ്‌നം സമിതി അംഗം പ്രദീപ്
ചോമ്പാലയാണ് ഉന്നയിച്ചത്. നാദാപുരം താലൂക്ക് ആശുപത്രി മുതല്‍ കല്ലാച്ചി വരെ പൊതുമരാമത്ത് വകുപ്പിന് കീഴിലുള്ള റോഡിലെ കുഴികള്‍ അടക്കുമെന്ന് വകുപ്പ് പ്രതിനിധികള്‍ സമിതി അംഗം പി കെ ദാമുവിന്റെ പരാതിക്കുള്ള മറുപടിയില്‍ വ്യക്തമാക്കി. ഓര്‍ക്കാട്ടേരി ടൗണിലെ ഗതാഗതക്കുരുക്കിന് പരിഹാരം വേണമെന്ന് സമിതി അംഗം കളത്തില്‍ ബാബു ആവശ്യപ്പെട്ടു. സമിതി അംഗം പുറന്തോടത്ത് സുകുമാരന്‍ അധ്യക്ഷത വഹിച്ചു. തഹസില്‍ദാര്‍ കെ രതീഷ് കുമാര്‍ സംസാരിച്ചു.
















