വടകര: ലോക്സഭാ തെരഞ്ഞെടുപ്പില്‍ തെല്ലും അഹങ്കാരമില്ലാത്ത തികഞ്ഞ ആത്മവിശ്വാസമാണ് തനിക്കുള്ളതെന്ന് യുഡിഎഫ് സ്ഥാനാര്‍ഥി ഷാഫി പറമ്പില്‍ പറഞ്ഞു. നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ചശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഞാന്‍ സ്ഥാനാര്‍ഥിയായി ഇവിടെ വന്നിറങ്ങിയതു മുതല്‍ വടകര നല്‍കുന്നത് നിറഞ്ഞ സ്നേഹവും അകമഴിഞ്ഞ പിന്തുണയും ആണ്. അത് അന്നത്തെ സ്വീകരണ പരിപാടികൊണ്ടോ അതുകഴിഞ്ഞുള്ള റോഡ്ഷോ കൊണ്ടോ അവസാനിക്കുന്ന ഒന്നായിരുന്നില്ല. മണ്ഡലത്തിന്റെ ഓരോ ഭാഗത്തും വര്‍ധിച്ച ആവേശത്തോടെയും
ആത്മാര്‍ഥതയോടെയും വോട്ടര്‍മാര്‍ ഞങ്ങള്‍ക്കൊപ്പമുണ്ട്. ഈ പൊള്ളുന്ന വെയിലിനെ വകവെക്കാതെ ആയിരക്കണക്കിന് അമ്മമാരും സഹോദരിമാരുമാണ് നോമിനേഷന് നല്കാന് എനിക്കൊപ്പം എത്തിയത്,മതേതരത്വവും രാജ്യത്തിന്റെ ഐക്യവും സംരക്ഷിക്കാനുള്ള പോരാട്ടമാണിത്. അങ്ങനെ വിശ്വസിക്കുന്നവരുടെ പിന്തുണ ഞങ്ങള്‍ തേടുന്നു. അവരുടെ വോട്ടുകൊണ്ടുതന്നെ ഈ തെരഞ്ഞെടുപ്പ് ജയിക്കാന്‍ കഴിയും. തെരഞ്ഞെടുപ്പ് ജയിക്കാന്‍ ഒരിക്കലും മതം ഉപയോഗിച്ചിട്ടില്ല. തികഞ്ഞ മതേതര വോട്ടുകള്‍കൊണ്ട് ഞങ്ങള്‍ ഈ തെരഞ്ഞെടുപ്പിനെ നേരിടും.മോര്‍ഫിങ് ചെയ്തു എന്നൊക്കെ
ആര്‍ക്കെങ്കിലും പരാതി ഉണ്ടെങ്കില്‍ നല്‍കാം. അങ്ങനെ ചെയ്തിട്ടുണ്ടെങ്കില്‍ കേസും എടുക്കാം. അത്തരത്തില്‍ എതിരാളിക്ക് ഗുണം കിട്ടുന്ന ഒരുകാര്യം ഞാന്‍ ചെയ്യുമോ? 22 വര്‍ഷം മുന്‍പ് കെഎസ് യു കൊടിപിടിച്ചു വന്നവനാണ്. 13 വര്‍ഷമായി നിയമസഭാ അംഗമാണ്. 15 വര്‍ഷമായി നവമാധ്യമങ്ങളില്‍ ഇടപെടുന്നു. ഇക്കാലയളവില്‍ ആരെയെങ്കിലും അപകീര്‍ത്തിപ്പെടുത്തിയെന്ന് കാണിക്കാമോ?സ്വര്‍ണക്കടത്ത്, ഡോളര്‍കടത്ത് ഉള്‍പ്പെടെ വിഷയങ്ങള്‍ അസംബ്ലിയില്‍ അവതരിപ്പിച്ചിട്ടുണ്ട്. അന്നൊന്നും നിറംപിടിപ്പിച്ച കഥകളുടെ പിന്നാലെയല്ല പോയത്. വസ്തുതാപരമായ ചോദ്യങ്ങളാണ് ചോദിച്ചത്.മോര്‍ഫിങ് എന്ന വിഷയത്തിലേക്ക് എന്നെ വലിച്ചിഴച്ചത് തരംതാണ നടപടി ആയിപ്പോയി. സത്യത്തില്‍ ഞാനാണ് നിയമനടപടി സ്വീകരിക്കേണ്ടത്. ഞാന്‍ അറിയാത്ത ഒരു കാര്യം എന്റെ പേരില്‍
ആരോപിച്ച് വാര്‍ത്ത നല്‍കിയതിന് ഞാനാണ് പരാതി നല്‍കേണ്ടത്. മണ്ഡലത്തിന്റെ പല ഭാഗങ്ങളിലും പോസ്റ്ററുകളില്‍നിന്ന് എന്റെ തലവെട്ടുന്നു. ക്ഷേത്രത്തില്‍ ഉത്സവത്തിന് പോയപ്പോള്‍ പ്രതിഷേധിക്കുന്നു. അതൊക്കെ ഞങ്ങള്‍ ജനങ്ങള്ക്കുവിട്ടു. ഇതുകൊണ്ടൊന്നും പിന്തിരിപ്പിക്കാന് കഴിയില്ല. ചോദിക്കേണ്ട ചോദ്യങ്ങള്‍ ഞങ്ങള്‍ ചോദിക്കും. അതിന് ജനാധിപത്യവും നിയമപരവുമായ വഴികളാണ് ഉപയോഗിക്കുക. മറ്റു ചില സംഘടനകളുടെ പിന്തുണ ഞങ്ങള്‍ക്കുണ്ട് എന്നുപറഞ്ഞും ചില പോസ്റ്ററുകള്‍ പ്രചരിപ്പിക്കുന്നുണ്ട്. അവയും അന്വേഷണ പരിധിയില്‍ വരണം.ബിജെപി സംസ്ഥാന പ്രസിഡന്റ് കെ. സുരേന്ദ്രന് പത്രസമ്മേളനം നടത്തി പറഞ്ഞത് ഒരു നിലക്കും പാലക്കാട് ഉപതെരഞ്ഞെടുപ്പ് വരില്ല എന്നാണ്. വടകരയിലും തൃശൂരിലും കോണ്‍ഗ്രസ് തോല്‍ക്കും എന്നും പറഞ്ഞു. മഹാരാജാസില്‍ എസ്എഫ്ഐക്കാരന് കൊല്ലപ്പെട്ട കേസില്‍ ഫയല്‍ പോലും കാണാനില്ല. അതിനുശേഷം അവരുമായി പല പഞ്ചായത്തുകളിലും ഇവര്‍ ഭരണം പങ്കിട്ടു. എന്നാല്‍ ഇതൊന്നുമില്ലാതെതന്നെ തികഞ്ഞ മതേതര വോട്ടുകള്‍കൊണ്ട് ഞങ്ങള്‍ ഈ തെരഞ്ഞെടുപ്പിനെ നേരിടും- ഷാഫി പറമ്പില്‍ പറഞ്ഞു.