
കാഞ്ചനസീത, തമ്പ്, കുമ്മാട്ടി, എസ്തപ്പാൻ, പോക്കുവെയിൽ, ചിദംബരം, ഒരിടത്ത് തുടങ്ങിയ അരവിന്ദൻ ചിത്രങ്ങളുടെ ഛായാഗ്രഹണം നിർവഹിച്ച അദ്ദേഹം മികച്ച ഛായാഗ്രാഹകനുള്ള ദേശീയ അവാർഡും മൂന്ന് സംസ്ഥാന അവാർഡുകളും നേടിയിട്ടുണ്ട്. കലാസാംസ്‌കാരിക രംഗത്തെ സംഭാവനയ്ക്കുള്ള ഫ്രഞ്ച് സർക്കാരിന്റെ അന്താരാഷ്ട്ര അംഗീകാരമായ ‘ദി ഓർഡർ ഓഫ് ആർട്സ് ആന്റ് ലെറ്റേഴ്സ്’ പുരസ്‌കാരവും ലഭിച്ചിട്ടുണ്ട്. 2010ൽ രാജ്യം പദ്‌മശ്രീ നൽകി ആദരിച്ചിരുന്നു. 1998ൽ രൂപം കൊണ്ട കേരള സംസ്ഥാന ചലച്ചിത്ര അക്കാഡമിയുടെ ആദ്യ ചെയർമാൻ ആയിരുന്നു.
അദ്ദേഹത്തിന്റെ ചലച്ചിത്ര സംഭാവനകളോടുള്ള ആദരവായി സംസ്ഥാനത്തിന്റെ ഏറ്റവും വലിയ ചലച്ചിത്ര പുരസ്കാരമായ ജെ.സി.ഡാനിയൽ പുരസ്കാരം നൽകി ആദരിച്ചത് ഏപ്രിൽ 16നായിരുന്നു. കുട്ടിസ്രാങ്ക്, സ്വപാനം, നിഷാദ്, ഓള് എന്നിവയാണ് ശ്രദ്ധേയമായ മറ്റ് സിനിമകൾ. 40ഓളം ചിത്രങ്ങളുടെ ഛായാഗ്രാഹകനുമാണ് ഷാജി എൻ കരുൺ.
1952 പുതുവത്സരദിനത്തിൽ പെരിനാടിനു സമീപം കണ്ടച്ചിറയിൽ കരുണാകരന്റെയും ചന്ദ്രമതിയുടെയും മൂത്ത മകനായി ഷാജി നീലകണ്ഠൻ കരുണാകരൻ എന്ന ഷാജി എൻ കരുൺ ജനിച്ചു. 1963ൽ കുടുംബം തിരുവനന്തപുരത്ത് താമസമാക്കി. യൂണിവേഴ്സിറ്റി കോളേജിൽനിന്ന് ബിരുദവും 1974ൽ പുനെ ഫിലിം ഇൻസ്റ്റിറ്റ്യൂട്ടിൽ നിന്ന് ഛായാഗ്രഹണത്തിൽ ഡിപ്ലോമയും നേടി.
ഭാര്യ: അനസൂയ വാര്യര്‍. മക്കൾ അനിൽ (ഐസർ, തിരുവനന്തപുരം ) അപ്പു.(ജർമ്മനി). മരുമക്കൾ: ഡോ.നീലിമ (സൈക്കോളിജിസ്റ്റ് ഐസർ ), ശീതൾ (സൈബർ സ്പെഷ്യലിസ്റ്റ്, ജർമ്മനി)
